IndiaLatest

3,024 വീടുകള്‍‌; താക്കോല്‍ പ്രധാനമന്ത്രി കൈമാറി

“Manju”

ഡല്‍ഹി: ‘ചേരി പുനരധിവാസ പദ്ധതിപ്രകാരം ഡല്‍ഹിയിലെ കല്‍ക്കാജിയില്‍ പുതുതായി നിര്‍മ്മിച്ച 3,024 വീടുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിച്ചു. അര്‍ഹരായ ജനങ്ങള്‍ക്ക് വീടിന്റെ താക്കോലുകളും പ്രധാനമന്ത്രി കൈമാറി. എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയുടെ ഭാഗമായാണ് 376 ജുഗ്ഗിജോപ്രി ചേരിയിലെ ജനങ്ങള്‍ക്ക് വീടുകള്‍ നല്‍കി പുനരധിവസിപ്പിച്ചതെന്ന് ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റി (ഡിഡിഎ) അറിയിച്ചു.

സാധാരണക്കാര്‍ക്ക് വീടു നല്‍കാന്‍ കഴിഞ്ഞതിലും അവരുടെ സന്തോഷം അനുഭവിച്ചറിയാന്‍ സാധിച്ചതിലും നരേന്ദ്രമോദി സന്തോഷം പങ്കുവെച്ചു. ‘ആയിരക്കണക്കിന് ചേരി നിവാസികള്‍ക്ക് ഇത് ഒരു വലിയ ദിവസമാണ്. ജീവിതത്തിലെ ഒരു പുതിയ തുടക്കം. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ഞാന്‍ താക്കോല്‍ കൈമാറുമ്ബോള്‍, അവരുടെ സന്തോഷവും സംതൃപ്തിയും നിറഞ്ഞ മുഖങ്ങള്‍ എനിക്ക് കാണാന്‍ കഴിഞ്ഞു. കല്‍ക്കാജി വിപുലീകരണത്തിന്റെ ആദ്യ ഘട്ടത്തില്‍ 3,000-ലധികം വീടുകള്‍ നിര്‍മ്മിച്ചുഎന്നും പ്രധാനമന്ത്രി താക്കോല്‍ ദാനത്തിന് ശേഷം പറ‍‍ഞ്ഞു.

ജുഗ്ഗി ജോപ്രി ചേരിയിലെ താമസക്കാര്‍ക്ക് നല്ല സൗകര്യങ്ങളും ആരോഗ്യകരമായ ജീവിത അന്തരീക്ഷവും പ്രദാനം ചെയ്യുക എന്നതാണ് പുനരധിവാസ പദ്ധതിയുടെ ലക്ഷ്യം. കല്‍ക്കാജി, ജയിലര്‍വാലാ ബാഗ്, കത്പുത്‌ലി കോളനി എന്നിവിടങ്ങളില്‍ മൂന്ന് പദ്ധതികളാണ് ഇത്തരത്തില്‍ ഡിഡിഎ ഏറ്റെടുത്തിരിക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഏകദേശം 345 കോടി മുടക്കിയാണ് 3,024 വീടുകള്‍ പൂര്‍ത്തിയാക്കിയത്. വികസനം താഴെത്തട്ടിലേക്ക് എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും നരേന്ദ്രമോദി ചൂണ്ടിക്കാണിച്ചു.

Related Articles

Back to top button