IndiaLatest

ധാരാവി നവീകരണം: പദ്ധതിക്കുവേണ്ടി സര്‍വേ തുടങ്ങുന്നു

“Manju”

മുംബൈ: മഹാരാഷ്ട്ര സർക്കാരും അദാനി ഗ്രൂപ്പും കൈകോർക്കുന്ന ധാരാവി പുനർവികസന പദ്ധതിയുടെ (ധാരാവി റീഡിവലെപ്മെന്റ് പ്രോജക്റ്റ് പ്രൈവറ്റ് ലിമിറ്റഡ്-DRPPL) ഭാഗമായി പ്രദേശത്തെ ലക്ഷക്കണക്കിന് താമസക്കാരുടെ വിവരശേഖരണം മാർച്ച്‌ 18-ന് ആരംഭിക്കും. സർവേയിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ പുനരധിവാസം സംബന്ധിച്ച വിഷയങ്ങളില്‍ മഹാരാഷ്ട്ര സർക്കാർ തീരുമാനം കൈക്കൊള്ളുന്നത്. ലോകത്തിലെ ഏറ്റവും വലിയ ചേരിപ്രദേശങ്ങളിലൊന്നായ ധാരാവിയുടെ സമ്ബൂർണവിവരങ്ങളടങ്ങുന്ന ഡിജിറ്റല്‍ ധാരാവിഎന്ന ലൈബ്രറിയും ഈ സർവേവിവരങ്ങള്‍ ഉപയോഗപ്പെടുത്തി സജ്ജീകരിക്കും.

ധാരാവിയില്‍ നിലവില്‍ താമസിച്ചുവരുന്നവരുടേയും നിലവിലുള്ള വാണിജ്യവ്യവസായസംരംഭങ്ങളുടേയും വികസനം ലക്ഷ്യമാക്കുന്ന പദ്ധതിയ്ക്ക് മൂന്ന് ബില്യണ്‍ ഡോളർ ( ഏകദേശം 25,000 കോടി രൂപ) വകയിരുത്തിയിട്ടുള്ളത്. ഏഴ് വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ചേരി നിവാസികള്‍ക്ക് ഇതിനോടകം തന്നെ നിരവധി വാഗ്ദാനങ്ങളാണ് നല്‍കിയിട്ടുള്ളത്. പത്തുലക്ഷത്തിലധികം താമസക്കാർ തിങ്ങിപ്പാർക്കുന്ന ധാരാവിയില്‍ കളിമണ്‍, വസ്ത്രം, തുകല്‍, മാലിന്യപുനചംക്രമണം തുടങ്ങി വിവിധ വ്യവസായസംരംഭങ്ങള്‍ പ്രവർത്തിക്കുന്നുണ്ട്.

കഴിഞ്ഞ കൊല്ലമാണ് ധാരാവിയുടെ പുനർവികസനത്തിനായുള്ള കരാർ ഗൗതം അദാനി നേടിയത്. ധാരാവിയുടെ പുനർവികസനപദ്ധതികള്‍ രണ്ട് പതിറ്റാണ്ടായി മുടങ്ങിക്കിടക്കുകയായിരുന്നു. സിങ്കപ്പൂരില്‍ പിന്തുടർന്നുപോരുന്ന ഏറ്റവും മികച്ച വികസനനടപടികളാണ് പുനർനവീകരണത്തിന് ഉപയോഗപ്പെടുത്തുന്നത്.

ധാരാവിയിലെ കമല രമണ്‍ നഗറില്‍ നിന്നാണ് സർവേ ആരംഭിക്കുന്നത്. സ്ഥിതിവിവരനിർണയം ലഘൂകരിക്കുന്നതിനായി ധാരാവിയെ വിവിധ ഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തിന്റേയും ലേസർ മാപ്പിങ്ങും നടത്തും.

ലോകത്തിലെ ഏറ്റവും വലിയ നാഗരിക പുനരുജ്ജീവന പ്രവർത്തനങ്ങളിലൊന്നാണ് ധാരാവി പുനർവികസന പദ്ധതിയെന്നും മുംബൈയെ ചേരി രഹിത നഗരമാക്കി മാറ്റുന്നതിന്റെ പ്രാഥമികനടപടിയ്ക്കാണ് സംസ്ഥാനസർക്കാർ ഇതിലൂടെ തുടക്കമിടുന്നതെന്നും ഡിആർപിപിഎല്‍ വക്താവ് പറഞ്ഞു. ധാരാവിയെ ലോകോത്തരനിലവാരമുള്ള പട്ടണമാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധാരാവിക്കാർക്കുവേണ്ടി ഒരു ടോള്‍ഫ്രീ നമ്ബറും (1800-268-8888) ഏർപ്പെടുത്തിയിട്ടുണ്ട്.

പുനർവികസനപദ്ധതിയിലൂടെ ധാരാവിയിലെ ഓരോ നിവാസികള്‍ക്കും പാർപ്പിടം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഓരോ താമസക്കാരനും പ്രത്യേക അടുക്കളയും ശൗചാലയവുമുള്ള ഓരോ ഫ്ളാറ്റ് ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാനലക്ഷ്യങ്ങളിലൊന്ന്. ധാരാവിയില്‍ പ്രവർത്തിക്കുന്ന അർഹതയുള്ള വ്യാവസായിക, വാണിജ്യ യൂണിറ്റുകള്‍ക്ക് സംസ്ഥാനസർക്കാർ നികുതിയിളവ് നല്‍കും. ഇതിലൂടെ ധാരാവിയിലെ വാണിജ്യവ്യവസായയൂണിറ്റുകളുടെ വികസനം സാധ്യമാകുമെന്നും ഡിആർപിപിഎല്‍ വക്താവ് പറഞ്ഞു.

Related Articles

Back to top button