Uncategorized

ഗുരുവാക്കിന്റെ ആഴമറിയാൻ കാലങ്ങൾ കാത്തിരിക്കണം- സ്വാമി ശരണ്യപ്രകാശ ജ്ഞാനതപസ്വി

“Manju”

ശാന്തിഗിരി: സ്നേഹത്തിലും നർമ്മത്തിലും ശാസനരൂപത്തിലുമൊക്കെ ഗുരു നമ്മോട് പറയുന്ന വാക്കുകളുടെ ആഴമറിയാൻ നമുക്ക് ചിലപ്പോൾ കാലങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നും അനുഭവങ്ങളുടെ തീച്ചൂളയിൽ വാർത്തെടുക്കുന്നതാണ് സന്ന്യാസജീവിതമെന്നും സ്വാമി ശരണ്യപ്രകാശ ജ്ഞാനതപസ്വി. ശാന്തിഗിരി ആശ്രമത്തിലെ 38-ാമത് സന്ന്യാസദീക്ഷാവാര്‍ഷികത്തോടനുബന്ധിച്ച് ആറാംദിനമായ ഇന്ന് (01.10.2022 ശനിയാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് സ്പിരിച്വൽ സോൺ കോൺഫറൻസ് ഹാളിൽ നടന്ന മീറ്റിംഗിൽ സംസാരിക്കുകയായിരുന്നു സ്വാമി.

കുട്ടിക്കാലം മുതൽ തന്നെ തന്റെ മനസ്സിൽ ആത്മീയചിന്തയുണ്ട്. ഭൗതികതയെക്കുറിച്ചും ആത്മീയതയെക്കുറിച്ചും ഒരുപാട് വിശകലനം ചെയ്തിട്ടുമുണ്ട്. 1982 ൽ ആശയപ്രചരണത്തിനായി ആശ്രമത്തിൽ നിന്നും ഒരു സംഘം തന്റെ നാട്ടിൽ വീടുകൾ തോറും വരുമായിരുന്നു. അന്നത് അത്ര കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് അവർ വരാതായപ്പോൾ വിഷമം തോന്നി . ജ്യേഷ്ഠൻ ട്യൂഷൻ പഠിപ്പിച്ചിരുന്ന ഒരു വിദ്യാർത്ഥിയിലൂടെയാണ് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തെക്കുറിച്ച് കൂടുതൽ അറിയുന്നത്. ആശ്രമത്തിലെത്തി ഗുരുവിനെ കണ്ടു. ആശ്രമത്തിൽ സ്ഥിരമായി നിൽക്കണമെന്നും വേണ്ടെന്നും രണ്ട് മനസ്സുണ്ടായി. ഒരിക്കൽ ഒരു കുട്ടിയെ ട്യൂഷൻ പഠിപ്പിക്കാനായി വീട്ടിലെത്തിയപ്പോൾ മലയാളം രണ്ടാം ഭാഗം ‘ഉത്തിഷ്ഠത, ജാഗ്രത” എന്ന പുസ്തകം ശ്രദ്ധയിൽപ്പെട്ടു. വിവേകാനന്ദസ്വാമിയുടെ ജീവിതം വരച്ചുകാട്ടിയ ആ പുസ്തകം വായിക്കുന്നതിനിടെ ഒരു ഉൾവിളി ഉണ്ടായി. ആത്മീയമായ ഒരു ലക്ഷ്യം അന്വേഷിച്ച് കണ്ടെത്തുന്നതിന് ആശ്രമവുമായുള്ള ബന്ധം ശക്തിപ്പെടുത്തണം ഇതായിരുന്നു മനസ്സിൽ പതിഞ്ഞ ആ വാക്കുകൾ. പിന്നീടൊന്നും ആലോചിച്ചില്ല. മാസത്തിലൊരിക്കൽ ആശ്രമത്തിൽ വന്നിരുന്ന തന്റെ ഇടവേളകൾ രണ്ടാഴ്ചയായും ഒരാഴ്ചയായും ദിവസങ്ങളായും ചുരുങ്ങി. ഒരിക്കൽ ഗുരുവിനോട് ആശ്രമത്തിൽ നിൽക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ “സമയമായില്ല പിന്നീടാവട്ടെ. ഇപ്പോൾ ഇവിടെ നിന്നാൽ വലിയ ബുദ്ധിമുട്ടുണ്ടാകും” എന്നാണ് ഗുരു പറഞ്ഞത്. സത്യവും ധർമ്മവും നീതിയും കുടികൊള്ളുന്ന ഈ മണ്ണിൽ ബുദ്ധിമുട്ടോ? എന്ന് അറിവില്ലായ്മ കൊണ്ട് ചിന്തിച്ചു. മൂന്ന് വർഷത്തിനുശേഷം ബ്രഹ്മചാരിയായി നിൽക്കാൻ അനുവാദം ലഭിച്ചു. അതിനു ശേഷമാണ് ഗുരുവിന്റെ വാക്കുകളൂടെ ആഴവും പരപ്പും മനസിലാകുന്നത്. ഗുരുവിന്റെ ശാസനയിലും സ്നേഹമുണ്ട്. ഗുരു എന്നും നമ്മെ ചേർത്ത് നിർത്തുമെന്നും എന്തു വേദന വന്നാലും ഇവിടെ പിടിച്ചുനിൽക്കണമെന്നും സ്വന്തം അനുഭവങ്ങളെ മുൻനിർത്തി ഗുരുധർമ്മപ്രകാശസഭ അംഗങ്ങളോടും നിയുക്തരായവരോടും സ്വാമി പറഞ്ഞു.

Related Articles

Back to top button