
ചെന്നൈ: തമിഴിലെ പ്രമുഖ തിരക്കഥാകൃത്ത് ആരൂർ ദാസ് (91) അന്തരിച്ചു. ഞായറാഴ്ച രാത്രി ചെന്നൈയിലായിരുന്നു അന്ത്യം. ആറുപതിറ്റാണ്ടിലേറെക്കാലം സിനിമാരംഗത്ത് സജീവമായിരുന്ന അദ്ദേഹം ആയിരത്തിലധികം ചലച്ചിത്രങ്ങളുടെ ഭാഗമായി. എം.ജി.ആർ., ശിവാജി ഗണേശൻ എന്നിവർ നായകന്മാരായ ചിത്രങ്ങളിലാണ് കൂടുതലായും പ്രവർത്തിച്ചത്..
1955-ൽ നദിയധാര എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തുന്നത് ശിവാജി ഗണേശൻ നായകനായ ജനപ്രിയ ചിത്രമായ പാസമലറിന്റെ രചന നിർവഹിച്ചതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. വേട്ടക്കാരൻ, അൻപേ വാ, തായ് സൊല്ലൈ തട്ടാതെ, തനിപറവി, ആസൈമുഖം, പാർത്താൽ പസി തീരും, ദൈവമകൻ തുടങ്ങിയവ പ്രശസ്ത ചിത്രങ്ങളാണ്.
മലയാളം, തെലുഗു, കന്നഡ, ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിൽനിന്നുള്ള നൂറിലധികം മൊഴിമാറ്റ സിനിമകൾക്ക് തമിഴിൽ സംഭാഷണം എഴുതി. 1967-ൽ പെൺ എൻട്രാൽ പെൺ എന്ന സിനിമ സംവിധാനം ചെയ്തു. വടിവേലു നായകനായ തെനാലിരാമൻ ആണ് ഒടുവിൽ രചന നിർവഹിച്ച ചിത്രം