IndiaLatest

വായുമലിനീകരണം ; പ്രൈമറി സ്കൂളുകള്‍ നാളെ മുതല്‍ അടച്ചിടും

“Manju”

ദില്ലി ; വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദില്ലിയില്‍ കൂടുതല്‍ നടപടികള്‍ കടുപ്പിക്കുന്നു. പ്രൈമറി സ്കൂളുകള്‍ നാളെ മുതല്‍ അടച്ചിടും. അഞ്ചാം ക്ലാസ് മുതൽ ക്ലാസ് മുറിക്ക് പുറത്തുള്ള പ്രവർത്തനങ്ങൾ നിര്‍ത്തിവയ്ക്കും. കായിക മല്‍സരങ്ങള്‍ അടക്കമുള്ള പ്രവര്‍ത്തികള്‍ സ്കൂളുകളില്‍ അനുവദിക്കില്ല.

അതേസമയം, വായുമലിനീകരണത്തിന്റെ പേരില്‍ രാഷ്ട്രീയപ്പോരിന് ഇല്ലെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി. എന്നാല്‍ ഉത്തരേന്ത്യയില്‍ വായുമലിനീകരണം അപകടകരമായ നിലയിലാണ്. പലയിടങ്ങളും പുകമഞ്ഞാല്‍ മൂടപ്പെട്ടു. ദില്ലിയിലെ മാത്രം കണക്കെടുത്താല്‍ ഇന്നലെ വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയത് മോശം അവസ്ഥയായ 389 ആണ്. വായു മലിനീകരണം കാരണം ദില്ലിയിലെയും ഹരിയാനയിലെയും ചില സ്കൂളുകള്‍ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റി.

രാജ്യ തലസ്ഥാനമായ ദില്ലിയില്‍ പുകമഞ്ഞ് ഒരാഴ്ചയായി തുടരുന്നു. വായു ഗുണനിലവാരസൂചിക പ്രകാരം ദില്ലിയിലെ പത്തോളം പ്രദേശങ്ങള്‍ ഇപ്പോഴും വായു മലിനീകരണത്തിന്റെ അപകടാവസ്ഥയിലാണ്. ദില്ലിയിലെ ആര്‍ കെ പുരത്താണ് ഇന്നലെ വായു ഗുണനിലവാരസൂചിക അപകടകരമായ 486 രേഖപ്പെടുത്തിയത്. ഒപ്പം അലിപ്പൂര്‍, ആനന്ദ് ലോക്, ആനന്ദ് വിഹാര്‍, അശോക് വിഹാര്‍, ദ്വാരക സെക്ടര്‍, കരോള്‍ബാഗ്, എന്നിവിടങ്ങളിലും 400 മുകളില്‍ സൂചിക രേഖപ്പെടുത്തി. ദില്ലിയിലെ വായു മലിനീകരണത്തിന് ഒരു പരിഹാരമില്ല.

പഞ്ചാബ് ഹരിയാന ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ വിളവെടുപ്പിന് ശേഷം കൃഷിയിടങ്ങളില്‍ തീയിടുന്നതും മലിനീകരണം ഉയര്‍ത്തുന്നു. മലിനമായ വായു ശ്വസിക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Related Articles

Back to top button