Uncategorized

വിശപ്പിനോട് പടവെട്ടാന്‍ ബീഡിത്തൊഴിലാളി ; ഇന്ന് യുഎസില്‍ ജഡ്ജി

ഇന്ത്യോ-അമേരിക്കന്‍ പൗരനായ സുരേന്ദ്രന്‍ കെ പട്ടേലിന്റെ വിസ്മയ ജീവിതം

“Manju”

 

ടെക്‌സാസ് : പാവപ്പെട്ട വീട്ടിലെ നായകന്‍ ഏറെ കഷ്ടപ്പെട്ട് ജീവിതവിജയം നേടുന്നത് സിനിമകളില്‍ കണ്ടിട്ടുണ്ടാകാം. എന്നാല്‍ യുഎസ് ഇന്ന് അത്തരമൊരു നിമിഷത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഇന്ത്യന്‍അമേരിക്കന്‍ പൗരനായ സുരേന്ദ്രന്‍ കെ പട്ടേല്‍ അമേരിക്കന്‍ സംസ്ഥാനമായ ടെക്‌സാസിലാണ് ജില്ലാ ജഡ്ജിയായത്. കാസര്‍ഗോട്ടെ ഒരു ദിവസ വേതനക്കാരന്റെ മകനായ സുരേന്ദ്രന്റെ ജീവിതം സിനിമയേയും തോല്‍പ്പിക്കും.

കടുത്ത ദാരിദ്ര്യത്തിലൂടെയാണ് സുരേന്ദ്രന്റെ ബാല്യം കടന്നുപോയത്. പഠിക്കുന്ന സമയത്ത് തന്നെ സഹോദരിയോടൊപ്പം ബീഡി ഉണ്ടാക്കുമായിരുന്നു. കുടുംബ സ്ഥിതി മോശമായതിനാല്‍ പത്താം ക്ലാസിനു ശേഷം പഠനം ഉപേക്ഷിച്ച്‌ മുഴുവന്‍ സമയ ബീഡിത്തൊഴിലാളിയായി.

എങ്കിലും, ഒരു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം അദ്ദേഹം പഠനം പുനരാരംഭിച്ചു. ഇകെ നായനാര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ പ്രവേശനം നേടി. അപ്പോഴും ബീഡി നിര്‍മ്മാണം ഉണ്ടായിരുന്നതിനാല്‍ കോളേജില്‍ ഹാജര്‍ പോലും കൃത്യമായി കിട്ടിയില്ല. ഇതുകാരണം പരീക്ഷ എഴുതാനും അനുവദിച്ചില്ല. എന്നാല്‍, ഏറെ ശ്രമിച്ച്‌ പരീക്ഷ എഴുതാന്‍ കോളേജിലെ അധ്യാപകരോട് അനുമതി തേടി.

അധ്യാപകരോട് ബീഡിത്തൊഴിലാളികളാണെന്ന് ഞാന്‍ പറഞ്ഞിരുന്നെങ്കില്‍. അധ്യാപകര്‍ക്ക് സഹതാപം ഉണ്ടാകും. പക്ഷേ, അതൊന്നും പറയാതെ, പരീക്ഷയില്‍ നല്ല മാര്‍ക്ക് കിട്ടിയില്ലെങ്കില്‍ പഠിത്തം വിടുമെന്ന് ഞാന്‍ അധ്യാപകരോട് പറഞ്ഞു. എന്നാല്‍, ഫലം വന്നപ്പോള്‍, ഞാന്‍ ടോപ്പറായി. ഇതിന് ശേഷം അധ്യാപകര്‍ ഏറെ പിന്തുണച്ചു. ഇക്കാരണത്താല്‍, ബിരുദത്തിലും ഒന്നാമതെത്തി.” അദ്ദേഹം പറയുന്നു.

അന്നുമുതല്‍ വക്കീലാകുക എന്നതായിരുന്നു സ്വപ്നം . അങ്ങനെ, കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് എല്‍എല്‍ബി ചെയ്യാന്‍ ആഗ്രഹിച്ചു. പക്ഷേ, സാമ്ബത്തിക പരാധീനത മൂലം അവിടെയും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു. കോളേജില്‍ ഒന്നാം വര്‍ഷത്തില്‍ ചില സുഹൃത്തുക്കളുടെ സഹായം കിട്ടി. പക്ഷേ, അടുത്ത വര്‍ഷം ഒരു ഹോട്ടലില്‍ ഹൗസ് കീപ്പിംഗ് ജോലി ചെയ്യാന്‍ തുടങ്ങി.

1995-ല്‍ നിയമബിരുദം നേടിയ ശേഷം കേരളത്തിലെ ഹൊസ്ദര്‍ഗില്‍ പ്രാക്ടീസ് തുടര്‍ന്നു. അതിനുശേഷം 2004-ല്‍ സുധ എന്ന ജൂനിയര്‍ അഭിഭാഷകയെ വിവാഹം കഴിച്ചു. പിന്നീട് സ്റ്റാഫ് നഴ്‌സായി ജോലി ലഭിച്ച സുധ ഡല്‍ഹിയിലേക്ക് മാറി. ഡല്‍ഹിയില്‍ തന്നെ സുപ്രീം കോടതിയില്‍ പ്രാക്ടീസ് തുടങ്ങി. പിന്നാലെ ഭാര്യയ്‌ക്ക് അമേരിക്കയിലെ ഹൂസ്റ്റണില്‍ ജോലി ലഭിച്ചു.

തുടര്‍ന്ന് ഇരുവരും അമേരിക്കയിലേക്ക് പോയി. അന്ന് സുരേന്ദ്രന്‍ പട്ടേല്‍ പലചരക്ക് കടയിലാണ് ജോലി ചെയ്തിരുന്നത്. ഇതിന് ശേഷം അമേരിക്കയിലും അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. അപ്പോള്‍ തനിക്ക് ജഡ്ജിയാകാമെന്ന് തോന്നി. ഭാര്യ അവിടെ ജോലി ചെയ്തിരുന്നതിനാല്‍ അമേരിക്കന്‍ പൗരത്വത്തിനായി ശ്രമിച്ചു. ഭാഗ്യവശാല്‍, 2017 ല്‍ അദ്ദേഹത്തിന് പൗരത്വം ലഭിച്ചു.

2020-ല്‍ അദ്ദേഹം ആദ്യമായി ജഡ്ജിയാകാന്‍ ശ്രമിച്ചു. എന്നാല്‍, വിജയിച്ചില്ല. പക്ഷേ, സുരേന്ദ്രന്‍ പട്ടേല്‍ പിന്മാറിയില്ല. 2022-ല്‍ അദ്ദേഹം വീണ്ടും ശ്രമിച്ചു. ജഡ്ജിയാകാനുള്ള തന്റെ സ്വപ്നം ഉപേക്ഷിക്കാന്‍ പലരും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. പക്ഷേ, അദ്ദേഹം തയ്യാറായില്ല. നിരവധി ശ്രമങ്ങള്‍ക്ക് ശേഷം ഡെമോക്രാറ്റിക് പാര്‍ട്ടി അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. എതിര്‍കക്ഷിയായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി അദ്ദേഹം തിരഞ്ഞെടുപ്പില്‍ വിജയിച്ചു.

പാവപ്പെട്ട തൊഴിലാളി കുടുംബത്തില്‍ ജനിച്ച്‌ കൊടും ദാരിദ്ര്യം തളര്‍ത്തിയിട്ടും സുരേന്ദ്രന്‍ തളര്‍ന്നില്ല. കഠിനാധ്വാനത്തിലൂടെ അദ്ദേഹം തുടര്‍ച്ചയായി വിജയത്തിന്റെ പുതിയ മാനങ്ങള്‍ നേടി. ഇപ്പോള്‍ യുഎസ് സ്റ്റേറ്റായ ടെക്സാസിന്റെ 240-ാമത്തെ ജില്ലാ ജഡ്ജിയാണ് അദ്ദേഹം .

Related Articles

Back to top button