IndiaLatest

മന്ത്രിക്കെന്തിന് മാസ്ക്ക്, യോഗത്തിന് കൂളായി വന്നു, ഒടുവില്‍ 200 രൂപ പിഴയടച്ചു

“Manju”

സിന്ധുമോള്‍ ആര്‍

അഹമ്മദാബാദ്:മന്ത്രിയായാലും തന്ത്രിയായാലും മാസ്ക്ക് ധരിക്കണം. ഇല്ലെങ്കില്‍ പണി കിട്ടും. കൊവിഡ് ബാധിക്കുമെന്ന് മാത്രമല്ല, പിഴയും വീഴും. മന്ത്രിയാണെന്ന് വച്ച്‌ പിഴയില്‍ നിന്ന് ഇളവ് കിട്ടില്ല. പിഴ ഒടുക്കിയേ പറ്റൂ. കാരണം ജനം കണ്ണും തുറന്നിരിക്കുകയാണ്. അങ്ങനെ ഒരബദ്ധം ഗുജറാത്തിലെ ഒരു മന്ത്രിക്ക് പറ്റി. മന്ത്രിസഭാ യോഗത്തിന് മാസ്ക്ക് ധരിക്കാതെ കൂളായിട്ടങ്ങ് കയറിച്ചെന്നു. മന്ത്രിക്കെന്ത് മാസ്ക്ക് എന്ന രീതിയില്‍. ചാനലുകാര്‍ മന്ത്രിയുടെ വരവ് അപ്പാടെയങ്ങ് പകര്‍ത്തി. ജനം കണ്ടതോടെ പ്രശ്നമായി. വിവാദമായി. നില്‍ക്കക്കള്ളിയില്ലാതെ മന്ത്രിക്ക് കോര്‍പ്പറേഷന്‍ പിഴയിട്ടു. 200രൂപ.
കായികം, യുവജനക്ഷേമം, സഹകരണം, സാംസ്‌കാരികം എന്നീ വകുപ്പുകളുടെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രി ഈശ്വര്‍ സിംഗ് താക്കോര്‍ഭായ് പട്ടേലാണ് മാസ്‌ക്ക് കഥയിലെ നായകന്‍. മറ്റ് സഹമന്ത്രിമാരും ഉദ്യോഗസ്ഥരും മാസ്‌ക്ക് ധരിച്ചുകൊണ്ടാണ് യോഗത്തിനെത്തിയത്. മന്ത്രിയുടെ നടപടി വിവാദമായതോടെ ഗാന്ധിനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് പിഴ ചുമത്തിയത്. ഇതില്‍ നിന്ന് പാഠം പഠിച്ച മന്ത്രി ഉടനെ മാസ്ക്ക് ധരിച്ചു.

അങ്ങനെ മന്ത്രിസഭാ യോഗത്തിനുശേഷം മാസ്ക്ക് ധരിച്ച്‌ മന്ത്രി പുറത്തേക്ക് വന്നു. മന്ത്രി ഒന്നുകൂടി നിയമം പാലിച്ചു. പിഴ അപ്പോള്‍ തന്നെ ഒടുക്കുകയും ചെയ്തു. പിഴ ഒടുക്കിയതിന്റെ രസീതും ഉയര്‍ത്തിക്കാണിച്ചാണ് മന്ത്രി പുറത്തിറങ്ങിയത്. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അശ്രദ്ധകൊണ്ട് സംഭവിച്ച പിഴവാണെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
ഉത്തരവാദിത്തമുള്ള ഒരു പൗരനെന്ന നിലയില്‍ എല്ലാവരോടും മാസ്‌ക്ക് ധരിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. എന്റെ തെറ്റ് മനസിലാക്കി ഞാന്‍ 200 രൂപ പിഴ അടച്ചു. മാസ്‌ക്ക് ധരിക്കാതെ യോഗത്തിനെത്തിയതിന് മന്ത്രിയെ മുഖ്യമന്ത്രി ശാസിച്ചു. അതാണ് അവിടെയിരുന്നുകൊണ്ട് തന്നെ പിഴയടച്ചതും മാസ്ക്ക് ധരിച്ചതും.

Related Articles

Check Also
Close
Back to top button