InternationalLatest

അന്യഗ്രഹ പേടകം വീടിന് മുകളില്‍ റോന്തുചുറ്റി

“Manju”

ബിര്‍മിങ്ഹാം (ബ്രിട്ടണ്‍) : അനന്തമായി കിടക്കുന്ന ലോകത്തെ കുറിച്ചും മറ്റു കോണുകളിലെ ജീവസാന്നിദ്ധ്യത്തെ കുറിച്ചും എന്നും മനുഷ്യന് കൗതുകമാണ്. അന്യഗ്രഹജീവികള്‍ വന്നു, പോയി, കണ്ടു, എന്നിങ്ങനെയൊക്കെ പറഞ്ഞ് പലരും രംഗത്തെത്താറുമുണ്ട്. എന്നാല്‍ തെളിവുകളില്ല എന്ന് പറഞ്ഞ് ഭൂരിഭാഗം പേരും അത്തരം അവകാശവാദങ്ങളെ തള്ളിക്കളയുകയാണ് പതിവ്.
എന്നാല്‍ തന്റെ വീടിന് മുകളില്‍ ഒരു അജ്ഞാത പേടകം കണ്ടെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഡോക്ടര്‍. ബ്രിട്ടനിലെ ബിര്‍മിങ്ങാമില്‍ താമസിക്കുന്ന ഡോ. മുഹമ്മദ് സലാമയാണ് ആകാശത്ത് വിചിത്രപേടകം കണ്ടെത്തിയെന്ന വാദവുമായി രംഗത്തെത്തിയത്. അദ്ദേഹം ഇക്കാര്യം അധികൃതരെ അറിയിക്കുകയും ചെയ്തു. തന്റെ ഫോണില്‍ ഷൂട്ട് ചെയ്ത വീഡിയോ തെളിവായി നല്‍കിയാണ് അദ്ദേഹം അധികൃതരെ സമീപിച്ചത്.
38 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് സലാമി ഷൂട്ട് ചെയ്ത വീഡിയോ. അതീവ പ്രകാശമുള്ള രണ്ട് പ്രകാശഗോളങ്ങള്‍ ആകാശത്ത് അടുത്തുനില്‍ക്കുന്നതും പിന്നീട് ഇവ അകന്നുമാറുന്നതിന്റെയും ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പിന്നീട് ഇത് മേഘങ്ങള്‍ക്കിടയില്‍ മറയുന്നതായും കാണാം.ബിര്‍മിങ്ങാമിലെ ഹാര്‍ബോണില്‍ വച്ചാണ് സലാമ വീഡിയോയെടുത്തത്. പുറത്തേക്ക് മാലിന്യം കളയാനായി എത്തിയപ്പോഴാണ് ആകാശത്ത് അത്ഭുത കാഴ്ച കണ്ടതെന്നും ഉടനെ ഫോണെടുത്ത് ഷൂട്ട് ചെയ്യുകയായിരുന്നുവെന്നും ഡോക്ടര്‍ പറയുന്നു.
ഡ്രോണ്‍, വിമാനം, ലേസര്‍പ്രകാശം തുടങ്ങിയവയൊന്നുമല്ല താന്‍ കണ്ടതെന്ന് അദ്ദേഹം യാതൊരു സംശയവുമില്ലാതെ പറയുന്നു. വളരെ വേഗത്തിലാണ് പേടകം സഞ്ചരിച്ചതെന്നും സഞ്ചാരം ഏകദിശയിലായിരുന്നില്ലെന്നും സഞ്ചാരത്തിനിടെ പേടകം സ്വയം കറങ്ങുന്നുണ്ടായിരുന്നെന്നും ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു.
എന്നാല്‍ ഡോക്ടറുടെ വാദം എത്രത്തോളം ശരിയാണെന്ന കാര്യത്തില്‍ പെട്ടെന്ന് അനുമാനത്തിലെത്താനാവില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. വിദഗ്ധ പരിശോധനകള്‍ക്ക് ശേഷമെ എന്തെങ്കിലും പറയാനാവൂ. എന്തായാലും അന്യഗ്രഹ ജീവികളുണ്ടെന്ന് ശക്തമായി വിശ്വസിക്കുന്ന ആളുകള്‍ക്ക് ആഘോഷിക്കാനുള്ള വകയായെന്ന് സാരം.

Related Articles

Back to top button