IndiaKeralaLatest

വ്യക്തികളെ വാര്‍ത്തെടുക്കുന്നതില്‍ വിദ്യാഭ്യാസം നിര്‍ണായകം: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്

“Manju”

 

കാട്ടാക്കട: വിദ്യാര്‍ത്ഥികളെ നല്ല മനുഷ്യരാക്കി മാറ്റിയെടുക്കുന്നതാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനലക്ഷ്യമെന്ന് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. വെള്ളനാട് പുനലാല്‍ ഡെയില്‍ വ്യൂവില്‍ രാംനാഥ് കോവിന്ദിന്റെ പേരില്‍ ആരംഭിച്ച ഇന്റര്‍നാഷനല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച്‌ ലൈബ്രറിയുടെ ഉദ്ഘാടനചടങ്ങില്‍ വിശിഷ്‌ടാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

വ്യക്തികളെ വാര്‍ത്തെടുക്കുന്നതില്‍ വിദ്യാഭ്യാസം നിര്‍ണായകമാണ്. ഇന്ത്യ അറിവിന്റെ കാര്യത്തില്‍ വന്‍ കുതിച്ചുചാട്ടം നടത്തുകയാണ്. ലോകത്തിന്റെ ഫാര്‍മസി ആയി മാറിയ ഇന്ത്യ കൊവിഡ് വാക്‌സിനുകള്‍ ഇതിനോടകം 70ല്‍പ്പരം രാജ്യങ്ങളിലേക്ക് കയറ്റി അയച്ചെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സ്ത്രീ ശാക്തീകരണ മേഖലയില്‍ ഡെയില്‍വ്യൂവിന്റെ പങ്ക് മഹത്തരമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്‌ത ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരാന്‍ ഡെയില്‍വ്യൂ ഡയറക്ടറായിരുന്ന സി.ക്രിസ്തുദാസിന്റെയും ഭാര്യ ശാന്താ ദാസിന്റെയും പ്രവര്‍ത്തനങ്ങള്‍ ലോകത്തിനുതന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മന്ത്രി എം.ബി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പേരില്‍ പുറത്തിറക്കിയ തപാല്‍ സ്റ്റാമ്പിന്റെ പ്രകാശനവും ഗവര്‍ണ്ണര്‍ നിര്‍വഹിച്ചു. മുന്‍ രാഷ്ട്രപതിയുടെ പത്‌നി സബിത കോവിന്ദ്, ജി.സ്റ്റീഫന്‍.എം.എല്‍.,ഡെയില്‍വ്യൂ കോളേജ് ചെയര്‍മാന്‍ ഡോ. ഡീനാദാസ്, ഡെയില്‍വ്യൂ കോളേജ് മാനേജിംഗ് ഡയക്ടര്‍ ഡോ. ഷൈജു ആല്‍ഫി, ഡയറക്ടര്‍ ഡിപിന്‍ ദാസ്, അഡിഷണല്‍ ഡയറക്ടര്‍ ഡിനില്‍ദാസ്, ഡെയില്‍വ്യൂ കോഓര്‍ഡിനേറ്റര്‍ വി.ശ്യാംകുമാര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് മുന്നോടിയായി ഡെയില്‍ വ്യൂവിലെത്തിയ മുന്‍രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പത്നി സബിത കോവിന്ദ്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മന്ത്രി എം.ബി.രാജേഷ് എന്നിവര്‍ ഡെയില്‍വ്യൂ സ്ഥാപകരുടെ സ്‌മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

 

Related Articles

Back to top button