KeralaLatest

മാലിന്യക്കൂമ്പാരത്തില്‍ ദേശീയപതാക; സല്യൂട്ട് ചെയ്ത് എടുത്തുമാറ്റി പോലീസുകാരന്‍

“Manju”

കൊച്ചി: എറണാകുളം ഇരുമ്പനത്ത് മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച ദേശീയപതാകയെ സല്യൂട്ട് ചെയ്ത് ആദരവോടെ എടുത്തുമാറ്റിയ സിവില്‍ പോലീസ് ഓഫീസറുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. തൃപ്പൂണിത്തുറ ഹില്‍സ് പാലസ് പോലീസ് സ്‌റ്റേഷനിലെ ടി.കെ. അമല്‍ എന്ന പോലീസുകാരനാണ് നാടിനാകെ മാതൃകയായത്. അമലിനെ ഇന്ന് രാവിലെ എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ വിളിച്ച്‌ പ്രത്യേക അഭിനന്ദനം അറിയിച്ചു.

ചൊവ്വാഴ്ചയാണ് ഇരുമ്പനത്ത് മാലിന്യക്കൂമ്പാരത്തിനിടയില്‍ ദേശീയപതാകയും തീരസംരക്ഷണസേനയുടെ പതാകകളും കണ്ടെത്തിയത്. ഇതോടെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. .ഉച്ചയോടെയാണ് ഹില്‍സ് പാലസ് പോലീസും ഫോര്‍ട്ട് കൊച്ചി പോലീസും സ്ഥലത്തെത്തിയത്. .

ടി.കെ. അമല്‍ വാഹനത്തില്‍നിന്ന് ഇറങ്ങിയ ഉടന്‍ മാലിന്യക്കൂമ്പാരത്തില്‍ കിടന്ന ദേശീയപതാകയെ സല്യൂട്ട് ചെയ്തു. പിന്നാലെ ഓരോ പതാകയും ഭദ്രമായി മടക്കിയെടുത്ത് ആദരവോടെ പോലീസ് ജീപ്പിലേക്ക് മാറ്റി. കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ കൂടി എത്തിയ ശേഷം പതാകകള്‍ മാറ്റിയാല്‍ പോരേയെന്ന് .ആരോ ചോദിച്ചപ്പോള്‍, ദേശീയപതാക ഇങ്ങനെ ഇട്ടിരിക്കുന്നത് ശരിയല്ലെന്ന് അമല്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

സമീപത്തുണ്ടായിരുന്നവര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍‍ വൈറലാകുന്നത്.
സംഭവം അറിഞ്ഞ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും അമലിന് അഭിനന്ദന പ്രവാഹമാണ്. മേജര്‍ രവി ഉള്‍പ്പെടെ പലരും നേരിട്ടെത്തി അഭിനന്ദനം അറിയിച്ചു.

Related Articles

Back to top button