KeralaLatest

അന്ന് ഒപ്പമൊരു ഫോട്ടോ ചോദിച്ചു ; ഇന്ന് ഗോള്‍.

“Manju”

ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ ഉജ്വല പ്രകടനമാണ് ലോകം കണ്ടത്. അര്‍ജന്‍റീനയെ മുന്നില്‍ നിന്ന് നയിച്ച ലയണല്‍ മെസ്സിക്കൊപ്പം ജൂലിയന്‍ അല്‍വാരസ് എന്ന 22 കാരനും ശ്രദ്ധ നേടി. രണ്ട് ഗോളുകളാണ് അല്‍വാരസ് ക്രൊയേഷ്യന്‍ വലയിലെത്തിച്ചത്. അതില്‍ രണ്ടാമത്തെ ഗോളിലേക്ക് വഴിയൊരുക്കിയത് ലയണല്‍ മെസ്സിയും. മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമായിരുന്ന ജൂലിയന്‍ അല്‍വാരസിന്റെ ആദ്യ ലോകകപ്പാണിത്.

ലയണല്‍ മെസ്സിയുടെ കടുത്ത ആരാധകനാണ് ഈ ഇരുപത്തിരണ്ടുകാരന്‍. പത്ത് വര്‍ഷം മുമ്പ് അല്‍വാരസ് മെസ്സിക്കൊപ്പമെടുത്ത ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുഞ്ഞായിരിക്കെ മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാന്‍ അനുവാദം ചോദിച്ച്‌ എത്തിയ അല്‍വാരസിനൊപ്പം മെസ്സി ഫോട്ടോക്ക് പോസ് ചെയ്തു. എന്നാല്‍ പത്ത് വര്‍ഷത്തിനിപ്പുറം ഇന്ന് അര്‍ജന്‍റീനക്കായി മെസിയ്ക്കൊപ്പം നിന്ന് അല്‍വാരസ് നേടിയ ഗോളുകളാണ് കയ്യടി നേടുന്നത്. പ്രമുഖ സ്പോര്‍ട്സ് ജേണലിസ്റ്റ് ഫ്രാബ്രിസിയോ റൊമാനോയാണ് മെസ്സിക്കൊപ്പമുള്ള പഴയ ചിത്രം പങ്കുവച്ചത്.

അല്‍വാരസ് രണ്ടു തവണയും മെസ്സി ഒരിക്കലും ലക്ഷ്യം കണ്ടപ്പോള്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. ആറാം തവണയാണ് അര്‍ജന്റീന ലോകകപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത്. ഗോളടിച്ചും ഗോളടിപ്പിച്ചും ലയണല്‍ മെസി കളിക്കളത്തില്‍ നിറഞ്ഞുനിന്നു. 2018ലെ മൂന്നുഗോള്‍ തോല്‍വിക്ക് നീലപ്പടയുടെ കനത്ത മറുപടിയായിരുന്നു ഇത്. 33ാം മിനുട്ടില്‍ പെനാല്‍റ്റി ഗോളിലൂടെ നായകന്‍ ലയണല്‍ മെസിയും 39ാം മിനുട്ടില്‍ ജൂലിയന്‍ അല്‍വാരസും ഗോള്‍ നേടി. 69ാം മിനുട്ടില്‍ അല്‍വാരസ് തന്നെ ക്രൊയേഷ്യയ്ക്കെതിരെ മൂന്നാമത്തെ ഗോളും നേടി.

Related Articles

Back to top button