IndiaLatest

രണ്ടാം ക്ലാസുകാരനെ തലകീഴായി തൂക്കി; അധ്യാപകന്‍ അറസ്റ്റില്‍

“Manju”

ലഖ്‌നൗ: രണ്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിയെ പ്രധാന അധ്യാപകന്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളിലെ നിലയില്‍ നിന്ന് തലകീഴായി തൂക്കി ഭീഷണിപ്പെടുത്തി. ചിത്രങ്ങളും വീഡിയോയും പ്രചരിച്ചതോടെ പോലീസ് ഇടപെട്ടു. ഉത്തര്‍ പ്രദേശിലെ മിര്‍സാപൂരിലാണ് നടുക്കുന്ന സംഭവം. കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ തമ്മില്‍ അടിപിടി നടന്നു. ഇതില്‍ ക്ഷുഭിതനായ പ്രധാന അധ്യാപകന്‍ മനോജ് വിശ്വകര്‍മയാണ് സോനു യാദവ് എന്ന കുട്ടിയെ കാലില്‍ പിടിച്ച്‌ തൂക്കിയത്. ക്ഷമ ചോദിച്ചില്ലെങ്കില്‍ നിലത്തേക്കെറിയുമെന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തി.
കുറേ വിദ്യാര്‍ഥികള്‍ നോക്കി നില്‍ക്കവെയാണ് അധ്യാപകന്‍ പീഡനം. വ്യാഴാഴ്ച ഉച്ച ഭക്ഷണത്തിനായുള്ള ഒഴിവ് വേളയില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ അടിപിടിയുണ്ടായിരുന്നു. ഈ വേളയില്‍ അധ്യാപകന്‍ ഓഫീസില്‍ നിന്ന് ഇറങ്ങി വന്ന് സോനു യാദവിനെ പിടിച്ചു വലിച്ച്‌ സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളിലെ നിലയിലേക്ക് കൊണ്ടുപോയി. തലകീഴായി പിടിച്ച്‌ നിലത്തേക്കെറിയുമെന്ന് പ്രധാനധ്യാപകന്‍ പറഞ്ഞപ്പോള്‍ മറ്റു വിദ്യാര്‍ഥികള്‍ ബഹളം വെക്കുകയും പേടിച്ച്‌ കരയുകയും ചെയ്തു. തുടര്‍ന്നാണ് സോനുവിനെ വിടാന്‍ പ്രധാന അധ്യാപകന്‍ തയ്യാറായത്.
എന്നാല്‍ അധ്യാപകനെ പിന്തുണച്ചാണ് കുട്ടിയുടെ പിതാവ് പ്രതികരിച്ചത്. അധ്യാപകന്‍ ചെയ്തത് തെറ്റാണെങ്കിലും അദ്ദേഹം സ്‌നേഹത്തോടെ ചെയ്തതാണെന്നും മകനോടുള്ള അധ്യാപകന്റെ പെരുമാറ്റത്തിന് എനിക്ക് പ്രശ്‌നമില്ലെന്നും പിതാവ് രഞ്ജിത് യാദവ് പ്രതികരിച്ചു. ബാലനീതി നിയമ പ്രകാരമാണ് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തത്. സോനുവിന്റെ പിതാവ് മകനെ നന്നാക്കിയെടുക്കാന്‍ അധ്യാപകരോട് പറഞ്ഞിരുന്നു എന്നാണ് അധ്യാപകന്‍ മനോജ് വിശ്വകര്‍മ എന്‍ഡിടിവിയോട് പ്രതികരിച്ചത്. സോനുവിന് ഭയങ്കര വികൃതിയാണ്. മറ്റു വിദ്യാര്‍ഥികളെയും ചില വേളയില്‍ അധ്യാപകരെയും അവന്‍ തല്ലാറുണ്ട്. അവനെ കറക്‌ട് ചെയ്യണമെന്ന് പിതാവ് ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഒന്ന് ഭയപ്പെടുത്താന്‍ വേണ്ടിയാണ് കാലില്‍ തൂക്കി പിടിച്ചതെന്നും അധ്യാപകന്‍ പറഞ്ഞു.

Related Articles

Back to top button