IndiaLatest

50 കാരനില്‍ ഗൊണോറിയയുടെ പുതിയ വകഭേദം കണ്ടെത്തി

“Manju”

സിഡ്‌നി : ഓസ്‌ട്രേലിയയില്‍ ഒരാളില്‍ മാരകമായ ഗൊണോറിയയുടെ പുതിയ വകഭേദം കണ്ടെത്തിയതായി റിപോര്‍ട്. 50 കാരനായ ഇയാള്‍ക്ക് സൂപര്‍-ഗൊണോറിയ (Super Gonorrhea) പിടിപെട്ടതായി ശാസ്ത്രജ്ഞര്‍ യൂറോ സര്‍വൈലന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

സുരക്ഷാമാര്‍ഗം (Condom) ഉപയോഗിക്കാതെ കംബോഡിയയിലെ ലൈംഗികത്തൊഴിലാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് രോഗം പിടിപെട്ടതെന്നാണ് പറയുന്നത്.  ഇയാള്‍ യാത്ര കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ മൂത്രമൊഴിക്കുന്നതിനിടെ സ്വകാര്യഭാഗത്ത് വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗൊണോറിയ കണ്ടെത്തിയത്. ഗൊണോറിയയുടെ ചികിത്സയ്ക്കായി സാധാരണ നല്‍കുന്ന അസിത്രോമൈസിന്‍ ഈ വ്യക്തിയില്‍ ഫലം കണ്ടില്ല. ഇതിനുശേഷം നിരവധി ആന്റിബയോടികുകള്‍ നല്‍കിയെങ്കിലും അതും ഫലം ചെയ്തില്ല. ഇയാള്‍ ചികിത്സയിലാണെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്.

2018-ല്‍ പല രാജ്യങ്ങളിലും സൂപര്‍ ഗൊണോറിയ വകഭേദങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത് ഭേദമാക്കാന്‍ നല്‍കുന്ന ആന്റിബയോടികുകള്‍ പോലും ഇവരില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പറയുന്നത്. എന്താണ് ഗൊണോറിയ: ലൈംഗികമായി പകരുന്ന അണുബാധയാണ് ഗൊണോറിയ. നെയ്‌സേറിയ ഗൊണോറിയേ (Neisseria gonorrhoeae) അല്ലെങ്കില്‍ ഗൊണോകോകസ് എന്ന ബാക്ടീരിയയാണ് ഇത് ഉണ്ടാക്കുന്നത്. ഇത് ‘ദി ക്ലാപ് എന്നും അറിയപ്പെടുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഒരു രോഗമാണിത്. ലിംഗത്തില്‍ നിന്നുള്ള സ്രവങ്ങളിലും യോനിയിലെ ദ്രാവകത്തിലുമാണ് ഈ ബാക്ടീരിയ പ്രധാനമായും കാണപ്പെടുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഈ രോഗം ബാധിക്കാം. ഈ രോഗം മൂത്രനാളി, മലാശയം, തൊണ്ട എന്നിവയെ ബാധിക്കുന്നു. സ്ത്രീകളില്‍, പ്രത്യുത്പാദന അവയവങ്ങളെ ബാധിക്കുന്നു. രോഗബാധിതയായ സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ ജനിക്കുന്ന കുട്ടിയും ഇതിന് ഇരയാകാം. ഗൊണോറിയ കുഞ്ഞിന്റെ കണ്ണുകളെ ബാധിക്കും.

ക്ലമീഡിയ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലൈംഗികമായി പകരുന്ന രണ്ടാമത്തെ അണുബാധയാണിത്, 677,769 കേസുകള്‍ 2020-ല്‍ യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനില്‍ റിപോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ട്

ലക്ഷണങ്ങള്‍ : രോഗബാധയുണ്ടായി സാധാരണ 14 ദിസവത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. എന്നാല്‍ ചിലരില്‍ പ്രത്യേക ലക്ഷണങ്ങള്‍ കണ്ടെന്നുവരില്ല. യോനിയില്‍ നിന്നും ലിംഗത്തില്‍ നിന്നും പച്ചയോ മഞ്ഞയോ നിറത്തിലുള്ള സ്രവം, മൂത്രമൊഴിക്കുമ്ബോള്‍ വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. സ്ത്രീകളില്‍ യോനി സ്രവം വളരെ കൂടുതലായിരിക്കും. അടിക്കടി മൂത്രമൊഴിക്കാന്‍ തോന്നുക, ആര്‍ത്തവസയത്ത് കൂടുതല്‍ രക്തസ്രാവം. ഉണ്ടാവുക, തൊണ്ട ചൊറിച്ചില്‍, ലൈംഗിക ബന്ധത്തിലേര്‍പെപ്പെടുമ്ബോള്‍ വേദന, പനി തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവാം.

ചികിത്സ : ഗൊണോറിയയെ സാധാരണയായി ആന്‍റിബയോടിക് കുത്തിവയ്പ്പും ആന്‍റിബയോടിക് ഗുളികയും ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. ചികിത്സ ഒന്നോ രണ്ടോ ആഴ്ച എടുക്കും. രോഗി പൂര്‍ണമായി സുഖം പ്രാപിക്കുന്നതുവരെ ലൈംഗികബന്ധം ഒഴിവാക്കുന്നതാണ് ഉചിതം.

Related Articles

Back to top button