Uncategorized

വക്കീൽ ഫീസിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു

“Manju”

ന്യൂഡൽഹി: പ്രമുഖ അഭിഭാഷകർ ഈടാക്കുന്ന അമിത വക്കീൽ ഫീസിൽ ആശങ്ക പ്രകടിപ്പിച്ച് നിയമമന്ത്രി കിരൺ റിജിജു. ഇത്തരത്തിൽ ലക്ഷങ്ങൾ ഫീസ് ഇടാക്കുമ്പോൾ രാജ്യത്തെ പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും എപ്രകാരമാണ് നീതി ലഭിക്കുകയെന്ന് കേന്ദ്രനിയമമന്ത്രി ചോദിച്ചു.

”സമ്പന്നർക്ക് പ്രമുഖ അഭിഭാഷകരെ നിയോഗിക്കാൻ കഴിയും. എന്നാൽ ഒരു സാധാരണക്കാരന് സമീപിക്കാൻ കഴിയാത്ത വിധം വക്കീൽ ഫീസ് ഈടാക്കുന്ന അഭിഭാഷകർ സുപ്രീം കോടതിയിൽ വാദിക്കുന്നുണ്ട്. ഓരോ വാദത്തിനും 10-15 ലക്ഷം രൂപ വീതമാണ് അവർ ഈടാക്കുന്നത്. അത് ഒരു സാധാരണക്കാരന് താങ്ങാൻ കഴിയുമോ? ” കിരൺ റിജിജു ചോദിച്ചു. ജയ്പൂരിൽ സംഘടിപ്പിച്ച 18-ാമത് ഓൾ ഇന്ത്യ ലീഗൽ സർവീസ് അതോറിറ്റിയുടെ മീറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർലമെന്റിന്റെ വരാനിരിക്കുന്ന വർഷകാല സമ്മേളനത്തിൽ കാലഹരണപ്പെട്ട 71 നിയമങ്ങൾ റദ്ദാക്കുമെന്നും നിയമമന്ത്രി അറിയിച്ചു. ജൂലൈ 18 മുതലാണ് വർഷകാല സമ്മേളനം ആരംഭിക്കുന്നത്.

അഭിഭാഷകരെ സമീപിക്കുന്നവരുടെ സാമ്പത്തിക സ്ഥിതിയനുസരിച്ച് വക്കീൽ ഫീസിൽ മാറ്റം വരാറുണ്ട്. രാജ്യത്ത് ഹൈക്കോടതി അഭിഭാഷകർ 3 മുതൽ 6 ലക്ഷം രൂപ വരെയാണ് ഓരോ വാദത്തിനും ഈടാക്കുന്നത്. പ്രമുഖരായ പല അഭിഭാഷകരും സുപ്രീം കോടതിയിൽ വാദിക്കുമ്പോൾ 10 മുതൽ 20 ലക്ഷം രൂപ വരെ ഓരോ വാദത്തിനും ഈടാക്കാറുണ്ട്. സുപ്രീംകോടതി റൂൾസ് 2013 അനുസരിച്ച് പരമാവധി 8000 രൂപയാണ് ഓരോ വാദത്തിനും ഈടാക്കാവുന്ന തുകയായി നിർദേശിക്കുന്നത്.

Related Articles

Back to top button