Uncategorized

ജോഷിമഠ് നഗരം മുഴുവന്‍ മുങ്ങി പോകും!; ഭയപ്പെ‌ടുത്തുന്ന വെളിപ്പെടുത്തലുമായി ഐഎസ്‌ആര്‍ഒ

“Manju”

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ മണ്ണിടിച്ചില്‍ തുടരുകയാണ്. നെടുകെ പിളരുന്ന കെട്ടിടങ്ങളുടെയും ഇടിഞ്ഞു താഴുന്ന ഭൂമിയുടെയും ദൃശ്യങ്ങള്‍ നമ്മെ ഭയപ്പെടുത്തുന്നുണ്ട്.

ഇപ്പോഴിതാ, ദ്രുതഗതിയിലുള്ള ഭൂമി തകര്‍ച്ച കാരണം ജോഷിമഠ് നഗരം മുഴുവന്‍ മുങ്ങി പോയേക്കാം എന്ന് കണ്ടെത്തിയിരിക്കുകയാണ് ബഹിരാകാശ ഏജന്‍സിയായ ഐഎസ്‌ആര്‍ഒയുടെ (ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍). പ്രദേശത്ത് നടത്തിയ പഠനത്തിന്റെ ഭാഗമായാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ ഐഎസ്‌ആര്‍ഒ പുറത്തു വിട്ടിരിക്കുന്നത്.

നഗരം മുഴുവന്‍ അതിവേഗം മുങ്ങുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നാണ് ഐഎസ്‌ആര്‍ഒ പറയുന്നത്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ പുണ്യനഗരം വെറും 12 ദിവസത്തിനുള്ളില്‍ 5.4 സെന്റീമീറ്ററാണ് താഴ്ന്നു പോയിരിക്കുന്നത്. ഇത് സൂചിപ്പിക്കുന്ന ചില ഉപഗ്രഹ ചിത്രങ്ങളും ഐഎസ്‌ആര്‍ഒ പുറത്തു വിട്ടിട്ടുണ്ട്. ജോഷിമഠ് നഗരം, സൈനിക ഹെലിപാഡ്, നര്‍സിംഗ് മന്ദിര്‍ എന്നിവ ഉള്‍പ്പെടുന്ന പ്രദേശം വലിയ തോതില്‍ താഴ്ന്നു പോയിരിക്കുന്നു. പുറത്തു വന്ന ചിത്രങ്ങള്‍ ഭയപ്പെടുത്തുന്നതാണ്.

പ്രദേശത്തെപ്പറ്റി പ്രവചനം ഒന്നും നടത്തിയില്ല എങ്കില്‍പോലും, ജോഷിമഠ് നഗരം മുഴുവന്‍ അതിവേഗം മുങ്ങി പോയേക്കാം എന്ന ആശങ്ക ഐഎസ്‌ആര്‍ഒ പങ്കുവെച്ചു. ഈ വര്‍ഷം ജനുവരി വരെ, വെറും 12 ദിവസത്തിനുള്ളില്‍ ഭൂമി 5.4 സെന്റീമീറ്റര്‍ താഴ്ന്നത് ഭൂമി ഇടിയുന്നതിന്റെ വേഗത വര്‍ദ്ധിച്ചു എന്നതാണ് സൂചിപ്പിക്കുന്നത്. 2022 ഏപ്രിലിനും നവംബറിനും ഇടയില്‍ ഏഴ് മാസത്തിനിടെ ജോഷിമഠ് നഗരത്തിനുള്ളില്‍ -9 സെന്റീമീറ്റര്‍ വരെ താഴ്ന്ന നില രേഖപ്പെടുത്തിയതായും 2022 ഡിസംബര്‍ 27 നും 2023 ജനുവരി 8 നും ഇടയില്‍ ദ്രുതഗതിയിലുള്ള തകര്‍ച്ച സംഭവിച്ചതായും ഗവേഷകര്‍ പറയുന്നു.

ഉപഗ്രഹസഹായത്തോടെ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ 4000 പേരെയാണ് ഇതിനകം ജോഷിമഠില്‍നിന്നു മാറ്റിപ്പാര്‍പ്പിച്ചത്. 600-ല്‍ ഏറെ കെട്ടിടങ്ങള്‍ ഭാഗികമായി തകരുകയോ വിള്ളല്‍ വീഴുകയോ ചെയ്തെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇവിടങ്ങളില്‍ താമസിച്ചിരുന്നവരെ പൂര്‍ണമായി ഒഴിപ്പിച്ചു. ഐടിബിപി, കരസേനാ മന്ദിരങ്ങള്‍ക്കും വിള്ളലുണ്ട്. ജോഷിമഠിലെ 30 ശതമാനത്തോളം പ്രദേശത്തെ പ്രതിസന്ധി ബാധിച്ചതായാണു കേന്ദ്രം ചുമതലപ്പെടുത്തിയ വിദഗ്ധസംഘത്തിന്റെ വിലയിരുത്തല്‍.

Related Articles

Back to top button