Latest

രാജി ആവശ്യപ്പെടാൻ ചാൻസലർക്ക് കഴിയില്ലെന്ന് എംജി വിസി; പുറത്താക്കാൻ അധികാരമുണ്ടെന്ന് ഹൈക്കോടതി

“Manju”

കൊച്ചി: രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ നൽകിയ നോട്ടീസിനെതിരെ വിസിമാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ വാദത്തിനിടെ കോടതി നടത്തിയത് നിർണായക നിരീക്ഷണങ്ങൾ. വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി സാങ്കേതിക സർവ്വകലാശാലയ്‌ക്ക് മാത്രം ബാധകമാണെന്ന് വൈസ് ചാൻസിലർമാർ വാദിച്ചു. എന്നാൽ ആരെങ്കിലും ചോദ്യം ചെയ്തില്ലെങ്കിൽ അതുവരെ തുടരാമെന്ന് വാദിക്കുന്നത് എങ്ങനെയെന്ന് ആയിരുന്നു കോടതിയുടെ മറുചോദ്യം. ജസ്റ്റീസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് പ്രത്യേക സിറ്റിംഗിലൂടെ ഹർജി പരിഗണിക്കുന്നത്.

വൈസ് ചാൻസലർമാരെ ഇത്തരത്തിൽ നീക്കം ചെയ്യാൻ ചാൻസലർക്ക് അധികാരം ഇല്ലെന്നും ഹർജിക്കാർ വാദിച്ചിരുന്നു. എന്നാൽ ഇതും കോടതി അംഗീകരിച്ചില്ല. നിങ്ങളെ നിയമിച്ചത് ചാൻസലർ അല്ലേയെന്നായിരുന്നു കോടതിയുടെ ചോദ്യം. നിയമന അധികാരി ചാൻസലറാണ്. അതിനാൽ എന്തുകൊണ്ട് ചാൻസലർക്ക് നടപടിയെടുത്തുകൂടായെന്നും കോടതി ചോദിച്ചു.

സാങ്കേതിക സർവ്വകലാശാല വിസി നിയമനം അസാധുവാണെന്ന് സുപ്രീംകോടതി വിലയിരുത്തിയതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആ വിധി ബാധകമാണെങ്കിൽ നിങ്ങൾക്ക് ഒക്ടോബർ 24 വരെ സമയം നൽകിയ ഗവർണർ മഹാമനസ്‌കനാണെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ വാക്കാൽ അഭിപ്രായപ്പെട്ടു. സുപ്രീംകോടതി നിലപാടിനെ ചോദ്യം ചെയ്യുന്ന കാര്യങ്ങളിൽ വാദം കേൾക്കാനും കോടതി വിസമ്മതം പ്രകടിപ്പിച്ചു.

രാജി ആവശ്യപ്പെടാൻ ചാൻസലർക്ക് കഴിയില്ലെന്ന് എംജി സർവ്വകലാശാല വിസി വാദിച്ചപ്പോൾ അത് ശരിയാണ് പക്ഷെ പുറത്താക്കാനുളള അവകാശം ചാൻസലർക്ക് ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജി വെയ്‌ക്കാനാവശ്യപ്പെട്ടത് നിയമ വിരുദ്ധമാണെന്നും ശരിയായ നടപടിയല്ലെന്നുമായിരുന്നു വിസിമാരുടെ വാദം. പെരുമാറ്റ ദൂഷ്യമോ അധികാര ദുർവിനിയോഗമോ കണ്ടെത്തിയാലേ ചാൻസലർക്ക് ഇത്തരത്തിൽ നടപടി എടുക്കാൻ സാധിക്കൂവെന്നും വിസിമാർ പറഞ്ഞു. കോടതിയെ സമീപിച്ച ശേഷവും കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും വിസിമാർ ചൂണ്ടിക്കാട്ടി.

തന്റേത് പുനർനിയമനമാണെന്ന് കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രൻ വാദിച്ചു. പുനർനിയമനത്തിൽ യുജിസി ചട്ടം ബാധകമല്ലെന്നും ഇദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ 80 വയസ് വരെ താങ്കൾക്ക് പുനർനിയമനം ആകാമോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം.

അമേരിക്കയിലെ സുപ്രീം കോടതിയിൽ ജഡ്ജിമാർ വിരമിക്കാറില്ലെന്ന് കണ്ണൂർ വിസിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ചില ജഡ്ജിമാർ വിരമിക്കാറില്ല മരിച്ചു പോയ്‌ക്കോളുമെന്നായിരുന്നു ജസ്റ്റീസ് ദേവൻ രാമചന്ദ്രന്റെ മറുപടി. ചാൻസലർ സൂപ്പർ ഹ്യൂമൺ അല്ല. എല്ലാ കാര്യവും അറിയണമെന്നില്ല. ചാൻസലർക്കും തെറ്റ് പറ്റും. പിന്നീട് തിരിച്ചറിവ് ഉണ്ടായാലോയെന്നും കോടതി ചോദിച്ചു. ചാൻസലർ നിശ്ശബ്ദനായിരിക്കണോയെന്നും കോടതി ആരാഞ്ഞു.

ഇതിനിടെ സൗമ്യമായ ഭാഷ ഉപയോഗിക്കണമെന്ന് കുസാറ്റ് വി.സിയോട് കോടതി പറഞ്ഞു. വൈരാഗ്യം മൂലമാണ് ചാൻസലർ നടപടിയെടുക്കുന്നതെന്ന് വാദിക്കരുതെന്നും കുസാറ്റ് വിസിയുടെ അഭിഭാഷകനോട് കോടതി പറഞ്ഞു. മറ്റ് സർവ്വകലാശാലകളിൽ നിന്ന് വ്യത്യസ്തമായി, മലയാളം സർവ്വകലാശാലയുടെ ചട്ടം വിസിയെ മാറ്റാൻ ചാൻസലർക്ക് അധികാരം നൽകുന്നില്ലെന്നും വാദം ഉയർന്നു. നിങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്താലും മാറ്റാനാകില്ലേയെന്ന് ആയിരുന്നു കോടതിയുടെ മറുചോദ്യം. നിയമം അനുവദിക്കുന്നില്ലെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്റെ മറുപടി.

Related Articles

Back to top button