IndiaLatest

പൗരത്വ ഭേദഗതി നിയമം; ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

“Manju”

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ഇന്ത്യന്‍ പൗരന്‍മാരുടെ നിയമപരവും ജനാധിപത്യപരവും മതേതരവുമായ അവകാശങ്ങളെ ലംഘിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പ്രശ്നം പരിഹരിക്കാനാണ് നിയമം കൊണ്ടുവന്നതെന്ന് കാണിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും.

പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ മതപീഡനം നേരിടുന്ന ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനാണ് പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിയത്. ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെട്ട ദശാബ്ദങ്ങള്‍ പഴക്കമുള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടിയാണിത്. ഇത് രാജ്യത്തെ പൗരന്‍മാരുടെ അവകാശങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കി.

നിയമം വിവേചനപരമല്ല. വിവിധ രാജ്യങ്ങളില്‍ മതപീഡനം അനുഭവിക്കുന്ന മുസ്ലീങ്ങളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു. അയല്‍ രാജ്യങ്ങളില്‍ മതപീഡനം അനുഭവിക്കുന്ന വിഭാഗങ്ങള്‍ ഏതാണെന്ന് തീരുമാനിക്കാന്‍ പാര്‍ലമെന്റിന് അധികാരമുണ്ട്. നിയമത്തെ കോടതിയില്‍ ചോദ്യം ചെയ്യാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു.

Related Articles

Back to top button