KeralaLatest

ഗുരുവിൻ്റെ ത്യാഗം പരമ്പരയുടെ അടിസ്ഥാനം: സ്വാമി ആത്മബോധ ജ്ഞാനതപസ്വി

“Manju”

പോത്തൻകോട് : ഗുരുവിന്റെ ത്യാഗമാണ് പരമ്പരയുടെ അടിസ്ഥാനമെന്നും കാലാകാലം ആ ത്യാഗം നിലനിൽക്കുമെന്നും ശാന്തിഗിരി ആശ്രമം തലശ്ശേരി ഏരിയ ഇൻചാർജ് (അഡ്മിനിസ്ട്രേഷൻ) സ്വാമി ആത്മബോധ ജ്ഞാനതപസ്വി പറഞ്ഞു. നവഒലിജ്യോതിർദിനം- 25 സർവ്വമംഗള സുദിനത്തോടനുബന്ധിച്ച് ശാന്തിഗിരി ആത്മവിദ്യാലയത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 21 ദിവസത്തെ പ്രഭാഷണ പരമ്പരയിൽ ഒമ്പതാം ദിവസം (ഏപ്രിൽ 22) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്വാമി. ആശ്രമം തേടിയുള്ള ഗുരുവിന്റെ ബാല്യകാലത്തെ യാത്രയിൽ കാലടി ആഗമാനന്ദ സ്വാമികളുടെ ആശ്രമത്തിൽ നിന്നും ഇറക്കിവിട്ടപ്പോഴുള്ള വേദനയെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്ന് ഒരിക്കൽ അഭിവന്ദ്യ ശിഷ്യപൂജിത ചോദിച്ചത് മനസ്സിലിപ്പോഴും ഒരു വേദനയായി അവശേഷിക്കുന്നു. ശാന്തിഗിരിയിലെ അന്നദാനം ആരംഭിച്ചതും ഗുരുവിന്റെ  വേദനയിൽ നിന്നാണ്. മഹാത്മാക്കളുടെ ത്യാഗത്തെ മാനിക്കാൻ കഴിയാത്തത് ലോകത്തിന് വലിയ കെടുതിയായി വന്നിട്ടുണ്ട്. ഇതിനെക്കുറിച്ച് ‘ആശയത്തിലെ ത്യാഗത്തിനെ എടുക്കാൻ ലോകം മറന്നു പോയി’ എന്ന് ഗുരു സൂചിപ്പിച്ചിട്ടുണ്ട്. ‘ത്യാഗം പ്രചരിപ്പിക്കുന്നതിനേക്കാൾ സ്വായത്തമാക്കുന്നതാണ് ഉത്തമം’ എന്നും ഗുരു പറഞ്ഞിട്ടുണ്ട്. ‘ത്യാഗം എന്ന് പറയുന്നത് ഇല്ലാത്ത ഒന്നിനെ ഉണ്ടാക്കിയെടുക്കൽ’ ആണെന്ന് ഒരിക്കൽ സംസാരമധ്യേ അഭിവന്ദ്യ ശിഷ്യപൂജിത പറഞ്ഞത് ഓർക്കുകയാണ്. മുമ്പ് ബ്രഹ്മചാരിയായിരുന്നപ്പോൾ സേവനം ചെയ്തിരുന്ന ആശ്രമം ബ്രാഞ്ചിൽ വന്ന ഉത്തരേന്ത്യക്കാരനായ ഒരു സന്ന്യാസിക്ക് ഗുരു പകർന്നു തന്ന അറിവിൽ ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ചെയ്തു കൊടുത്തപ്പോൾ ‘നിങ്ങളുടെ ഗുരു മഹാനാണ്’ എന്ന് അദ്ദേഹം പറഞ്ഞ കാര്യവും സ്വാമി പങ്കുവെച്ചു.

ദൈവത്തിൻ്റെ ഇച്ഛ നടപ്പിലാക്കാൻ ജന്മാന്തരങ്ങളിലൂടെ ത്യാഗപ്പെട്ടു കടന്നുവന്ന ഒരു വഴി ഗുരുവിനുണ്ടെന്ന് പ്രഭാഷണം നടത്തിയ ശാന്തിഗിരി ആശ്രമം ചേർത്തല ഏരിയ ഡെപ്യൂട്ടി ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ) പി.ജി.രവീന്ദ്രൻ പറഞ്ഞു. എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാത്ത ഒരു അവസ്ഥയായിരുന്നു ഗുരുവിന്റെ ശൈശവത്തിലും ബാല്യത്തിലും. തുടർന്നുള്ള ജീവിതയാത്രയിലും ഗുരു സഹിച്ച ത്യാഗം നമ്മുടെ ചിന്തയ്ക്ക് അതീതമാണ്. ക്ഷീണിതരായി ഇടയ്ക്ക് വച്ച് നിർത്തി പോകുന്നവർക്ക് വലുതായി ഒന്നും നേടാൻ കഴിയില്ലയെന്നും അദ്ദേഹം ഓർമിപ്പിച്ചു. ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി സീനിയർ കൺവീനർ (പബ്ലിക് റിലേഷൻസ്) എസ്.സുബ്രഹ്മണ്യനും എറണാകുളത്തു നിന്നുള്ള ശാന്തിഗിരി ഗുരുമഹിമ പ്രവർത്തക സി.എസ്.വിനീതയും ഗുരുവിനെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ചു.

ഇന്ന് (23.4.2024) പൗർണമി ആയതിനാൽ പ്രഭാഷണ പരമ്പര രാത്രി 8.30 മുതൽ 9.30 വരെ ആയിരിക്കും. സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി പ്രഭാഷണം നടത്തും.

Related Articles

Back to top button