LatestThiruvananthapuram

ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രം

“Manju”

തിരുവനന്തപുരം പാറശാല ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രം തയാറായി. ഷാരോണിനെ ഗ്രീഷ്മ കൊന്നത് പത്ത് മാസത്തെ ആസൂത്രണത്തിന് ശേഷമെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. സ്വാഭാവിക മരണമെന്ന് തോന്നിപ്പിക്കുകയായിരുന്നു ഗ്രീഷ്മയുടെ ലക്ഷ്യം. ഭര്‍ത്താവ് മരിക്കുമെന്ന ജാതകദോഷം നുണക്കഥയാണ്. നാഗര്‍കോവിലിലെ സൈനികനുമായി വിവാഹം ഉറപ്പിച്ചിട്ടും പ്രണയത്തില്‍ നിന്ന് ഷാരോണ്‍ പിന്മാറാതെ വന്നതോടെയാണ് വധിക്കാന്‍ ഗ്രീഷ്മ ശ്രമം തുടങ്ങിയത്. കൊലയ്ക്ക് മുന്‍പ് അഞ്ച് തവണ വധശ്രമം നടത്തി. ജ്യൂസ് ചലഞ്ച് തിരഞ്ഞെടുത്തത് ഗൂഗിള്‍ നോക്കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

നെയ്യൂര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ വച്ചായിരുന്നു ആദ്യ വധശ്രമം. വാങ്ങിയ മാങ്ങാ ജ്യൂസ് കുപ്പിയില്‍ 50 ഡോളോ ഗുളികകള്‍ പൊടിച്ച് കലര്‍ത്തി ഷാരോണിന് കുടിയ്ക്കാന്‍ നല്‍കി. ക്രിസ്റ്റ്യന്‍ കോളേജിനോട് ചേര്‍ന്നുള്ള ആശുപത്രിയിലെ ശുചിമുറിയില്‍ വച്ച് നല്‍കിയ ജ്യൂസ് കയ്പ് കാരണം തുപ്പിക്കളഞ്ഞതുകൊണ്ട് ഷാരോണ്‍ രക്ഷപെടുകയായിരുന്നു. കുഴുത്തുറ പഴയ പാലത്തില്‍ വച്ച് ജ്യൂസ് ചലഞ്ച് എന്ന പേരിലും ഗുളിക കലര്‍ത്തിയ മാങ്ങാ ജ്യൂസ് നല്‍കി വധിക്കാന്‍ ശ്രമമുണ്ടായി. പാലത്തിലും ഗ്രീഷ്മയെ എത്തിച്ച് തെളിവെടുപ്പുണ്ടായി. ഇത് രണ്ടും പരാജയപ്പെട്ടതോടെയാണ് കളനാശിനി കലര്‍ത്തിയ കഷായം നല്‍കി ഷാരോണിനെ വകവരുത്തിയത്. ഇരുവരുടെയും വാട്ട്‌സആപ്പ് ചാറ്റുകളും ഡിലീറ്റ് ചെയ്ത ദൃശ്യങ്ങളും ഉള്‍പ്പെടെ ആയിരത്തിലേറെ ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്തു. ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കൊലയില്‍ തുല്യപങ്കെന്നും കുറ്റപത്രം പറയുന്നു.

ഡിവൈ.എസ്.പി അ..ജോണ്‍സണിന്റെ നേതൃത്വത്തില്‍ കുറ്റപത്രം തയാറാക്കുന്നത് കൊല നടന്ന് 73 ദിവസമാകുമ്പോഴാണ്. അതേസമയം സ്‌പെഷ്യന്‍ പബ്ലിക് പ്രോസിക്യൂട്ടറായി കേസില്‍ അഡ്വ വിനീത് കുമാറിനെ നിയമിച്ചു.

Related Articles

Back to top button