LatestThiruvananthapuram

ഏറ്റവും നീളം കൂടിയ കാല്‍നട മേല്‍പാലം നാടിന് സമര്‍പ്പിച്ചു

“Manju”

തിരുവനന്തപുരം: തടിച്ചുകൂടിയ ജനസമുദ്രത്തെ സാക്ഷിയാക്കി സംസ്ഥാനത്തെ ഏറ്റവും വലിയ കാല്‍നട മേല്‍പ്പാലം കിഴക്കേകോട്ടയില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് തുറന്നുകൊടുത്തു. നടപ്പാലത്തിലെ ‘അഭിമാനം അനന്തപുരി’ സെല്‍ഫി പോയിന്റ് നടന്‍ പൃഥ്വിരാജ് ഉദ്ഘാടനം ചെയ്തു. 104 മീറ്റര്‍ നീളമുള്ള നടപ്പാലം തിരുവനന്തപുരം കോര്‍പ്പറേഷനും ആക്‌സോ എന്‍ജിനിയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് യാഥാര്‍ത്ഥ്യമാക്കിയത്. മുതിര്‍ന്ന പൗരന്‍മാര്‍ക്കായി രണ്ട് ലിഫ്റ്റുകളുള്ള നടപ്പാതയില്‍ നാല് പ്രവേശന കവാടങ്ങളുണ്ട്. കിഴക്കേകോട്ടയുടെ രാജകീയ പ്രൗഢിക്ക് യോജിക്കും വിധമുള്ള ശൈലിയില്‍ പണി കഴിപ്പിച്ചിരിക്കുന്ന ആകാശപാതക്കുള്ളില്‍ ജില്ലക്കാരായ പ്രഗദ്ഭരുടെ ഛായാചിത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്.

36 സുരക്ഷാ ക്യാമറകള്‍ക്ക് പുറമെ പോലിസ് എയിഡ് പോസ്റ്റും ഒരുക്കിയിട്ടുണ്ട്. ചടങ്ങില്‍ കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. തിരക്കേറിയ റോഡ് മുറിച്ചു കടക്കാന്‍ ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന കാല്‍നട മേല്‍പ്പാലം നഗരത്തിന് മാറ്റ് കൂട്ടുന്നതാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. പൊതുജന സൗകര്യം മുന്‍നിര്‍ത്തി നിര്‍മ്മിച്ച നടപ്പാത ഒരുപാട് വര്‍ഷങ്ങള്‍ പ്രയോജനപ്പെടട്ടെ എന്ന് പൃഥ്വിരാജ് ആശംസിച്ചു. കിഴക്കേകോട്ട നടപ്പാതയുടെ മാതൃകയില്‍ തമ്പാനൂരില്‍ റെയില്‍വെ സ്റ്റേഷനും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റും ബന്ധിപ്പിച്ച്‌ മേല്‍പ്പാത നിര്‍മിക്കാന്‍ തീരുമാനിച്ചതായി ചടങ്ങില്‍ സംസാരിച്ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി. ആര്‍ അനില്‍, എ.എ റഹീം എം.പി, വി.കെ പ്രശാന്ത് എം.എല്‍.എ, ഡപ്യൂട്ടി മേയര്‍ പി.കെ രാജു എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button