IndiaLatest

ഭാര്യമാര്‍ക്കെതിരെ പ്രകടനവുമായി തെരുവിലിറങ്ങി ഭര്‍ത്താക്കന്‍മാര്‍

“Manju”

മുംബൈ: ഭാര്യമാരില്‍ നിന്ന് തങ്ങള്‍ നേരിടുന്ന അനീതികള്‍ക്കെതിരെ പോരാട്ടവുമായി ഒരുകൂട്ടം ഭര്‍ത്താക്കന്‍മാര്‍!
ഭാര്യമാരുടെ പീഡനത്തിനെതിരെ നിയമ നിര്‍മാണം ആവശ്യപ്പെട്ട് ഇവര്‍ പ്രക്ഷോഭവും നടത്തി. കഴിഞ്ഞ ദിവസം ഭര്‍ത്താക്കന്‍മാര്‍ പ്രകടനവുമായി തെരുവിലിറങ്ങി. മഹാരാഷ്ട്രയിലെ ഔറം​ഗബാദിലാണ് വീട്ടിലെ അനീതികള്‍ക്കെതിരെ ഒരുകൂട്ടം ഭര്‍ത്താക്കന്‍മാര്‍ രം​ഗത്തിറങ്ങിയത്.
ഇണകളില്‍ സന്തുഷ്ടരല്ലാത്ത ചില ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ പരാതികള്‍ ഉന്നയിക്കുന്നതിനായി കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഔറംഗബാദില്‍ ഒരു ‘പത്നി പീഡിറ്റ്’ ആശ്രമം രൂപീകരിച്ച്‌ പ്രവര്‍ത്തനം നടത്തുന്നുണ്ട്. ഈ കൂട്ടായ്മയിലെ അം​ഗങ്ങളാണ് നിയമ നിര്‍മാണം ആവശ്യപ്പെട്ട് ഇപ്പോള്‍ പ്രക്ഷോഭവുമായി രം​ഗത്തെത്തിയത്.
സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനും ഏഴ് ജന്മങ്ങളിലും ഒരേ ഭര്‍ത്താവിനെ തന്നെ ലഭിക്കുന്നതിനും വേണ്ടി ഇന്ന് ഭാര്യമാര്‍ ‘വത് പൂര്‍ണിമ’ ആഘോഷിക്കുകയാണ്. ഇതിന്റെ ഭാ​ഗമായി സ്ത്രീകള്‍ ആല്‍മരങ്ങളെ ആരാധിക്കുന്നു. ഇതിന് ബദലായി ഇന്നലെ പുരുഷന്‍മാര്‍ ആല്‍മരത്തെ ആരാധിച്ചു വീണ്ടും അതേ ജീവിത പങ്കാളിയെ ലഭിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചതായി പത്നി പീഡിറ്റ് ആശ്രമത്തിന്റെ സ്ഥാപകന്‍ ഭാരത് ഫുലാരെ വ്യക്തമാക്കി.
സ്ത്രീ ശാക്തീകരണത്തിനായി നിരവധി നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അവ ദുരുപയോഗം ചെയ്യപ്പെടുകയാണെന്നു ഭാരത് പറയുന്നു. അതിനാല്‍ ഭര്‍ത്താക്കന്‍മാര്‍ നേരിടുന്ന അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ അവര്‍ക്കായി നിയമങ്ങള്‍ ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത ഇപ്പോള്‍ വര്‍ധിച്ചതായും ഭാരത് പറയുന്നു. അതിനാലാണ് തങ്ങള്‍ പ്രക്ഷോഭവുമായി രം​ഗത്തെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button