IndiaInternational

പാകിസ്താൻ പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച് ഇന്ത്യൻ ഡോക്ടർ

“Manju”

സഹായങ്ങൾക്കും കാരുണ്യങ്ങൾക്കും അതിർത്തികളുടെ വ്യത്യാസമില്ല. പാകിസ്താനിലെ ഒരു കൗമാരക്കാരിയുടെ രക്ഷകനായത് ഒരു ഇന്ത്യൻ ഡോക്ടറാണ്. പാക്കിസ്താനിലെ സിന്ധ് പ്രവിശ്യയിലെ പതിമൂന്ന് വയസ്സുള്ള അഫ്ഷീൻ ഗുലിന് ജീവിതം തിരികെ നൽകിയത് അതിർത്തികൾക്കപ്പുറം ഇന്ത്യയുടെ തലസ്ഥാന ന​ഗരിയിലുള്ള ഡോക്ടർ രാജഗോപാല കൃഷ്ണനാണ്. വളരെ അപൂർവ്വമായ ഒരു ദുരിതമാണ് അഫ്‌ഷീൻ ഗുലിന് സംഭവിച്ചത്. അഫ്‌ഷീന് പത്ത് വയസ്സുള്ളപ്പോൾ സഹോദരിയുടെ കൈയിൽ നിന്നും അവൾ നിലത്ത് വീഴുകയായിരുന്നു. വീഴ്ചയെ തുടർന്ന് കുട്ടിയുടെ കഴുത്ത് 90 ഡിഗ്രി വളഞ്ഞൊടിഞ്ഞു. പല ഡോക്ടർമാരെയും കുടുംബം കണ്ടു. എന്നാൽ യാതൊരു പ്രതിവിധിയും ഉണ്ടായില്ല. മരുന്നുകൾ മാറി മാറി പരീക്ഷിച്ചിട്ടും അനുദിനം അവളുടെ നില ​ഗുരുതരമായതല്ലാതെ മറ്റ് മാറ്റങ്ങളൊന്നും സംഭവിച്ചില്ല. അവസാനം അതിർത്തികൾ കടന്ന് അഫ്‌ഷീൻ ഗുലിൻ ഇന്ത്യയുടെ മണ്ണിൽ എത്തുകയായിരുന്നു.

രാജഗോപാല കൃഷ്ണന്റെ അടുത്ത് അഫ്‌ഷീൻ ഗുലിൻ എത്തുമ്പോൾ അവൾക്ക് നടക്കാനോ ഭക്ഷണം കഴിക്കാനോ സാധിക്കുമായിരുന്നില്ല. 12 വർഷത്തോളം കറാച്ചി നഗരത്തിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ അകലെയുള്ള മിഥിയിലെ വീട്ടിൽ അവൾ സകല വേ​ദനയും കടിച്ചമർത്തി കഴിയുകയായിരുന്നു. 2017-ൽ ഒരു വാർത്താ വെബ്‌സൈറ്റിൽ അഫ്‌ഷീൻ ഗുലിന്റെ അവസ്ഥ വിവരിക്കുന്ന ലേഖനം പ്രത്യക്ഷപ്പെട്ടതോടെ കുട്ടി ശ്രദ്ധ നേടിയിരുന്നു. പ്രമുഖ പാകിസ്താനി നടൻ അഹ്‌സൻ ഖാൻ ഫേസ്ബുക്കിൽ അഫ്‌ഷീന്റെ ഫോട്ടോ പങ്കിടുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. പിന്നീട് 2019-ൽ ബ്രിട്ടീഷ് പത്രപ്രവർത്തകയായ അലക്സാണ്ട്രിയ തോമസാണ് കുട്ടിയുടെ അവസ്ഥ വീണ്ടും ലോകശ്രദ്ധയിൽ കൊണ്ടുവന്നത്. തുടർന്ന് ഡൽഹിയിലുള്ള ഡോ. കൃഷ്ണനുമായി അലക്സാണ്ട്രിയ തോമസ് ബന്ധപ്പെട്ടതോടെയാണ് അഫ്ഷീൻ ഗുലിന് ജീവിതം തിരികെ ലഭിച്ചത്.

2021 നവംബറിൽ ഇന്ത്യയിലെത്തിയ അഫ്‌ഷീൻ ഗുലിനെ ഡൽഹിയിലെ അപ്പോളോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. വളരെ സങ്കീർണ്ണമായ ശസ്ത്രക്രിയയാണ് അവൾക്ക് നേരിടേണ്ടി വന്നത്. ഡോ.രാജഗോപാല കൃഷ്ണന്റെ ആത്മവിശ്വാസമാണ് അഫ്ഷീനെ തിരികെ ജീവിതത്തിലേയ്‌ക്ക് കൈപിടിച്ച് കയറ്റിയത്. അഫ്ഷീന്റെ ശസ്ത്രക്രിയ ഡോക്ടർ സൗജന്യമായാണ് ചെയ്തത്. ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ തല നേരെയാക്കി. ഇപ്പോൾ അഫ്ഷീന് സ്വന്തമായി നടക്കാനും സംസാരിക്കാനും ഭക്ഷണം കഴിക്കാനും കഴിയുമെന്ന് സഹോദരൻ പറയുന്നു. എല്ലാ ആഴ്ചകളിലും സ്കൈപ്പ് വഴി സഹോദരിയെ ഡോക്ടർ കൃഷ്ണൻ പരിശോധിക്കുന്നുണ്ടെന്നും പറയുന്നു. അവൾ അൽപ്പം ദുർബലയാണെന്നും നിലവിൽ സ്കൂളിൽ പോകുവാൻ സാദ്ധ്യമല്ലെന്നും ദിവസങ്ങൾ കഴിയുമ്പോൾ കുട്ടിയുടെ നില നന്നായി മെച്ചപ്പെടുമെന്നും ഡോ.രാജഗോപാല കൃഷ്ണൻ പറയുമ്പോൾ, പ്രതീക്ഷകൾ അസ്തമിച്ചപ്പോൾ സഹോദരിയുടെ ജീവൻ രക്ഷിച്ച ഈശ്വരനായാണ് ഡോക്ടറെന്ന് സന്തോഷം പങ്കുവെയ്‌ക്കുവാണ് സഹോദരൻ കുബാർ.

Related Articles

Back to top button