KeralaLatest

അതി തീവ്ര ചുഴലിക്കാറ്റായി ടൗട്ടേ

“Manju”

തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം അതി തീവ്ര ചുഴലിക്കാറ്റായ ടൗട്ടേ ആയി മാറി. ടൗട്ടേ ചുഴലിക്കാറ്റിന്റെ പ്രഭാവം കാരണം സംസ്ഥാനത്ത് മഴ തുടരും. കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 16 വരെ തുടരുമെന്നതിനാല്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട് പ്രഖ്യാപിച്ചു.

അതേസമയം, ഞായറാഴ്ച രാവിലെ കൂടുതല്‍ ശക്തിപ്രാപിച്ച ടൗടെ ഇപ്പോള്‍ ഗോവന്‍ തീരത്തിന് 150 കിലോമീറ്റര്‍ അകലെയാണ് സ്ഥാനം. ചുഴലിക്കാറ്റ് ചൊവ്വാഴ്ച രാവിലെ ഗുജറാത്ത് തീരം തൊടും. മുംബൈയിലും ഗുജറാത്തിലും അതീവ ജാഗ്രത മുന്നറിയിപ്പാണ്. ചുഴലിക്കാറ്റ് കേരളതീരത്ത് നിന്ന് അകന്നെങ്കിലും അറബിക്കടല്‍ പ്രക്ഷുബ്ദമായിരിക്കും. ഞായറാഴ്ചയും ശക്തമായ കടലാക്രമണവും കാറ്റും ഉണ്ടാകും.

കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും മഴയും കടല്‍ക്ഷോഭവും ഞായറാഴ്ചയും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വൈകുന്നേരത്തിനു ശേഷമേ മഴയ്ക്ക് ശമനം ഉണ്ടാകൂ. മീന്‍ പിടുത്തക്കാര്‍ക്ക് കടലില്‍ പോകുന്നതിന് പൂര്‍ണവിലക്കുണ്ട്.

എറണാകുളം ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞു. ജില്ലയില്‍ 21 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവര്‍ത്തിക്കുന്നുണ്ട്. ചെല്ലാനത്ത് കടല്‍ക്ഷോഭം ഉണ്ടായമേഖലയില്‍ താമസിച്ചിരുന്നവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി. എന്‍ഡിആഎഫിന്റെ ഒരു സംഘം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. മഴയുടെ അളവ് കുറഞ്ഞതിനാല്‍ കൊച്ചി നഗരത്തിലുള്‍പ്പടെ രൂപപ്പെട്ട വെള്ളക്കെട്ട് കുറഞ്ഞിട്ടുണ്ട്. തൃശ്ശൂര്‍ നഗരതിലും തീരദേശത്തും രാത്രി മഴ പെയ്‌തെങ്കിലും ശക്തമായിരുന്നില്ല. കൊടുങ്ങല്ലൂര്‍ ചാവക്കാട് എറിയാട് എന്നിവിടങ്ങളില്‍ കടല്‍ ക്ഷോഭം തുടര്‍ന്നു. 354 പേരെ ക്യാമ്പിലേക്ക് മാറ്റി.

കനത്ത മഴയില്‍ ഇടുക്കി ജില്ലയില്‍ വ്യാപക കൃഷി നാശമുണ്ടായി. നിരവധി വീടുകള്‍ തകര്‍ന്നു. കാറ്റില്‍ മരങ്ങള്‍ വ്യാപകമായി ഒടിഞ്ഞ് വീഴുന്നതാണ് പ്രധാന പ്രതിസന്ധി. കോഴിക്കോട് ഫറോക്ക് വാക്കടവ്, ബേപ്പൂര്‍, ഗോതീശ്വരം, കപ്പലങ്ങാടി, കൊയിലാണ്ടി ഭാഗങ്ങളില്‍ കടലാക്രമണം രൂക്ഷമായി തുടരുകയാണ്. ബേപ്പൂര്‍, പൂണാര്‍ വളപ്പില്‍ ശക്തമായ കടല്‍ക്ഷോഭത്തില്‍ വീടിന്റെ മതിലിടിഞ്ഞ് പതിനഞ്ചോളം പേര്‍ക്ക് പരിക്കുപറ്റി. അതേസമയം, കാസര്‍കോട് രാവിലെ ശക്തമായ മഴ തുടരുകയാണ്. തീരമേഖലയില്‍ ശക്തമായ കടലാക്രമണവുമുണ്ട്.

Related Articles

Back to top button