InternationalLatest

റഷ്യയില്‍ നിന്നുള്ള എണ്ണയുടെ ഇറക്കുമതി വര്‍ധിക്കുന്നു

“Manju”

ന്യൂഡല്‍ഹി: ക്രൂഡോയിലിന് പുറമേ റഷ്യയില്‍ നിന്നുള്ള വിലകുറഞ്ഞ സംസ്കരിച്ച എണ്ണയുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതിയും വര്‍ധിക്കുന്നു.
ഫെബ്രുവരിയില്‍ റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന് ശേഷമാണ് എണ്ണ ഇറക്കുമതി വര്‍ധിച്ചത്. റഷ്യയില്‍ നിന്നുള്ള സംസ്കരിച്ച എണ്ണയുടെ ഇറക്കുമതി മൂന്ന് മടങ്ങായാണ് കഴിഞ്ഞ മാസങ്ങളില്‍ വര്‍ധിച്ചതെന്ന് എനര്‍ജി കാര്‍ഗോ ട്രാക്കര്‍ വോര്‍ടെക്സ അറിയിച്ചു.
അതേസമയം, റഷ്യയില്‍ നിന്നുള്ള ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ ജൂലൈയില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. അഞ്ച് ശതമാനം ഇടിഞ്ഞ് പ്രതിദിന ഇറക്കുമതി 917,000 ബാരലായി കുറഞ്ഞു. ചൈനയാണ് റഷ്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ നിലവില്‍ ഇറക്കുമതി ചെയ്യുന്നത്. 1.06 മില്യണ്‍ ബാരലാണ് ചൈനയുടെ ഇറക്കുമതി. അതേസമയം യുറോപ്പ് റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറച്ചിട്ടുണ്ട്. 1.9 മില്യണ്‍ ബാരലാണ് യുറോപ്യന്‍ രാജ്യങ്ങള്‍ ജൂലൈയില്‍ ഇറക്കുമതി ചെയ്തത്. എന്നാല്‍, റഷ്യയില്‍ നിന്നുള്ള ഡീസല്‍ ഇറക്കുമതി യുറോപ്പ് വര്‍ധിപ്പിച്ചിട്ടുണ്ട്.
ജൂലൈയില്‍ ഇന്ത്യയുടെ 19 ശതമാനം എണ്ണ ഇറക്കുമതിയും റഷ്യയില്‍ നിന്നാണ് ഉണ്ടായത്. ജൂണില്‍ ഇത് 20 ശതമാനമായിരുന്നു. റഷ്യയില്‍ നിന്നുള്ള സംസ്കരിച്ച എണ്ണയുടെ ഇറക്കുമതിയും വര്‍ധിച്ചിട്ടുണ്ട്.​പ്രതിദിനം ഒരു ലക്ഷത്തോളം ബാരല്‍ സംസ്കരിച്ച എണ്ണയാണ് ഇന്ത്യയിലേക്ക് റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ 70 ശതമാനവും ഗ്യാസ് ഓയിലാണ്. ജൈവ എണ്ണയും റഷ്യയില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു.
റഷ്യയില്‍ നിന്നുള്ള ഇന്ത്യയിലേക്കുള്ള ഇറക്കുമതിയുടെ ഭൂരിപക്ഷവും കൈകാര്യം ചെയ്യുന്നത് സിക്ക തുറമുഖമാണ്. സിക്കയിലേക്കുള്ള ഇറക്കുമതിയുടെ ഭൂരിഭാഗവും ജാംനഗറിലെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റിഫൈനറി കോംപ്ലക്സിനായാണ്. മുന്ദ്ര തുറമുഖമാണ് രണ്ടാം സ്ഥാനത്ത്. എച്ച്‌.എം.ഇ.എല്ലിന്റെ ബാത്തിന്ദ ഇന്ത്യന്‍ ഓയിലിന്റെ പാനിപത്ത്, മഥുര റിഫൈനറികളുമായി തുറമുഖത്തിന് പൈപ്പ് ലൈന്‍ ബന്ധമുണ്ട്. വാഡിനാര്‍ തുറമുഖമാണ് മൂന്നാം സ്ഥാനത്ത്.

Related Articles

Back to top button