Latest

മൂക്ക് മുറിച്ച് കളഞ്ഞ് ജീവിക്കാൻ തീരുമാനിച്ച ഒരു സ്ത്രീ

“Manju”

മൂക്കില്ലാതെ ഒരാൾക്ക് ജീവിക്കാൻ കഴിയമോ ? ഒരു നിമിഷം പോലും ചിന്തിക്കാതെ ഇല്ല എന്ന് നമുക്ക് പറയാൻ പറ്റും. ശ്വസിക്കാനും മണം തിരിച്ചറിയാനും സഹായിക്കുന്ന ശരീരത്തിലെ പഞ്ചേന്ദ്രീയങ്ങളിൽ ഒന്ന് നഷ്ടപ്പെട്ടാൽ എങ്ങനെ ജീവിക്കും. കണ്ണിന് കാഴ്ചയില്ലാതെയും കേൾവിശേഷി നഷ്ടപ്പെട്ടും സംസാര ശേഷി ഇല്ലാതെയും ജീവിക്കുന്നയാളുകളെ നാം കണ്ടിട്ടിണ്ട്. എന്നാൽ മൂക്കില്ലാതെയും ജീവിക്കുന്ന ഒരാളുണ്ട്. അമേരിക്കക്കാരിയായ ടീന. ടീനയുടെ മൂക്കില്ലാത്ത ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് അവരുടെ ഈ അവസ്ഥയെക്കുറിച്ച് ആളുകൾ അന്വേഷിച്ചെത്തിയത്. കാൻസർ ബാധയെ തുടർന്ന് മൂക്ക് മുറിച്ച് കളഞ്ഞ് ജീവിക്കാൻ തീരുമാനിച്ച ഒരു സ്ത്രീയെയാണ് അവർ കണ്ടത്.

2014 ൽ 43 വയസ്സായിരുന്നപ്പോഴാണ് ടീനയ്‌ക്ക് നേസൽ കാൻസർ ബാധിച്ചതായി കണ്ടെത്തിയത്. അവസ്ഥ മോശമാണെന്ന് മനസിലായതോടെ റേഡിയേഷൻ നടത്താൻ ഡോക്ടർമാർ നിർദ്ദേശിച്ചു. എന്നാൽ ചികിത്സയുടെ റിസ്‌കുകളും ഏറെയായിരുന്നു. ഇത് കണ്ണിനെ ബാധിക്കാനും കാഴ്ച ശക്തി നഷ്ടപ്പെടാനുമുള്ള സാധ്യതകൾ അധികമായിരുന്നു. അപ്പോഴാണ് മൂക്ക് മുറിച്ച് കളയാമെന്ന് ഇവർ തീരുമാനിച്ചത്. അതിലൂടെ ക്യാൻസറിനെ പൂർണമായും ഇല്ലാതാക്കാമെന്ന് കരുതി.

തന്റെ ഈ തീരുമാനം കേട്ടപ്പോൾ ഡോക്ടർമാർ പോലും അത്ഭുതപ്പെട്ട് പോയന്നെ് ടീന പറയുന്നു. ശസ്ത്രക്രിയ നടത്തി മൂക്ക് നീക്കം ചെയ്യേണ്ട എന്നാണ് ഡോക്ടർമാർ പറഞ്ഞത്. അത് സൗന്ദര്യത്തെ ബാധിക്കും. റേഡിയേഷൻ നടത്തിനോക്കാമെന്ന് അവർ പറഞ്ഞു. എന്നാൽ അപകടസാദ്ധ്യത കൂടുതലായത് കൊണ്ട് അത് വേണ്ടെന്ന് താനും തറപ്പിച്ച് പറഞ്ഞു.

ശസ്ത്രക്രിയയ്‌ക്ക് വേണ്ടി ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറ്റുമ്പോൾ തിരിച്ച് ജീവിതത്തിലേക്ക് വരാൻ സാധിക്കുമെന്ന് ഒരുറപ്പും ടീനയ്‌ക്കുണ്ടായിരുന്നില്ല. കുടുംബത്തോടൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് അവർ ശസ്ത്രക്രിയയ്‌ക്ക് പ്രവേശിച്ചത്. എന്നാൽ ശസ്ത്രക്രിയ വിജയിച്ചു. ഡോക്ടർമാർ അതിവിദഗ്ധമായി മൂക്ക് നീക്കം ചെയ്തു. എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ടീന ജീവിതത്തിലേക്ക് തിരിച്ചുവന്നു.

ആദ്യമൊക്കെ അതിന്റെ ആവേശത്തിലായിരുന്നെങ്കിലും പിന്നീടാണ് ശരിക്കുമുളള പ്രശ്‌നം നേരിടേണ്ടി വന്നത്. ശസ്ത്രക്രിയയ്‌ക്ക് ശേഷം പുറത്ത് വന്നപ്പോൾ തന്റെ മക്കൾ പോലും തന്നെ കണ്ട് പേടിച്ചുപോയെന്ന് ടീന ഓർമ്മിച്ചു. മൂക്കില്ലാത്ത തന്നെ കണ്ട് പലരും ഭയന്നു, അമർഷത്തോടെ നോക്കി, സഹതപിച്ചു, എന്തിനിങ്ങനെ ജീവിക്കുന്നു എന്ന് വരെ ചോദിച്ചു. ആറ് മാസത്തോളം ഇത്തരം അപമാനങ്ങൾ ടീനയ്‌ക്ക് സഹിക്കേണ്ടി വന്നു.. മുറിവ് പൂർണമായും ഉണങ്ങിയ ശേഷം മാത്രമേ കൃത്രമ മൂക്ക് നൽകൂ എന്നാണ് ഡോക്ടർമാർ പറഞ്ഞിരുന്നത്. ആ ആറ് മാസം താൻ ജീവിതത്തിൽ എല്ലാ ദുഃഖങ്ങളും അനുഭവിച്ചുവെന്നാണ് ടീന പറഞ്ഞത്.

മാസങ്ങൾക്ക് ശേഷം ക്രതൃമ മൂക്ക് വെച്ചെങ്കിലും അത് ടീനയെ എന്നും അലട്ടിക്കൊണ്ടിരുന്നു. ശ്വസന പ്രക്രിയ നടക്കുന്നില്ലെന്ന് പലപ്പോഴും തോന്നി. മാനസിക സമ്മർദ്ദവും വർദ്ധിച്ചു. ഇതോടെയാണ് ജീവിതത്തിൽ ആ നിർണായക തീരുമാനമെടുക്കാൻ അവർ തുനിഞ്ഞത്. ശേഷിക്കുന്ന കാലം കൃത്രിമ മൂക്ക് വെയ്‌ക്കാതെ ജീവിക്കാം എന്ന തീരുമാനം.

ആദ്യഘട്ടത്തിൽ ഈ തീരുമാനത്തോട് പലരും യോജിച്ചില്ല. കുടുംബക്കാർ ഇതിനെ അപ്പാടെ എതിർത്തു. എന്നാൽ തന്റെ ഭർത്താവും കുട്ടികളും എന്നും തനിക്ക് പ്രചോദനം നൽകി കൂടെയുണ്ടായിരുന്നു എന്ന് ടീന പറയുന്നു. ഇപ്പോവും മൂക്ക് വെയ്‌ക്കാത്തത് എന്തുകൊണ്ടാണെന്ന് പലരും ചോദിക്കാറുണ്ട്. അവരോടൊക്കെ ഒന്നേ പറയാനുള്ളൂ… ഈ സമൂഹം ഒരു ചട്ടക്കൂട് നിർമ്മിച്ചിട്ടുണ്ട്. ആകർഷകമായ കണ്ണുകളും മനോഹരമായ മൂക്കും മുഖവുമുള്ള എല്ലാം തികഞ്ഞ ഒന്നാണ് സൗന്ദര്യമെന്ന് സമൂഹം നമ്മെ പറഞ്ഞ് പഠിപ്പിക്കുന്നു. 95 ശതമാനം ആളുകളും ഈ ചട്ടക്കൂടിനകത്ത് പെട്ടിരിക്കുകയാണ്. എന്നാൽ ഞാൻ ആ കൂട് തകർത്ത് പുറത്തു വരാൻ ആഗ്രഹിക്കുന്നു. ധൈര്യശാലികളായ, എന്തും ചെയ്യാൻ സാധിക്കുന്ന സ്ത്രീകളെല്ലാം അതീവ സുന്ദരികളാണ്. ഈ ബോധ്യമാണ് എല്ലാവരുടേയും മനസ്സിൽ വേണ്ടത്. എന്ന് ഉറച്ച മനനസ്സോടെ അവർ പറയുന്നു.

Related Articles

Back to top button