KeralaLatest

ആറ് വയസുകാരന് നേരെ ആക്രമണം: ദേശീയ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

“Manju”

ന്യൂഡല്‍ഹി: കണ്ണൂരില്‍ കാറില്‍ ചാരിനിന്നതിന് ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവത്തില്‍ ഇടപെടലുമായി ദേശീയ ബാലാവകാശ കമ്മീഷന്‍. സംഭവത്തില്‍ ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്കും കണ്ണൂര്‍ എസ്പിക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി. കുട്ടിയെ ശിശുക്ഷേമ സമിതിക്ക് മുമ്ബാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തണമെന്നും കമ്മീഷന്‍ അറിയിച്ചു.

മാദ്ധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കമ്മീഷന്റെ ഇടപെടലുണ്ടായത്. ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പ്രിയങ്ക് കനൂങ്കോ ആണ് നോട്ടീസ് നല്‍കിയത്. എന്താണ് സംഭവിച്ചതെന്നും കേസുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നും വ്യക്തമാക്കി വിശദീകരണം നല്‍കണമെന്നാണ് കമ്മീഷന്റെ ആവശ്യം. എഫ്‌ഐആറിന്റെ കോപ്പി അടക്കം ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ട് ഏഴ് ദിവസത്തിനകം സമര്‍പ്പിക്കണം.

വ്യാഴാഴ്ച രാത്രിയായിരുന്നു 20-കാരനായ മുഹമ്മദ് ശിഹ്ഷാദ് എന്നയാള്‍ രാജസ്ഥാനി ബാലനോട് നടുറോഡില്‍വെച്ച്‌ ക്രൂരമായി പെരുമാറിയത്. തന്റെ കാറില്‍ ചാരി നിന്ന ഗണേഷ് എന്ന 6 വയസുകാരനെ യുവാവ് ചവിട്ടി തെറിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നിര്‍ബന്ധിതരായി. കണ്ണൂര്‍ തലശേരിയിലാണ് സംഭവമുണ്ടായത്. കുട്ടിയുടെ നടുവിന് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. നിലവില്‍ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന വാദം ശക്തമായതോടെ ഇക്കാര്യം പരിശോധിക്കുമെന്ന് ഡിജിപി അറിയിച്ചു.

Related Articles

Back to top button