LatestUncategorized

പാകിസ്താനിൽ വയറിളക്ക രോഗങ്ങൾ പടരുന്നു; ശൗചാലയങ്ങൾ ഇല്ലാത്തത് പ്രതിസന്ധി

“Manju”

ഇസ്ലാമാബാദ്: പാകിസ്താനിൽ വയറിളക്ക രോഗങ്ങൾ പടരുന്നതായി റിപ്പോർട്ട്. മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, ഉദര സംബന്ധിയായ മറ്റ് രോഗങ്ങൾ എന്നിവയാണ് പാകിസ്താനിലെ ഉൾനാടൻ പ്രദേശങ്ങളിൽ പടർന്നു പിടിക്കുന്നത്. ഈ സാഹചര്യത്തിൽ, ജനങ്ങൾ ശുചിത്വം പാലിക്കണമെന്ന് പാകിസ്താൻ ആരോഗ്യ വകുപ്പ് അറിയിച്ചു.

പുറമേ നിന്ന് ഭക്ഷണം കഴിക്കുന്നവർ ശുചിത്വം ഉറപ്പ് വരുത്തണം. അന്തരീക്ഷ മലിനീകരണം, വനനശീകരണം, ജലമലിനീകരണം എന്നിവയാണ് രോഗങ്ങൾ വ്യാപിക്കാൻ കാരണമെന്ന് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, കേടുവന്ന ഭക്ഷണ പദാർത്ഥങ്ങളുടെ ഉപയോഗവും വിൽപ്പനയും നിയന്ത്രിക്കാൻ അധികൃതർ തയ്യാറാകാത്തതാണ് സ്ഥിതി മോശമാക്കുന്നതെന്ന് ആരോഗ്യ പ്രവർത്തകർ അഭിപ്രായപ്പെട്ടതായി അന്താരാഷ്‌ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.

പാക് അധീന കശ്മീരിന് സമീപത്തെ ജനങ്ങളാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കഴിഞ്ഞ 74 വർഷമായി പാകിസ്താന്റെ അനധികൃത നിയന്ത്രണങ്ങളെ ചെറുക്കാൻ ശ്രമിക്കുകയാണ് പ്രദേശത്ത് ഉള്ളവർ. തികച്ചും നിഷേധാത്മകമായ സമീപനമാണ് ഇവിടങ്ങളിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളോട് അധികൃതർ പുലർത്തുന്നത്.

പാക് അധീന കശ്മീരിലെ ജനങ്ങളുടെ അവസ്ഥ ദയനീയമാണെന്ന് അന്താരാഷ്‌ട്ര മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ശൗചാലയങ്ങൾ ആവശ്യത്തിന് ഇല്ലാത്തതിനാൽ പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാൻ ജനങ്ങൾക്ക് വെളിമ്പ്രദേശത്ത് പോകേണ്ടി വരുന്നു. ഇത് ജലമലിനീകരണം ഉൾപ്പെടെ ഉള്ളവയ്‌ക്ക് കാരണമാകുന്നതായി ആരോഗ്യ പ്രവർത്തകർ വ്യക്തമാക്കുന്നു. ഇത്തരം വൃത്തിഹീനമായ ചുറ്റുപാടുകൾ ജനങ്ങളെ രോഗങ്ങളിലേക്ക് നയിക്കുകയാണ് എന്ന് വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നു.

Related Articles

Back to top button