LatestThiruvananthapuram

മഴക്കെടുതി: കിണര്‍ ഇടിഞ്ഞു വീണു

“Manju”

വര്‍ക്കല: കനത്ത പേമാരിയില്‍ കിണര്‍ ഇടിഞ്ഞു വീണു. ചിലയിടങ്ങളില്‍ മരങ്ങള്‍ റോഡിന് കുറുകെ കടപുഴകിവീണത് ഗതാഗത തടസ്സം സൃഷ്ടിച്ചു. വര്‍ക്കല നഗരസഭാ പ്രദേശത്തെ കണ്ണംമ്പ സുജിത്ത് ഭവനില്‍ ചന്ദ്രിക ദേവിയുടെ ഉടമസ്ഥതയിലുള്ള കിണര്‍ പൂര്‍ണമായും ഇടിഞ്ഞുവീണു. 100 അടി താഴ്ചയുള്ള കിണറിന്റെ കൈവരികളും ഗ്രില്ലും ഉള്‍പ്പെടെ ഉഗ്രശബ്ദത്തോടെയാണ് നിലംപൊത്തിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഉണ്ടായ പേമാരിക്കിടയിലാണ് വീടിനോടു ചേര്‍ന്നുള്ള കിണര്‍ ഇടിഞ്ഞു വീണത്. പ്ലാവഴികം ഉദയന്‍ കുഴി റോഡില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന ചീലാന്തി മരം റോഡിന് കുറുകെ വീണ് ഗതാഗത തടസ്സം ഉണ്ടായി.

വര്‍ക്കല സ്റ്റേഷന്‍ ഓഫീസര്‍ അരുണ്‍ മോഹന്റെ നേതൃത്വത്തില്‍ ഫയര്‍മാന്‍മാരായ ഡി. രാജന്‍, അംജിത്, രാജീവ്, വിനോദ്, രാംലാല്‍, നൗഷാദ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം എത്തിയാണ് റോഡിന് കുറുകെ വീണ മരം മുറിച്ച്‌ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. ഓടയം പറമ്പില്‍ ക്ഷേത്രത്തിനു സമീപം ശക്തമായ കാറ്റില്‍ റോഡിലേക്ക് ചാഞ്ഞു വീണ മരം വര്‍ക്കല ഫയര്‍ഫോഴ്സ് എത്തി നീക്കം ചെയ്തു. ചിലക്കൂര്‍ വള്ളക്കടവില്‍ രൂപപ്പെട്ട വെള്ളക്കെട്ട് ഫയര്‍ഫോഴ്സ് ചിലക്കൂര്‍ കടലിലേക്ക് ഒഴുക്കി വിട്ടു.

വര്‍ക്കല പുന്നമൂട്, ജവഹര്‍ പാര്‍ക്ക്, മൈതാനം റെയില്‍വേ അടിപ്പാത, എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ടി.എസ് കനാലില്‍ ജലനിരപ്പ് ഉയര്‍ന്നു. തീരദേശ മേഖലയില്‍ ശക്തമായ കടല്‍ കാറ്റ് അനുഭവപ്പെടുന്നുണ്ട്. ചിലക്കൂര്‍, വള്ളക്കടവ്, റാത്തിക്കല്‍, അരിവാളം, പാപനാശം, തിരുവമ്പാടി, ഇടവ, ഓടയം, കാപ്പില്‍ ബീച്ചുകളില്‍ ശക്തമായ തിരമാലകള്‍ തീരത്തേക്ക് അടിച്ചു കയറുന്നുണ്ട്. മുന്നറിയിപ്പ് ഉള്ളതിനാല്‍ വര്‍ക്കല തീരമേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യ ബന്ധത്തിനായി പോയിരുന്നില്ല. ചെമ്മരുതി, ഇടവ, ചെറുന്നിയൂര്‍, വെട്ടൂര്‍, പഞ്ചായത്ത് പ്രദേശങ്ങളിലെ നെല്‍പ്പാടങ്ങളിലും, കൃഷിയിടങ്ങളിലും നേരിയ തോതില്‍ വെള്ളം കയറിയിട്ടുണ്ട്.

Related Articles

Back to top button