IndiaLatest

ക്ഷേത്രനിലം അടിച്ചുവാരി ദ്രൗപതി മുര്‍മു

“Manju”

ഭുവനേശ്വര്‍: രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിച്ചതിന് പിറ്റേ ദിവസവും ദ്രൗപതി മുര്‍മുവിന്റെ ജീവിത രീതികളില്‍ മാറ്റമൊന്നും വന്നിട്ടില്ല.ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അടുത്ത രാഷ്ട്രപതിയാവും എന്ന് ഏറെക്കുറെ ഉറപ്പായിട്ടും പതിവ് പോലെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ദ്രൗപതി മുര്‍മു പതിവ് രീതികള്‍ മാറ്റാന്‍ തയ്യാറായിട്ടില്ല. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ദ്രൗപതി മുര്‍മുവിനെ ബിജെപി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥിയെ ‘ഇസഡ് പ്ലസ്’ വലയത്തിലാക്കി കേന്ദ്രം സുരക്ഷ ഉറപ്പാക്കിയിരുന്നു.

വിശിഷ്ട വ്യക്തികള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്ന സുരക്ഷാ പരിരക്ഷയുടെ രണ്ടാമത്തെ റാങ്കിലുള്ളതാണ് ‘ഇസഡ് പ്ലസ്’ കാറ്റഗറി. സിആര്‍പിഎഫ് കമാന്‍ഡോകളാണ് സുരക്ഷ ഒരുക്കുന്നത്.ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ റായങ്പൂര്‍ ടൗണ്‍ഷിപ്പിലെ ഒരു ക്ഷേത്രത്തിന്റെ മുറ്റം വൃത്തിയാക്കുന്ന ദ്രൗപതി മുര്‍മുവിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയാണ്. സന്താള്‍ ഗോത്രവര്‍ഗ നേതാവായ മുര്‍മു ഇന്ന് വീട്ടിന് അടുത്തുള്ള മൂന്നോളം ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയിരുന്നു.

പൂര്‍ണ്ണന്ദേശ്വര്‍ ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തുന്നതിന് മുമ്പാണ് മുര്‍മു ചൂലെടുത്തു ക്ഷേത്ര പരിസരം വൃത്തിയാക്കിയത്. റൈരംഗ്പൂര്‍ പ്രജാപിത ബ്രഹ്മ കുമാരി ഈശ്വരീയ വിശ്വ വിദ്യാലയം സന്ദര്‍ശിച്ച മുര്‍മു അവിടെയും പ്രാര്‍ത്ഥന നടത്തി. ഒഡീഷയിലെ സ്ത്രീകള്‍ അവരുടെ വീടുകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും മുന്നിലെ തെരുവുകള്‍ തൂത്തുവാരുന്നത് വളരെ സാധാരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സമീര്‍ മൊഹന്തി അഭിപ്രായപ്പെട്ടു.

Related Articles

Back to top button