IndiaLatest

നേപ്പാളില്‍ വന്‍ഭൂകമ്പം

“Manju”

ന്യൂഡല്‍ഹി: ബുധനാഴ്ച പുലര്‍ച്ചെ നേപാളിനെയും അയല്‍മേഖലകളെയും പിടിച്ചുകുലുക്കി വന്‍ഭൂകമ്ബം. റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആറു പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നേപ്പളിലെ ദോട്ടി ജില്ലയില്‍ വീടു തകര്‍ന്നാണ് ആറു പേരും മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. ഉത്തരാഖണ്ഡിലെ പിഥോറഗഢില്‍നിന്ന് 90 കിലോമീറ്റര്‍ തെക്കുകിഴക്ക് നേപാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഭാഗത്താണ് പ്രഭവ കേന്ദ്രമെന്ന് ദേശീയ സീസ്മോളജി സെന്റര്‍ പറഞ്ഞു.

ന്യൂഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും അതിശക്തമായ ചലനങ്ങളാണ് ഇതിന്റെ തുടര്‍ച്ചയായി അനുഭവപ്പെട്ടത്. ഉറങ്ങിക്കിടക്കുന്ന സമയമായിട്ടും ശക്തമായ പ്രകമ്ബനത്തില്‍ ഞെട്ടിയുണര്‍ന്ന പലരും വീടുവിട്ട് പുറത്തിറങ്ങി. 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് നേപാളില്‍ ഭൂകമ്ബമുണ്ടാകുന്നത്. ചൊവ്വാഴ്ച രാവിലെ 4.5 രേഖപ്പെടുത്തിയ ഭൂകമ്ബം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒക്ടോബര്‍ 19ന് 5.1 രേഖപ്പെടുത്തിയ ഭൂചലനം നടന്ന ശേഷം തുടര്‍ച്ചയായ ചലനങ്ങള്‍ രാജ്യത്തെ ഭീതിയിലാക്കിയിട്ടുണ്ട്. ജൂലൈ 31ന് ആറു രേഖപ്പെടുത്തിയ ചലനവും രാജ്യത്ത് നടന്നിരുന്നു.

2015ല്‍ 7.5 തീവ്രതയുള്ള വന്‍ ഭൂകമ്ബം തലസ്ഥാന നഗരമായ കാഠ്മണ്ഡുവിനെയും പൊഖാര പട്ടണത്തെയും തകര്‍ത്തിരുന്നു. 10,000 ഓളം പേര്‍ മരിക്കുകയും അതിന്റെ ഇരട്ടിയിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ ഭുചലനം ഇന്ത്യന്‍ നഗരങ്ങളിലും അയല്‍രാജ്യങ്ങളായ പാകിസ്താന്‍, ബംഗ്ലദേശ് എന്നിവിടങ്ങളിലും നാശനഷ്ടങ്ങളുണ്ടാക്കി. ഒരു നൂറ്റാണ്ടിനിടെ 1934ലാണ് നേപാളില്‍ ഏറ്റവും വലിയ ഭൂകമ്ബമുണ്ടാകുന്നത്. കാഠ്മണ്ഡു, ഭക്ത്പൂര്‍, പട്ടാന്‍ നഗരങ്ങള്‍ പൂര്‍ണമായി തകര്‍ന്നു.

 

Related Articles

Back to top button