InternationalLatest

പ്രായം വെറും നമ്പര്‍, പത്ത് വയസുകാരി ഉയര്‍ത്തിയത് 102.5 കിലോഗ്രാം

“Manju”

അതിയായ ആഗ്രഹത്തോടെ, ആത്മവിശ്വാസത്തോടെ കഠിനാധ്വാനം ചെയ്‌താല്‍ നേടാന്‍ സാധിക്കാത്തതായി ഒന്നും തന്നെയില്ലെന്ന് പറയാറുണ്ട്. പ്രായം വെറും നമ്പര്‍ മാത്രമായി മാറുന്ന ചില സമയങ്ങളുണ്ട്. അത്തരത്തില്‍ പവര്‍ലിഫ്റ്റിംഗിലൂടെ അഹമ്മദാബാദിലെ കനക് ഇന്ദര്‍സിംഗ് ഗുര്‍ജര്‍ എന്ന പത്തുവയസുകാരി ഏവരെയും വിസ്‌മയിപ്പിക്കുകയാണ്.
102.5 കിലോഗ്രാം ഉയര്‍ത്തിയാണ് കൊച്ചുമിടുക്കി കൈയടി നേടിയത്. മൊട്ടേരയില്‍ വച്ച്‌ നടന്ന മീറ്റിലായിരുന്നു കൊച്ചുമിടുക്കിയുടെ പ്രകടനം. ഇതോടെ അടുത്തവര്‍ഷം യുഎസിലെ ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ നടക്കുന്ന ലോക പവര്‍ലിഫ്റ്റിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള വഴി തുറന്നു. ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ അഞ്ച് വരെയാണ് ലോക പവര്‍ലിഫ്റ്റിംഗ് ചാമ്ബ്യന്‍ഷിപ്പ് നടക്കുന്നത്.
കുട്ടിയുടെ മാതാപിതാക്കളായ ഇന്ദര്‍ സിംഗും ഗുര്‍ജര്‍ ധാരിണി ഗുര്‍ജറും പവര്‍ലിഫ്റ്റിംഗ് താരങ്ങളാണ്. അന്താരാഷ്ട്ര മീറ്റുകളില്‍ നിരവധി മെഡലുകള്‍ ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്. 2021 ഡിസംബറില്‍ 75 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ നേടിയാണ് ഇന്ദര്‍ സിംഗ് ശ്രദ്ധനേടിയത്.
‘ഞാനും ഭാര്യയും മൊട്ടേരയില്‍ നടന്ന ഗുജറാത്ത് സ്റ്റേറ്റ് പവര്‍ലിഫ്റ്റിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പോയിരുന്നു. മുതിര്‍ന്ന ഒരു വനിതാ കായികതാരം ഞങ്ങളേക്കാള്‍ കൂടുതല്‍ ഭാരം പൊക്കുന്നത് കണ്ടപ്പോള്‍ ഇത് തനിക്കും പരീക്ഷിക്കണമെന്ന് മോള്‍ ഞങ്ങളോട് പറഞ്ഞു. ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് അവള്‍ 102.5 കിലോ ഉയര്‍ത്തിയത്.’ -മാതാപിതാക്കള്‍ പറഞ്ഞു.
‘സാധാരണയായി പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികളെ ജിം പരിശീലനം ചെയ്യാന്‍ ഞങ്ങള്‍ അനുവദിക്കാറില്ല. അവരോട് ഫിറ്റ്നസ് നിലനിര്‍ത്താന്‍ ഓടാനും ശാരീരിക അദ്ധ്വാനം കുറഞ്ഞ വ്യായാമം ചെയ്യാനുമാണ് നിര്‍ദേശിക്കാറ്. എന്നാല്‍ ഇപ്പോള്‍ കനക് എന്നോടൊപ്പം ജിമ്മില്‍ വന്ന് ലിഫ്റ്റിംഗ് പരിശീലിക്കാറുണ്ട്.’- ഇന്ദര്‍ സിംഗ് വ്യക്തമാക്കി.

Related Articles

Back to top button