Latest

ശ്രീലങ്കയിൽ കലാപം നിയന്ത്രണാതീതം; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

“Manju”

കൊളംബോ: രാഷ്‌ട്രീയ- സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന ശ്രീലങ്കയിൽ കലാപം നിയന്ത്രണാതീതം. തെരുവിൽ ശക്തമായ പ്രതിഷേധ പ്രകടനം നടത്തിയ പ്രക്ഷോഭകാരികൾ പ്രധാനമന്ത്രിയുടെ ഓഫീസ് കൈയ്യേറി. കലാപം നിയന്ത്രണാതീതമായ പശ്ചാത്തലത്തിൽ ഇടക്കാല പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ, രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

അതേസമയം, പ്രസിഡന്റ് ഗോതാബയ രജപക്സെ ഉടൻ രാജി വെക്കുമെന്ന് സ്പീക്കർ അറിയിച്ചു. പുതിയ പ്രസിഡന്റിനെ ഒരാഴ്ചയ്‌ക്കുള്ളിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീലങ്കൻ ടെലിവിഷന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു.

കൊളംബോയിൽ പ്രതിഷേധ പ്രകടനം നടത്തുന്നവരുടെ നേർക്ക് സുരക്ഷാ സേന കണ്ണീർ വാതകം പ്രയോഗിച്ചു. പ്രതിഷേധങ്ങൾ ഭയന്ന് നാടുവിട്ട ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബയ രജപക്സെ നിലവിൽ മാലിദ്വീപിൽ തുടരുകയാണ് എന്നാണ് വിവരം. പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ ഇടക്കാല പ്രസിഡന്റിന്റെ ചുമതല ഏൽപ്പിച്ച ശേഷമാണ് രജപക്സെ രാജ്യം വിട്ടത്.

പ്രതിഷേധങ്ങൾ കടുത്ത പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുകളിൽ സൈന്യം എയർ പട്രോളിംഗ് ആരംഭിച്ചു. അതേസമയം, അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച നടപടി ചോദ്യം ചെയ്ത് ശ്രീലങ്കൻ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ രംഗത്തെത്തി. പ്രധാനമന്ത്രിക്ക് പ്രസിഡന്റിന്റെ ചുമതല നിർവ്വഹിക്കാൻ നിയമപരമായി അവകാശമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Back to top button