KeralaLatest

മകനേക്കാള്‍ മാര്‍ക്ക് വാങ്ങിയ കുട്ടിയ്ക്ക്  വിഷംകൊടുത്ത് എട്ടാം ക്ലാസുകാരന്റെ അമ്മ

“Manju”

സ്‌കൂള്‍ക്കുട്ടികളുടെ മാര്‍ക്കിനെ ചൊല്ലി മാതാപിതാക്കള്‍ തമ്മിലുള്ള മത്സരം പലപ്പോഴും കാണാറുള്ളതാണ് എന്നാല്‍ എങ്ങനെയെങ്കിലും തന്റെ മകനെ ക്ലാസില്‍ ഒന്നാം സ്ഥാനത്ത് എത്തിക്കാന്‍ ഒരമ്മ ചെയ്ത കൊടുംക്രൂരത ആരിലും നടുക്കമുണ്ടാക്കുന്നതാണ്.
കാരയ്ക്കല്‍ ആണ് സംഭവം ഉണ്ടായത്. ബാലമണികണ്ഠന്‍ എന്ന വിദ്യാര്‍ത്ഥി ഇന്നലെ ക്ലാസ് കഴിഞ്ഞു വീട്ടിലെത്തിയതിനു പിന്നാലെ ഛര്‍ദിച്ച്‌ കുഴഞ്ഞുവീണു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍, വിഷം അകത്തുചെന്നിട്ടുണ്ടാവാമെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് സ്‌കൂളിലെ സുരക്ഷാ ജീവനക്കാരന്‍ ജൂസ് നല്‍കിയിരുന്നതായി കുട്ടി വെളിപ്പെടുത്തിയത്.

ഇതനുസരിച്ച്‌ സ്‌കൂളിലെ സുരക്ഷാ ജീവനക്കാരന്‍ ദേവദാസിനെ മാതാപിതാക്കളും സ്‌കൂള്‍ അധികൃതരും ചോദ്യം ചെയ്തു. കുട്ടിയുടെ ബന്ധുവെന്നു പറഞ്ഞെത്തിയ സ്ത്രീയാണ് ജൂസ് പാക്കറ്റ് നല്‍കാന്‍ ഏല്‍പ്പിച്ചതെന്നായിരുന്നു ഇയാളുടെ മൊഴി. തുടര്‍ന്നു സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണു മറ്റൊരു കുട്ടിയുടെ അമ്മയായ സഹായറാണി വിക്ടോറിയ എന്ന സ്ത്രീയാണു സുരക്ഷാ ജീവനക്കാരന് ജൂസ് പാക്കറ്റ് കൈമാറിയതെന്നു കണ്ടെത്തിയത്.
മണികണ്ഠന്റെ അമ്മയുടെ പരാതിയില്‍ കാരയ്ക്കല്‍ സിറ്റി പൊലീസ് സഹായറാണിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണു ക്രൂരതയുടെ കാരണം വെളിപ്പെടുത്തിയത്. പരീക്ഷകളില്‍ തന്റെ മകനേക്കാള്‍ മണികണ്ഠന്‍ മികച്ച മാര്‍ക്കു നേടുന്നതാണു വിഷം നല്‍കാനുള്ള കാരണമെന്നാണു മൊഴി.

ചികിത്സയിലിരിക്കെ രാത്രി വൈകി മണികണ്ഠന്‍ മരിച്ചു. മികച്ച ചികിത്സ കിട്ടിയില്ലെന്നാരോപിച്ച്‌ നാട്ടുകാരും ബന്ധുക്കളും ആശുപത്രി ആക്രമിക്കുകയും നാഗപട്ടണം -ചെന്നൈ ദേശീയപാത പുലര്‍ച്ചെ വരെ ഉപരോധിക്കുകയും ചെയ്തു. സഹായറാണിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വിശദമായ അന്വേഷണം തുടങ്ങിയതായി കാരയ്ക്കല്‍ എസ്പി അറിയിച്ചു.

Related Articles

Back to top button