KeralaLatest

ആളുമാറി പണം അക്കൗണ്ടിലെത്തി; ദുബൈയില്‍ ഇന്ത്യക്കാരന് തടവും പിഴയും

“Manju”

ദുബൈ: ആളുമാറി അക്കൗണ്ടിലെത്തിയ പണം തിരികെ നല്‍കാന്‍ വിസമ്മതിച്ച ഇന്ത്യക്കാരന് ഒരു മാസം തടവ് ശിക്ഷയും പിഴയും.
5.70 ലക്ഷം ദിര്‍ഹം (1.25 കോടി രൂപ) അക്കൗണ്ടിലെത്തിയിട്ടും തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് ദുബൈ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇത്രയും തുക പിഴയായി അടക്കുകയും ചെയ്യണം. ശിക്ഷ കാലാവധിക്ക് ശേഷം നാടുകടത്തും. ശിക്ഷിക്കപ്പെട്ടയാളുടെ പേര് വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ഒക്ടോബറിലാണ് ഇയാളുടെ അക്കൗണ്ടിലേക്ക് മെഡിക്കല്‍ ഉപകരണ വിതരണ സ്ഥാപനത്തിന്‍റെ പണം എത്തിയത്. എവിടെ നിന്നാണ് പണം എത്തിയത് എന്ന് തനിക്കറിയില്ലായിരുന്നു എന്ന് ഇയാള്‍ കോടതിയില്‍ പറഞ്ഞു. പണം കിട്ടിയ ഉടന്‍ 52,000 ദിര്‍ഹം വാടകയായും മറ്റ് ബില്‍ തുകകളായും നല്‍കി. തുക തിരികെ നല്‍കണമെന്ന് അഭ്യര്‍ഥിച്ച്‌ കമ്ബനി അധികൃതര്‍ ബന്ധപ്പെട്ടെങ്കിലും ഇയാള്‍ വിസമ്മതിച്ചു. പലതവണ ആവശ്യപ്പെട്ടെങ്കിലും തിരികെ നല്‍കിയില്ല. ഈ കമ്ബനിയുടെ പണം തന്നെയാണ് ഇതെന്ന് ഉറപ്പില്ലാത്തതിനാലാണ് പണം തിരികെ നല്‍കാതിരുന്നത് എന്നാണ് ഇയാളുടെ വാദം.
പണം അയച്ച സമയത്ത് ജീവനക്കാരനില്‍ നിന്നുണ്ടായ പിഴവാണ് അക്കൗണ്ട് മാറാന്‍ കാരണമെന്ന് കമ്ബനി അധികൃതര്‍ പറഞ്ഞു. പണം ലഭിക്കേണ്ടവര്‍ പരാതി പറഞ്ഞതോടെയാണ് അക്കൗണ്ട് വീണ്ടും പരിശോധിച്ചതും പിഴവ് കണ്ടെത്തിയതും. ബാങ്കിനോട് പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവര്‍ വിസമ്മതിച്ചു. സ്ഥാപനത്തിന്‍റെ തെറ്റാണെന്നും ബാങ്കിന്‍റെ പിഴവല്ലാത്തതിനാല്‍ പണം നല്‍കാന്‍ കഴിയില്ലെന്നുമാണ് ബാങ്ക് അധികൃതര്‍ അറിയിച്ചത്. ഇതോടെ സ്ഥാപനം അധികൃതര്‍ അര്‍ റഫ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. പൊലീസിന്‍റെ നിര്‍ദേശ പ്രകാരം ബാങ്ക് അധികൃതര്‍ പ്രതിയുടെ അക്കൗണ്ട് മരവിപ്പിച്ചെങ്കിലും പണം തിരിച്ചെടുക്കാനായില്ല. കുറ്റം സമ്മതിച്ച ഇയാള്‍ പണം ഗഡുക്കളായി തിരിച്ചടക്കാന്‍ സമയം ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു. വിധിക്കെതിരെ ഇയാള്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അടുത്ത മാസം പരിഗണിക്കും.

Related Articles

Back to top button