Uncategorized

ശാന്തിഗിരിയിൽ സന്ന്യാസിയാകാൻ ജർമ്മനിയിൽ നിന്ന് സ്റ്റെഫാനും

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിൽ ഒക്ടോബർ 5 ന് നടക്കുന്ന സന്ന്യാസദീക്ഷാവാർഷിക ചടങ്ങിൽ ജർമ്മൻ സ്വദേശി സ്റ്റെഫാൻ യോഹന്നസ് ഷീസ്സ്ൽ എന്ന സ്റ്റെഫാനും സന്ന്യാസദീക്ഷ ലഭിക്കും. ആദ്യമായാണ് ഇന്ത്യയ്ക്ക് പുറത്തുള്ള ഒരാൾക്ക് ആശ്രമത്തിൽ നിന്നും ദീക്ഷ നൽകുന്നത്. സഹകരണമന്ദിരത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഗുരുസ്ഥാനീയ ശിഷ്യപൂജിത സ്റ്റെഫാനുൾപ്പടെ 20 പേർക്ക് ദീക്ഷ നൽകും. ജർമ്മനിയിലെ ബയാൺ മ്യൂണിക്ക് സ്വദേശിയാണ് നാൽപ്പത്തിമൂന്നുകാരയ ഇദ്ധേഹം. കൊൺറാഡ് ഷീസ്സ്ലിന്റെയും വെറോണിക്ക ഷീസ്സ്ലിന്റെയും മകനായി 1979 മെയ് 21 ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 5 വർഷം കൺസ്ട്രക്ഷൻ മേഖലയിൽ ജോലി ചെയ്തു. കത്തോലിക്ക് കുടുംബമായതിനാൽ ചെറുപ്പം മുതൽ ആത്മീയവിഷയങ്ങളിൽ അതീവതാൽപ്പര്യം തോന്നി. ഇംഗ്ലീഷ് ഭാഷയിൽ കൂടുതൽ പരിജ്ഞാനം നേടാൻ അയർലണ്ടിലേക്ക്. സമൂഹത്തിലെ സാധാരണക്കാർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം കൊണ്ട് രണ്ട് വർഷം സോഷ്യൽ വർക്കറായി സേവനമനുഷ്ടിച്ചു.

ആത്മീയ ഗുരുവിനെത്തേടിയുള്ള അന്വേഷണമായിരുന്നു പിന്നേടുള്ള ജീവിതം. മിലരേപയുടെ പുസ്തകം വായിച്ചതിനു ശേഷം ടിബറ്റിലേക്ക് പോകണമെന്ന് കരുതിയെങ്കിലും സാഹചര്യങ്ങൾ അതിന് അനുവദിച്ചില്ല. യാത്ര ഇന്ത്യയിലേക്കാക്കി. 2001 സെപ്തംബർ 23 ന് ഇന്ത്യയിലെത്തി. വിവിധ സ്ഥലങ്ങളിൽ അലഞ്ഞു. അവസാനം ബോംബെയിൽ നിന്ന് കേരളത്തിലേക്ക് ട്രെയിൻ കയറി. 2001 സെപ്തംബർ 30 ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലെത്തി. സഹകരണമന്ദിരത്തിൽ ഗുരുവിന്റെ ഛായാചിത്രം കണ്ടതോടെ ഇതാണ് താൻ അന്വേഷിച്ചു നടന്ന ആത്മീയഗുരുവെന്ന് മനസ്സിൽ ഉറപ്പിച്ചു. ആശ്രമത്തിൽ നിൽക്കണമെന്ന ആഗ്രഹം ഗുരുസ്ഥാനീയ ശിഷ്യപൂജിതയോട് അറിയിച്ചു. പോയിട്ട് അടുത്തദിവസം വരാൻ ശിഷ്യപൂജിത പറഞ്ഞു. അടുത്ത ദിവസം ഒരു പൗർണ്ണമി ദിവസമായിരുന്നു. അന്ന് ആശ്രമത്തിൽ നിൽക്കാനുള്ള അനുവാദം ലഭിച്ചു. പിന്നേടങ്ങോട്ട് 21 വർഷങ്ങൾ ഗുരുഭക്തരിൽ ഒരാളായി ആശ്രമത്തിൽ സേവനം. ആശ്രമത്തിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഇടം ഏതെന്നു ചോദിച്ചാൽ ” സഹകരണ മന്ദിരം” എന്ന് സ്റ്റെഫാൻ മറുപടി പറയും. എല്ലാ ദിവസവും ഗുരുദർശനത്തിനായി സഹകരണമന്ദിരം വൃത്തിയാക്കുന്നത് സ്റ്റെഫാൻ തന്റെ അവകാശം പോലെയാണ് കണ്ടത്. സഹകരണമന്ദിരത്തിന്റെ പടവുകളിൽ കർമ്മനിരതായി നിൽക്കുന്ന വിദേശിയെ ആശ്രമത്തിന്റെ ആത്മബന്ധുക്കളിൽ കുഞ്ഞുകുട്ടികൾക്ക് വരെ അറിയാം.

സ്റ്റെഫാന് നാട്ടിൽ ഒരു സഹോദരനും രണ്ട് സഹോദരിമാരുമുണ്ട്. അവർ രണ്ടു തവണ ആശ്രമം സന്ദർശിച്ചു. അച്ഛനും അമ്മയ്ക്കും വരാൻ കഴിഞ്ഞിട്ടില്ല. അവരെ നാട്ടിൽപ്പോയാണ് കാണുന്നത്. വർഷങ്ങൾ നീണ്ട ബ്രഹ്മചര്യത്തിനൊടുവിൽ സന്ന്യാസദീക്ഷ ലഭിക്കുന്നതിൽ ഏറെ സന്തോഷവാനാണ് താനെന്ന് സ്റ്റെഫാൻ ശാന്തിഗിരി ന്യൂസിനോട് പറഞ്ഞു.

Related Articles

Back to top button