IndiaLatest

മങ്കിപോക്സ് പ്രതിരോധം; വിദഗ്ധരുടെ യോഗം ചേർന്ന് കേന്ദ്രം

“Manju”

ദില്ലി: മങ്കിപോക്സ് പ്രതിരോധത്തിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കാന്‍ വിദഗ്ധരുടെ യോഗം ചേര്‍ന്ന് കേന്ദ്രം. രാജ്യത്ത് ഒന്‍പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ നീക്കം. എമര്‍ജന്‍സി മെഡിക്കല്‍ റിലീഫ് ഡയറക്ടര്‍ എല്‍. സ്വാസ്തിചരണിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ നാഷണല്‍ എയിഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനിലെയും, ലോകാരോഗ്യ സംഘടനയിലെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. പുതുക്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ആരോഗ്യമന്ത്രാലയം ഉടന്‍ പുറത്തിറക്കുമെന്നാണ് വിവരം. ഇന്നലെ ദില്ലിയില്‍ മറ്റൊരു നൈജീരിയന്‍ സ്വദേശിക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. ദില്ലിയില്‍ താമസിക്കുന്ന നൈജീരിയന്‍ സ്വദേശിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ദില്ലിയില്‍ നാലും കേരളത്തില്‍ അഞ്ചും പേര്‍ക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചു.

കൊവിഡ് പ്രതിരോധത്തിന് സ്വീകരിച്ചതിന് സമാനമായ മാര്‍ഗ്ഗങ്ങളിലൂടെ മങ്കി പോക്സ് പ്രതിരോധവും നടപ്പിലാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതിനിടെ മങ്കി പോക്‌സ് വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം തുടങ്ങിയതായി സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അധര്‍ പൂനെവാല അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അധര്‍ പുനെവാലയുടെ പ്രതികരണം. നേരത്തെ ഐസിഎംആര്‍ വാക്സിന്‍ വികസിപ്പിക്കുന്നതിനുള്ള താത്പര്യപത്രം ക്ഷണിച്ചിരുന്നു. ഈ മാസം പത്തിനുള്ളിലാണ് താത്പര്യ പത്രം നല്‍കേണ്ടത്.

മങ്കിപോക്സ് പ്രതിരോധത്തില്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഓര്‍മ്മിപ്പിക്കുന്നുണ്ട്. രോഗം പകരാതിരിക്കാന്‍ മങ്കിപോക്സ് സ്ഥിരീകരിച്ചവരെ പ്രത്യേക മുറികളില്‍ നിരീക്ഷണത്തിലാക്കണമെന്നതാണ് ഇതില്‍ പ്രധാനം. സോപ്പും, സാനിറ്റൈസറും കൃത്യമായ ഇടവേളകളില്‍ ഉപയോഗിക്കുക, രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ കൈയ്യുറയും മാസ്കും ധരിക്കുക തുടങ്ങിയ മാര്‍ഗ്ഗനിര്‍ദേശങ്ങളും ആരോഗ്യമന്ത്രാലയം മുന്നോട്ടു വച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവര്‍ പൊതു പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കണം. മങ്കിപോക്സുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച്‌ ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തരുതെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്നു.

Related Articles

Back to top button