India

കൊറോണ മുക്തരിൽ പുതിയ ഫംഗസ് ബാധ

“Manju”

ന്യൂഡൽഹി: കൊറോണ രോഗമുക്തരായവരിൽ പുതിയ ഫംഗസ് ബാധ കണ്ടുവരുന്നതായി റിപ്പോർട്ട്. പൂനെയിൽ നിന്നുളളവരിലാണ് ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്തത്. മൂന്ന് മാസത്തിനുളളിൽ പുതിയതരം ഫംഗസ് ബാധിച്ച് നാല് കേസുകളാണ് ഉണ്ടായത്. കൊറോണ മുക്തർക്ക് ഭീഷണിയായിരുന്ന ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോർമൈക്കോസിസിന്റെ പശ്ചാത്തലത്തിൽ പുതിയ ഫംഗസ് ബാധ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

പ്രഭാകർ എന്ന 66 കാരനിലാണ് മൂന്ന് മാസങ്ങൾക്ക് മുൻപ് ആദ്യം ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തത്. കൊറോണ മുക്തനായി ഒരു മാസത്തിന് ശേഷം പനിയും കടുത്ത നടുവേദനയും അനുഭവപ്പെടുകയായിരുന്നു. മസിലിനെ ബാധിക്കുന്ന പ്രശ്‌നങ്ങളാണെന്ന് കരുതി മരുന്നുകൾ കഴിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് എംആർഐ സ്‌കാൻ നടത്തിയപ്പോഴാണ് എല്ലിനിടയിൽ ഫംഗസ് ബാധ കണ്ടെത്തിയത്.

നട്ടെല്ലിന്റെ ഡിസ്‌കിനിടയിൽ തകരാർ ഉണ്ടാക്കുന്ന സ്‌പോണ്ടിലോഡിസൈറ്റീസ് എന്ന രോഗത്തിലേക്കും ഇത് നയിച്ചിരുന്നു. എല്ലിന്റെ ബയോപ്‌സിയിൽ നിന്നാണ് ഫംഗസ് ബാധയാണെന്ന് മനസിലായത്.

പടർന്നുപിടിക്കുന്ന അണുബാധയാണെന്നതും കണ്ടുപിടിക്കാൻ പ്രയാസമാണെന്നതും ഈ ഫംഗസ് ബാധയുടെ അപകടം വർദ്ധിപ്പിക്കുകയാണ്. കൊറോണ മുക്തരായവരുടെ വായുടെ ഉൾവശത്തും അപൂർവ്വമായി ശ്വാസകോശങ്ങളിലും ഈ ഫംഗസ് ബാധ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.

ഫംഗസ് ബാധ കണ്ടെത്തിയ നാല് പേരും കൊറോണ ചികിത്സയ്‌ക്കായി സ്റ്റിറോയ്ഡുകൾ ഉപയോഗിച്ചവരാണ്. ന്യുമോണിയ ഉൾപ്പെടെയുളള കൊറോണാനന്തര പ്രശ്‌നങ്ങളും ഇവർക്ക് ഉണ്ടായിരുന്നു. ഈ മാസമാണ് നാലാമത്തെ കേസ് റിപ്പോർട്ട് ചെയ്തത്.

Related Articles

Back to top button