Uncategorized

അനുഭവവും അത്ഭുതവുമാണ് ഗുരു- ജനനി അഭേദ ജ്ഞാന തപസ്വിനി

“Manju”

ശാന്തിഗിരി: അടുത്തറിയുമ്പോൾ ഗുരു അനുഭവവും അത്ഭുതവുമാണെന്ന് ജനനി അഭേദ ജ്ഞാന തപസ്വിനി. ശാന്തിഗിരി ആശ്രമത്തിലെ 38-ാമത് സന്ന്യാസദീക്ഷാവാര്‍ഷികത്തോടനുബന്ധിച്ച്  ഇന്ന് രാവിലെ (01.10.2022 ശനിയാഴ്ച) 11 മണിക്ക് സ്പിരിച്വൽ സോൺ കോൺഫറൻസ് ഹാളിൽ നടന്ന അനുഭവം പങ്കുവെയ്ക്കലിൽ സംസാരിക്കുകയായിരുന്നു ജനനി. ആശ്രമത്തിൽ ആദ്യമായി എത്തിയതും ഗുരുവിനെക്കണ്ടതുമെല്ലാം ജനനി വിവരിച്ചു. ആശ്രമത്തെക്കുറിച്ച് പൊതുസമൂഹത്തിന് ബോധ്യമില്ലാതിരുന്ന സമയത്തും ധാരാളം വിമർശനങ്ങൾ ഉള്ള സമയത്തുമാണ് ഇവിടെ എത്തിയത്. ഗുരു നൽകിയ സ്നേഹവാത്സല്യങ്ങളാണ് ഗുരുവിലേക്കടുപ്പിച്ചത്.

കുടുംബാംഗങ്ങളോടൊപ്പം എത്തി ഗുരുപൂജ ചെയ്യാൻ അനുവാദം ലഭിച്ചു. കുടുബത്തിൽ നിന്നും ഇരുപത്തിയഞ്ചോളം പേർ ഗുരുപൂജ ദിവസം ഇവിടെയെത്തി. നിറഞ്ഞ ചിരിയോടെ ഗുരു എല്ലാവരേയും വരവേറ്റു. ഗുരുവിനെ കണ്ടമാത്രയിൽ ഒരു വലിയ പ്രകാശവലയം ഗുരുവിൻ ചുറ്റും കാണപ്പെട്ടെന്നും നമസ്കരിച്ചതിനുശേഷം എഴുന്നേൽക്കാൻ പോലും സാധിച്ചില്ലെന്നും പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭവ അവസ്ഥയാണ് അന്നുണ്ടായതെന്നും ജനനി പറഞ്ഞു. ഗുരുപൂജ ദിവസം പ്രാർത്ഥനയിലും വിവിധ കർമ്മങ്ങളിലും പങ്കാളിയായി. മുന്ന് മണിയുടെ ആരാധനയ്ക്ക് ശേഷം ഗുരു ദീർഘനേരം സംസാരിച്ചു. “നിങ്ങൾ എന്നെയല്ല വിശ്വസിക്കേണ്ടത്. ഇവിടെയൊരു പരമമായ സത്യമുണ്ട്. ആ സത്യത്തെ ഉൾക്കൊണ്ട് പ്രവർത്തിക്കണം. അപ്പോൾ ആ സത്യം അനുഭവമായി തെളിഞ്ഞു വരുമെന്ന് ഗുരു എല്ലാവരോടുമായി പറഞ്ഞു. കുടുംബത്തിൽ ഒരു വലിയ ദോഷമുണ്ടായിരുന്നെന്നും ഗുരുപൂജ ചെയ്തതോടെ അതു മാറിയെന്നും ഇനിയൊരു ഭാഗ്യം വരുമെന്നും കുടുംബത്തിൽ ഒരു കുഞ്ഞെങ്കിലും സന്ന്യാസത്തിന്റെ വഴി തെരഞ്ഞെടുക്കണമെന്നും ഗുരു അന്നു പറഞ്ഞതായി ജനനി അറിയിച്ചു. സന്ന്യാസം എന്തെന്ന് പോലും അറിയാത്ത കാലഘട്ടത്തിൽ ലഭിച്ച ദർശനക്കാഴ്ചകൾ ഗുരുവിനോട് പറയുകയും സമയമാകുമ്പോൾ ഇത് വെളിപ്പെടുത്തിയാൽമതിയെന്ന് ഗുരു നിർദേശിക്കുകയും ചെയ്തിരുന്നു.

1979 കാലഘട്ടത്തിൽ ഏഴുപേരെക്കൊണ്ട് ഗുരു ഒരു വലിയ കർമ്മം ചെയ്യിക്കുകയുണ്ടായി. 112 ദിവസം നീണ്ടു നിന്ന ഒരു പദയാത്ര. കുംഭമേളയ്ക്ക് മുന്നോടിയായി ഗുരു ആ മഹദ്കർമ്മം അവരെക്കൊണ്ട് ചെയ്തെടുപ്പിക്കുകയായിരുന്നു. കടത്തിണ്ണയിലും ക്ഷേത്രനടയിലും വഴിയോരത്തുമൊക്കെ ഉണ്ടും ഉറങ്ങിയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച ആ സംഘത്തിൽ തന്റെ അച്ഛനും പിൽക്കാലത്ത് സന്ന്യാസിയുമായ സ്വാമി പുഷ്കരൻ ജ്ഞാന തപസ്വിയും ഉണ്ടായിരുന്നുവെന്ന് ജനനി പറഞ്ഞു. സന്ന്യാസം എന്നത് ഒരു തീർപ്പാണ്. ജീവിതത്തിൽ ആ തീർപ്പെടുക്കാനും ഗുരു തന്ന സന്ന്യാസജീവിതം സത്യമായി പുലർത്താനും നമുക്ക് കഴിയണം. 2016 മുതലാണ് ബ്രാഞ്ചാശ്രമങ്ങളിൽ സേവനത്തിനായി ഭാഗ്യം ലഭിച്ചത്. ഗുരു ഓരോരുത്തരിലും എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയാനും കാണാനും അനുഭവിക്കാനും കഴിഞ്ഞത് ബ്രാഞ്ചാശ്രമത്തിലെ സേവനത്തിലൂടെയാണ്. ആദ്യമൊക്കെ വിഷമം ഉണ്ടായെങ്കിലും കർമ്മരംഗ രാവിലെത്ത് ഗുരു നമ്മെ കൂടുതൽ പ്രാപ്തരാക്കുകയായിരുന്നുവെന്ന് മനസിലായെന്നും ജനനി കൂട്ടിച്ചേർത്തു.

Related Articles

Check Also
Close
Back to top button