IndiaLatest

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

“Manju”

ബെംഗളൂരു: കര്‍ണാടക സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. നവംബര്‍ 11-ന് കര്‍ണാടകയിലെത്തുന്ന പ്രധാനമന്ത്രി ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും. ചെന്നൈയ്‌ക്കും മൈസൂരുവിനുമിടയിലാണ് ട്രെയിന്‍ ഓടുക. നിരവധി പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. 2.5 കോടി യാത്രക്കാരെ കൂടി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ രണ്ടാം ടെര്‍മിനല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 5,000 കോടി രൂപയാണ് ഇതിന്റെ നിര്‍മ്മാണ ചിലവ്.

കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ പ്രത്യേക പൂന്തോട്ടമാണ് സര്‍ക്കാര്‍ പണികഴിപ്പിച്ചിരിക്കുന്നത്. രാമായണത്തിലും മഹാഭാരതത്തിലും പരാമര്‍ശിച്ചിരിക്കുന്ന വൃക്ഷങ്ങളുടെ തൈകള്‍ ഇവിടെ നട്ടുപിടിപ്പിച്ചിരിക്കുന്നു. ജലം പുനരുപയോഗിക്കാനും വൈദ്യുതി ഉപഭോഗം കുറയ്‌ക്കാനും ആവശ്യമായ സംവിധാനങ്ങള്‍ വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്.

പൊതുയോഗത്തിന് ശേഷം 108 അടി ഉയരമുള്ള നാദപ്രഭു കെംപഗൗഡയുടെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നവംബര്‍ 11-ന് ബെംഗളൂരുവില്‍ നടക്കുന്ന വിവിധ പരിപാടികളുടെ ക്രമീകരണങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വിലയിരുത്തി. ചടങ്ങുകള്‍ സംബന്ധിച്ച്‌ പൊതുജനങ്ങള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാന്‍ പാടില്ല എന്ന് ബന്ധപ്പെട്ട അധികാരികള്‍ക്ക് അദ്ദേഹം നിര്‍ദ്ദേശവും നല്‍കി.

Related Articles

Back to top button