IndiaKerala

സിക്ക വൈറസ് ബാധ; വിദഗ്ധ സംഘം കേരളത്തിലേക്ക്

“Manju”

ന്യൂഡൽഹി : സിക്ക വൈറസ് ബാധ സ്ഥിരീകരിച്ച കേരളത്തിലേക്ക് വിദഗ്ധരുടെ പ്രത്യേക സംഘത്തെ അയച്ച് കേന്ദ്രം. ആറ് പേരടങ്ങുന്ന പ്രത്യേക സംഘത്തെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അയച്ചത്. കേരളത്തിനാവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് കേന്ദ്രം അറിയിച്ചു.

സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും, പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ സഹായിക്കുന്നതിനുമാണ് കേന്ദ്ര സംഘം എത്തുന്നത്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം കേന്ദ്രത്തിന് റിപ്പോർട്ട് നൽകും. പൊതുജന ആരോഗ്യവിദഗ്ധർ, എയിംസിൽ നിന്നുള്ള സാംക്രമിക രോഗ വിദഗ്ധർ തുടങ്ങിയവരാണ് സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.

നിലവിൽ 14 പേർക്കാണ് കേരളത്തിൽ സിക്ക വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരസഭാ പരിധിക്കുള്ളിലെ ആളുകളാണ് രോഗം സ്ഥിരീകരിച്ചവർ എന്നാണ് വിവരം. 24 കാരിയായ ഗർഭിണിയ്ക്കാണ് ആദ്യമായി രോഗമുള്ളതായി കണ്ടെത്തിയത്.

പനി, തലവേദന, ശരീരത്തിലെ ചുവന്ന തടിപ്പ് എന്നിവയാണ് സിക്ക വൈറസ് ബാധയുടെ ലക്ഷണങ്ങൾ. സമാനലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സ തേടിയ കൂടുതൽ പേരുടെ ഫലങ്ങൾ പരിശോധനയ്ക്കായി പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.

Related Articles

Back to top button