KeralaLatest

ക്രൈമിയ പാലം സ്ഫോടനം : എട്ട് പേരെ റഷ്യ പിടികൂടി

“Manju”

മോസ്കോ : കഴിഞ്ഞ ശനിയാഴ്ച ക്രൈമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കെര്‍ച് പാലത്തിലുണ്ടായ ശക്തമായ സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എട്ട് പേരെ കസ്റ്റഡിയിലെടുത്തെന്ന് റഷ്യയുടെ സുരക്ഷാ ഏജന്‍സിയായ ഫെഡറല്‍ സെക്യൂരി​റ്റി സര്‍വീസ് (എഫ്.എസ്.ബി) അറിയിച്ചു.
അഞ്ച് റഷ്യക്കാരെയും മൂന്ന് യുക്രെയിന്‍, അര്‍മേനിയന്‍ പൗരന്മാരെയുമാണ് പിടികൂടിയത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പാലത്തിലൂടെ കടന്നുപോയ ട്രക്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
22,​770 കിലോഗ്രാം ഭാരമുള്ള 22 പ്ലാസ്റ്റിക് ഫിലിം റോളുകളിലായാണ് സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നതെന്നും ഇവ ഓഗസ്റ്റില്‍ യുക്രെയിനിലെ ഒഡേസ തുറമുഖത്ത് നിന്ന് ബള്‍ഗേറിയയിലേക്ക് ബോട്ട് മാര്‍ഗ്ഗം എത്തിക്കുകയായിരുന്നെന്നും എഫ്.എസ്.ബി പറഞ്ഞു. ഇത് ജോര്‍ജിയയിലെ പോട്‌ലി തുറമുഖത്തേക്കും അവിടെ നിന്ന് അര്‍മേനിയയിലേക്കും തുര്‍ന്ന് റോഡ് മാര്‍ഗം റഷ്യയിലേക്കും എത്തിക്കുകയായിരുന്നെന്നും അധികൃതര്‍ പറയുന്നു.
ജോര്‍ജിയന്‍ ലൈസന്‍സ് പ്ലേറ്റോട് കൂടിയ ട്രക്ക് ഒക്ടോബര്‍ 4ന് റഷ്യയില്‍ പ്രവേശിച്ചിരുന്നു. സ്ഫോടനത്തിന് രണ്ട് ദിവസം മുന്നേ ട്രക്ക് ക്രാസ്നോഡര്‍ മേഖലയിലെത്തിയെന്നും പറയുന്നു. സ്ഫോടനത്തെ ‘ ഭീകരാക്രമണം ” എന്ന് വിശേഷിപ്പിച്ച എഫ്.എസ്.ബി ആക്രമണത്തിന് പിന്നില്‍ യുക്രെയിന്റെ സീക്രട്ട് സര്‍വീസാണെന്നും കീവ് ആസ്ഥാനമായുള്ള അവരുടെ ഒരു ഏജന്റാണ് സ്ഫോടനം ഏകോപിപ്പിച്ചതെന്നും പറഞ്ഞു.
ഉഗ്രസ്‌ഫോടനത്തിന് പിന്നാലെ പാലത്തിന്റെ ഒരു ഭാഗം ഭാഗികമായി തകര്‍ന്ന് കടലില്‍ പതിച്ചിരുന്നു. സമാന്തര റെയില്‍ പാലത്തിലുണ്ടായിരുന്ന ചരക്ക് ട്രെയിനിന്റെ ഏഴ് എണ്ണ ടാങ്കറുകള്‍ക്ക് തീപിടിച്ചു. ഗതാഗതം വൈകാതെ റഷ്യ ഭാഗികമായി പുനഃസ്ഥാപിച്ചിരുന്നു. മൂന്ന് പേരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.
യൂറോപ്പിലെ ഏറ്റവും വലുതും തെക്കന്‍ യുക്രെയിനിലേക്ക് റഷ്യന്‍ സൈന്യത്തിന് ആയുധങ്ങളും മറ്റും എത്തിക്കാന്‍ ഉപയോഗിച്ചിരുന്നതുമായ തന്ത്രപ്രധാനമായ കെര്‍ച് പാലത്തിലെ സ്ഫോടനത്തിന് തിരിച്ചടിയായി കീവ് ഉള്‍പ്പെടെയുള്ള യുക്രെയിന്‍ നഗരങ്ങളില്‍ തിങ്കളാഴ്ച മുതല്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു.

Related Articles

Back to top button