Kerala

വന്യജീവി വാരാഘോഷത്തിന് ഇന്ന്(ഒക്ടോ.2)തുടക്കം

“Manju”

എസ് സേതുനാഥ്

വനം വകുപ്പിൻ്റെ ആഭിമുഖ്യത്തിലുള്ള സംസ്ഥാനതല വന്യജീവിവാരാഘോഷത്തിന് ഇന്ന് (ഒക്ടോ.2) തുടക്കമാകും. പരിപാടികളുടെ ഉദ്ഘാടനം തിരുവനന്തപുരം വനംവകുപ്പ് ആസ്ഥാനത്ത് രാവിലെ 11ന് നടക്കുന്ന വീഡിയോ കോണ്‍ഫറന്‍സിലൂടെ വനം മന്ത്രി അഡ്വ. കെ. രാജു. നിര്‍വഹിക്കും. കോവിഡ് രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചാണ് ഇത്തവണത്തെ വന്യജീവി വാരാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

മുഖ്യവനംമേധാവി പി.കെ.കേശവന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അരണ്യം പ്രത്യേക വന്യജീവി പതിപ്പ്, ഉഷാ രാജഗോപാല്‍ രചിച്ച സൂ ഇന്‍ മൈ ബാക്ക്യാര്‍ഡ് എന്ന പുസ്തകം, പാമ്പുപിടുത്ത പരിശീല മാനുവല്‍ എന്നിവയുടെ പ്രകാശനം വനംമന്ത്രി നിര്‍വഹിക്കും.
രാജ്യത്തെ വന്യജീവി സംരക്ഷണത്തെക്കുറിച്ച് വെല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ ഡയറക്ടര്‍ വിവേക് മേനോന്‍ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍ സ്വാഗതമാശംസിക്കും. പി.സി.സി.എഫ് ദേവേന്ദ്രകുമാര്‍ വര്‍മ്മ,സി സി എഫ് അനൂപ് കെ ആര്‍ തുടങ്ങിയവരും സംസാരിക്കും.

വരാചരണത്തോടനുബന്ധിച്ച് എല്ലാ ജില്ലകളിലും വിവിധ വിഷയങ്ങളെ അധികരിച്ചുള്ള വെബിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. വന്യജീവി വാരാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും ദേശീയോദ്യാനങ്ങളിലും കടുവാസങ്കേതങ്ങളിലും ഒക്ടോബര്‍ 2 മുതല്‍ എട്ടുവരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാക്കിയിട്ടുണ്ട്.
വാരാഘോഷപരിപാടികള്‍ എട്ടിന് സമാപിക്കും. വന്യത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കുമായി വനംവകുപ്പ് നടത്തിയ വിവിധ മത്സരങ്ങളുടെ ഫലങ്ങൾ സമാപനച്ചടങ്ങില്‍ പ്രഖ്യാപിക്കും.

 

Related Articles

Back to top button