IndiaLatest

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് അധികാരമേല്‍ക്കും

“Manju”

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 25ഓളം കാബിനറ്റ് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. 182 സീറ്റുകളില്‍ 156 സീറ്റും 53 ശതമാനം വോട്ട് ഷെയറും നേടിയാണ് ബിജെപി ഇക്കുറി അധികാരത്തിലെത്തുന്നത്. ഗാന്ധിനഗറില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, മറ്റ് കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, ഹരിയാന മുഖ്യന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരും ചടങ്ങിനെത്തും.

മൂന്ന് വലിയ സ്റ്റേജുകളാണ് സത്യപ്രതിജ്ഞാ ചടങ്ങിനായി തയ്യാറാക്കിയിരിക്കുന്നത്. ഭൂപേന്ദ്ര പട്ടേല്‍, മന്ത്രിസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്യുന്ന അംഗങ്ങള്‍ എന്നിവര്‍ക്കാണ് മധ്യനിരയിലെ സ്റ്റേജ്. പ്രധാനമന്ത്രി, മറ്റ് കേന്ദ്രമന്ത്രിമാര്‍, ബിജെപി നേതാക്കള്‍ തുടങ്ങിയവര്‍ക്കായി വലതു വശത്തെ സ്റ്റേജാണ് ഒരുക്കിയിരിക്കുന്നത്. ചടങ്ങിലേക്ക് പ്രത്യേകമായി ക്ഷണിക്കപ്പെട്ട 200ഓളം പേര്‍ക്ക് വേണ്ടിയാണ് ഇടതുവശത്തെ സ്റ്റേജ്.

Related Articles

Back to top button