KeralaLatest

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരികള്‍ക്ക് സ്പെഷ്യല്‍ മെറ്റേണിറ്റി ലീവ്

“Manju”

ന്യൂഡല്‍ഹി; പ്രസവത്തിലോ ജനിച്ച്‌ ദിവസങ്ങള്‍ക്കു ശേഷമോ കുഞ്ഞുമരിക്കുന്ന അമ്മമാര്‍ക്ക് 60 ദിവസത്തെ പ്രത്യേക പ്രസവാവധി. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരികളാണ് അമ്മമാര്‍ക്കാണ് പ്രത്യേക ലീവ് അനുവദിക്കുക. കുഞ്ഞിന്റെ മരണം അമ്മയിലുണ്ടാക്കാന്‍ സാധ്യതയുള്ള വൈകാരികാഘാതം പരിഗണിച്ച്‌ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവുമായി കൂടിയാലോചിച്ചാണ് തീരുമാനമെന്ന് പഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് ഉത്തരവില്‍ പറയുന്നു.
കുട്ടിയുടെ മരണത്തെ തുടര്‍ന്നുണ്ടാകുന്ന മാനസികാഘാതം അമ്മമാരുടെ ജീവിതത്തില്‍ ദീര്‍ഘനാളത്തെ ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. ഇതു പരി​ഗണിച്ചാണ് അവധി അനുവദിച്ചത്.കുട്ടി ജനിച്ച്‌ 28 ദിവസത്തിനുള്ളില്‍ കുഞ്ഞിനെ നഷ്ടപ്പെടുന്ന അമ്മമാര്‍ക്കും അവധി ലഭിക്കും. കൂടാതെ പ്രസവത്തില്‍ കുട്ടിമരിക്കുന്നതോ 28 ആഴ്ച മുതലുള്ള ​ഗര്‍ഭാവസ്ഥയില്‍ കുട്ടി മരിക്കുന്നവരും അവധി ലഭിക്കാന്‍ അര്‍ഹരാണ്. പ്രസവത്തിനു ശേഷം മെറ്റേണിറ്റി ലീവ് നല്‍കിയിട്ടുണ്ടെങ്കില്‍ കുട്ടി മരിച്ച ദിവസം വരെയുള്ളവ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ ലഭ്യമായ ലീവുകളിലേക്ക് മാറ്റും. തുടര്‍ന്ന് പ്രത്യേക ലീവ് അനുവദിക്കും.
രണ്ടില്‍ത്താഴെ കുട്ടികളുള്ളവര്‍ക്കാണ് ഈ ആനുകൂല്യത്തിന് അര്‍ഹത. പ്രസവം സര്‍ക്കാര്‍ ആശുപത്രിയിലോ കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ പദ്ധതിക്കുകീഴില്‍ എംപാനല്‍ചെയ്ത സ്വകാര്യ ആശുപത്രിയിലോ ആകണമെന്നും വ്യവസ്ഥയുണ്ട്. അടിയന്തര സാഹചര്യത്തില്‍ എംപാനല്‍ ചെയ്യാത്ത സ്വകാര്യ ആശുപത്രിയിലാണ് പ്രസവമെങ്കില്‍, അതുതെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നും നിര്‍ദേശത്തിലുണ്ട്.

Related Articles

Back to top button