IndiaKeralaLatest

അധികാരത്തില്‍ സൗമ്യത ഇഴചേര്‍ത്ത കര്‍മ്മയോഗി

തിരുവനന്തപുരം ജില്ലാ കളക്ടറും ശാന്തിഗിരി ആശ്രമം ജനറല്‍ മാനേജരുമായിരുന്ന എം.കെ. ഭാസ്കരന്‍ ഐ.എ.എസ്. (റിട്ട.) നെ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുസ്മരിക്കുന്നു.

“Manju”

“എല്ലാ ബ്രാഞ്ചുകളിൽ നിന്നും ദൈനംദിന കളക്ഷൻ കേന്ദ്ര ആഫീസിൽ വരണം, അന്നന്ന് ബാങ്കിൽ കളക്ഷൻ റെമിറ്റ് ചെയ്യണം, പേറോൾ പ്രകാരം വേണം ശമ്പളം അയക്കേണ്ടത്. കേന്ദ്രീകൃതമായ ഭരണം ഉണ്ടാകണം. അതുണ്ടെങ്കിലെ വികേന്ദ്രീകരണം ഫലവത്താകൂ. ഓരോ ആശ്രമം ബ്രാഞ്ചുകളും ആർക്കും കടന്നു ചെല്ലാനാവാത്ത ഒറ്റപ്പെട്ട ദ്വീപുകളായി പ്രവർത്തിക്കരുത്. സേവനം ചെയ്യുന്നവരെപ്പറ്റി ക്യത്യമായ വിവരങ്ങൾ ശേഖരിക്കണം”  എം.കെ. ഭാസ്കരൻ ഐ.എ.എസ്. എന്ന പുതിയ ചുമതലക്കാരൻ ഇതൊക്കെ പറയുമ്പോള്‍ നടക്കാത്ത ഏതോ കാര്യം പോലെ ഞങ്ങളൊക്കെ പരസ്പരം നോക്കി ചിരിച്ചു.അന്നത്തെ കാലഘട്ടത്തില്‍ ആശ്രമത്തിന്റെ രീതീയനുസരിച്ച് ഇതൊന്നും ചിന്തിക്കാൻ കഴിയുന്ന കാര്യമായിരുന്നില്ല.

ഭാസ്കരൻ സാറിന്റെ കീഴിൽ ആയൂർവേദ വൈദ്യശാലയിൽ 1998 മുതൽ 2000 വരെയുള്ള കാലത്ത് പ്രവർത്തിക്കാൻ സാധിച്ചു. ബ്രഹ്മചാരി സംഘത്തിൽ എത്തിയപ്പോൾ സ്വഭാവികമായും ഞാൻ ചുമതലകളിൽ എത്തി. ആ സമയത്ത് അദ്ദേഹത്തിന്റെ ക്യാബിനിൽ പോയിരുന്നു സംസാരിച്ച എന്നിൽ ആ ചിന്തകൾ സൃഷ്ടിച്ച ചലനം ചെറുതല്ല. അതിന്റെ തുടർച്ചയാണ് 2008 ൽ ശാന്തിഗിരി ആശ്രമത്തിന്റെ ഭരണതലത്തിലെ “സെൻട്രലൈസേഷൻ” എന്ന പ്രകിയ. അന്ന് ഏറെ പഴികേട്ട ഒരു ഭരണ മാറ്റം. പക്ഷേ ഇന്ന് പ്രസ്ഥാനത്തിന്റെ സകല മേഖലകളിലും അതിന്റെ ഗുണഫലങ്ങൾ ഏറെ പ്രകടമാകുന്ന കാലം. പിന്നീടുള്ള കാലത്ത് അദ്ദേഹത്തിന്റെ മരുമക്കളിൽ മൂത്ത ആളായ ഡി പ്രദീപ് കുമാർ എന്റെ ഓഫീസിലിരുന്നു ഭരണരംഗം ക്രിയാത്മകമാക്കുന്നതും നിയോഗം. തികഞ്ഞ ഗുരുഭക്തനായിരുന്നു ഭാസ്കരൻ സാര്‍, സ്വാത്വികനായ ഒരു മനുഷ്യൻ. സൗമ്യനായ ആ വ്യക്തിയെ ഗുരു ആശ്രമത്തിന്റെ ഭരണതലത്തിലേയ്ക്ക് കൊണ്ടുവന്നപ്പോൾ അദ്ദേഹത്തിന്റെ ശാന്തമായ ഇടപെടലുകൾ വൈദ്യശാലയ്ക്ക് പുതിയ മാനങ്ങൾ നൽകി.

ആയൂർവേദ & സിദ്ധ വൈദ്യശാലയുടെ ചുമതലക്കാരനായിരുന്ന പ്രധാനപ്പെട്ട ആളെ ആശ്രമത്തിന്റെ ചുമതലയിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായി. 1998 വർഷത്തിലായിരുന്നു അത്. ഒരു ദിവസം ആയൂർവേദ സിദ്ധ വൈദ്യശാലയിലെ എല്ലാവരെയും വിളിച്ചുവരുത്തി “കെട്ടിടം” എന്നു വിളിപ്പേരുള്ള ബിൽഡിംഗിൽ വച്ച് ഗുരു സംസാരിച്ചു.

“ഇദ്ദേഹം കളക്ടറായിരുന്നു. ഐ എ എസുകാരനാണ്. പറയുന്ന എല്ലാ കാര്യങ്ങൾ നിങ്ങൾ എല്ലാവരും അനുസരിക്കണം” അങ്ങനെ ഭാസ്കരൻ ഐ എ എസ് ശാന്തിഗിരി ആയൂർവേദ സിദ്ധ വൈദ്യശാലയുടെ ജനറൽ മാനേജറായി ചുമതല എറ്റെടുത്തു. തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്ന അദ്ദേഹത്തിന്റെ അനുഭവപരിചയം പ്രസ്ഥാനത്തിന് ഉപയോഗപ്പെടുത്താൻ ഗുരു ആഗ്രഹിച്ചു.

കോട്ടയം കടുത്തുരുത്തിയിൽ യശശ്ശരീരായ കുഞ്ചുവിന്റെയും നാരായണിയുടെയും പുത്രനായി 1933-ലാണ് അദ്ദേഹം ജനിച്ചത്. കടുത്തുരുത്തിയിൽ തന്നെ പ്രാദേശിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളേജിൽ ഉപരിപഠനം നടത്തി. സംസ്ഥാന റവന്യൂ ഡിപ്പാർട്ട്മെന്റിൽ തഹസിൽദാരായി സേവനം ആരംഭിച്ചു. 1959 ൽ കടുത്തുരുത്തി സ്വദേശിനിയായ കെ.ലക്ഷ്മിയുമായി വിവാഹം നടന്നു. ജോലിയിലിരിക്കെ രണ്ട് സംസ്ഥാന മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിയായി സേവനം അനുഷ്ഠിക്കാൻ അവസരം ലഭിച്ചു. ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്ന ഇ.ജോൺ ജേക്കബിന്റെയും ആരോഗ്യ വൈദ്യുത വകുപ്പ് മന്ത്രി കെ. പി. പ്രഭാകരന്റെയും കൂടെ പ്രവർത്തിച്ച ആ കാലഘട്ടം അദ്ദേഹത്തിന്റെ പ്രവർത്തന മികവിന് ദൃഷ്ടാന്തമായിരുന്നു.

തുടർന്ന് 1982-ൽ അദ്ദേഹത്തിന് ഐ.എ.എസ്. ലഭിക്കുന്നത്. 1984 നവംബർ 7 മുതൽ 1986 സെപ്റ്റംബർ 30 വരെയാണ് തിരുവനന്തപുരം ജില്ലാ കളക്ടറായി പ്രവർത്തിച്ചത്. എംപ്ലോയ്മെൻറ് ആൻഡ് ട്രെയിനിങ് ഡിപ്പാർട്ട്മെന്റിലും സാമൂഹിക ക്ഷേമ വകുപ്പിലും ഡയറക്ടറായും സേവനമനുഷ്ഠിച്ചു. സംസ്ഥാന സഹകരണ ബാങ്ക് മാനേജിങ് ഡയറക്ടറായിട്ട് സർവീസിൽ നിന്ന് വിരമിച്ചു.

കൊല്ലം എഴുകോൺ സ്വദേശിയും റിട്ട. റൂറൽ ഡവല്പ്‌‌മെന്റ് അഡീഷണൽ കമ്മീഷണറും ഗുരുഭക്തനുമായ ഡി.എം.കിഷോർ വഴിയാണ് ഈ കുടുംബം ആശ്രമത്തിൽ എത്തുന്നത്. അദ്ദേഹത്തിന്റെ അനുജനും എഫ് എ സി റ്റി ജനറൽ മാനേജരുമായിരുന്ന ഡി പ്രദീപ് കുമാർ ഭാസ്കരൻ സാറിന്റെ മൂത്തമകൾ ഡോ ബി ഉഷാകുമാരിയെ വിവാഹം ചെയ്തു. 1995ലാണ് ഭാസ്കരൻ സാർ ആദ്യമായി ഗുരുവിനെ കാണാനായി എത്തുന്നത്. മുൻകൂട്ടി നിശ്ചയിച്ച ഒരു ഓപ്പറേഷൻ നടത്താനുണ്ടായിരുന്നു. നടത്തിയാൽ ബോധം തിരികെ കിട്ടും എന്നുള്ള കാര്യത്തിന് ഡോക്ടർമാർ ഉറപ്പു നൽകിയിരുന്നില്ല. പിന്നീട് ഗുരുവിന്റെ നിർദ്ദേശപ്രകാരം ഒരു ലോക്കൽ അനസ്തേഷ്യയിലൂടെ ഈ ഓപ്പറേഷൻ വിജയകരമായി നടന്നു. 1998ൽ അദ്ദേഹത്തിന് ഹൃദയാഘാതം വന്ന സമയത്ത് ആ അവസ്ഥ തരണം ചെയ്യാനായി ആശ്രമത്തിൽ പ്രത്യേക പ്രാർത്ഥന നടത്തിയിരുന്ന കാര്യം ഞാൻ ഓർക്കുന്നു.

ഓരോ കാലത്തു ആശ്രമത്തിന്റെ നടത്തിപ്പിനെ സംബന്ധിച്ച് ഗുരു അതാത് കാലങ്ങളിൽ പ്രമുഖരായ പല വ്യക്തികളേയും ഉൾപ്പെടുത്തിയിരുന്നു അവരുടെയൊക്കെ അനുഭവപരിചയങ്ങളെ ഉപയോഗപ്പെടുത്തികൊണ്ട് അതിൽ തന്റെ കാരുണ്യം നിറച്ച് മഹിമപ്പെടുത്തി പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോയി. അവരുടെയൊക്കെ പ്രവർത്തനങ്ങളെ ഗുരു ഏറെ വിലയോടെ കണ്ടു. ഇന്നു കാണുന്ന പ്രസ്ഥാനത്തിന്റെ ഭരണപരമായ അടുക്കും ചിട്ടയും പ്രവർത്തന പദ്ധതികളും പല കാലങ്ങളിൽ ഔദ്യോഗികരംഗത്ത് കടന്നു വന്ന പ്രധാന വ്യക്തികളൂടെ വിഭാവനയുടെ തുടർച്ച കൂടിയാണ്.

ഗുരുവിനെക്കുറിച്ച് പറയുമ്പോഴേക്കും ഭാസ്കരൻ സാറിന്റെ കണ്ണുകൾ നിറയുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ നാലു മക്കളും ഇന്ന് ആശ്രമത്തിന്റെ വിവിധ സേവനമേഖലകളിൽ പ്രവർത്തിക്കുന്നു. ഈ വർഷത്തെ സന്ന്യാസദീക്ഷാ വാർഷികത്തിൽ ചെറുമക്കളായ അരവിന്ദിനെയും ഭക്തപ്രിയനെയും ബ്രഹ്മചാരി സംഘത്തിലേക്ക് സമർപ്പിച്ചാണ് ഗുരുഭക്തനായ ഈ ആത്മബന്ധുവിന്റെ മടക്കയാത്ര. ചെറുമക്കൾ ബ്രഹ്മചാരിമാരായ വിവരം അറിഞ്ഞതോടെ അദ്ദേഹം വളരെയധികം സന്തോഷത്തിലായിരുന്നു. എല്ലാം കൊണ്ടും നിറഞ്ഞ മനസ്സോടെയാണ് അദ്ദേഹം ഗുരുവിലേക്ക് യാത്രയാകുന്നത്.

മക്കൾ : ഡോ. ഉഷാകുമാരി .ബി ( റിട്ട. അഡീഷണൽ ഡയറക്ടർ, കേരള ഹെൽത്ത് സർവീസസ്) , ഷാജി.ബി ( കൺവീനർ, ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം), മണിലാൽ.ബി ( അഗ്രിക്കൾച്ചർ ഡിപ്പാർട്ട്മെന്റ്, ശാന്തിഗിരി ആശ്രമം), മിനിമോൾ ബി ( എ.ജി.എം- അക്കൗണ്ട്സ്, ശാന്തിഗിരി ആശ്രമം എറണാകുളം ഏരിയ)
മരുമക്കള്‍ : ഡി.പ്രദീപ് കുമാര്‍, റിട്ട. ജനറല്‍ മാനേജര്‍ FACT, എ.സുപ്രിയ, കോര്‍ഡിനേറ്റര്‍, ശാന്തിഗിരി മാതൃമണ്ഡലം, കെ.ബി. മഹിത, ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ്, അനില്‍ കെ.എസ്., റിട്ട.ജോയിന്റ് രജിസ്ട്രാര്‍, കേരള ഹൈക്കോടതി. ചെറുമക്കള്‍ : ബ്രഹ്മചാരി അരവിന്ദ് പി., ഡോ. ഗായത്രി പി., ബ്രഹ്മചാരി ഭക്തപ്രിയൻ് എസ്., ജ്ഞാനമിത്രൻ എം.

അദ്ദേഹത്തിന്റെ പാവന സ്മരണയ്ക്ക് മുന്നിൽ പ്രാർത്ഥനകൾ, ആദരാജ്ഞലികൾ
സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി
ജനറല്‍ സെക്രട്ടറി, ശാന്തിഗിരി ആശ്രമം

Related Articles

Back to top button