Uncategorized

ആര്‍ബോണി ഗബ്രിയേല്‍ മിസ് യൂണിവേഴ്സ്

“Manju”

ലോസ്‌ആഞ്ചലസ് : അമേരിക്കയുടെ ആര്‍ബോണി ഗബ്രിയേല്‍ മിസ് യൂണിവേഴ്സ് 2022 കിരീടം സ്വന്തമാക്കി. ഇന്നലെ യു.എസിലെ ലൂസിയാനയിലെ ന്യൂഓര്‍ലീന്‍സിലുള്ള മോറിയല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് മിസ് യൂണിവേഴ്സ് മത്സരത്തിന്റെ 71ാം പതിപ്പ് അരങ്ങേറിയത്.

മിസ് യൂണിവേഴ്സ് 2021 ഇന്ത്യയുടെ ഹര്‍നാസ് സന്ധു ആര്‍ബോണിയ്ക്ക് കിരീടം അണിയിച്ചു. വെനസ്വേലയുടെ അമാന്‍ഡ ഡുഡാമെല്‍ രണ്ടും ഡൊമിനികന്‍ റിപ്പബ്ലിക്കിന്റെ ആന്‍ഡ്രീന മാര്‍ട്ടിനെസ് മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഇന്ത്യയുടെ ദിവിതാ റായ് ടോപ് 16ല്‍ ഇടംനേടിയെങ്കിലും ടോപ് 5ലെത്താനായില്ല.

മിസ് യൂണിവേഴ്സ് കിരീടം ചൂടുന്ന ഏറ്റവും പ്രായം കൂടിയ സുന്ദരിമാരില്‍ ഒരാളാണ് 29കാരിയായ ആര്‍ബോണി. കഴിഞ്ഞ വര്‍ഷം മിസ് യു.എസ്.എ പട്ടം നേടിയ ആര്‍ബോണി ഈ നേട്ടം കൈവരിച്ച ആദ്യ ഫിലിപ്പീനോ അമേരിക്കന്‍ വംശജയാണ്. ഹൂസ്റ്റണ്‍ സ്വദേശിനിയായ ആര്‍ബോണി മോഡലും ഫാഷന്‍ ഡിസൈനറുമാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 84 സുന്ദരിമാരാണ് മത്സരത്തില്‍ മാറ്റുരച്ചത്. പത്ത് വര്‍ഷത്തിന് ശേഷമാണ് മിസ് യൂണിവേഴ്സ് കിരീടം അമേരിക്കയിലേക്കെത്തുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന ഒമ്ബതാമത്തെ അമേരിക്കന്‍ സുന്ദരിയാണ് ആര്‍ബോണി.

വിവാഹിതരെയും അമ്മമാരെയും ഇത്തവണ മത്സരിക്കാന്‍ അനുവദിച്ച്‌ കൊണ്ടുള്ള മാറ്റം മിസ് യൂണിവേഴ്സ് നടപ്പാക്കിയിരുന്നു. മിസ് യൂണിവേഴ്സില്‍ ഇനി കാണാന്‍ ആഗ്രഹിക്കുന്ന മാറ്റം ഏതെന്നായിരുന്നു ടോപ്പ് 5ല്‍ ആര്‍ബോണി നേരിട്ട ചോദ്യം.

മത്സരാര്‍ത്ഥികളുടെ പ്രായപരിധി ഉയര്‍ത്തണമെന്ന അഭിപ്രായം ആര്‍ബോണി മുന്നോട്ട് വച്ചു. പ്രായം നമ്മെ നിര്‍വചിക്കുന്നില്ല എന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ആര്‍ബോണി വിധികര്‍ത്താക്കളുടെ ചോദ്യത്തോട് പതറാതെ മറുപടി നല്‍കി.

തായ്‌ലന്‍ഡ് ആസ്ഥാനമായുള്ള മീഡിയ ഡിസ്ട്രിബ്യൂഷന്‍ കമ്ബനി ജെ.കെ.എന്‍ ഗ്ലോബല്‍ ഗ്രൂപ്പ് സംഘാടകത്വം വഹിച്ച ആദ്യ മിസ് യൂണിവേഴ്സ് മത്സരമായിരുന്നു ഇത്തവണത്തേത്. കഴിഞ്ഞ ഒക്ടോബറില്‍ കമ്ബനിയുടെ സി..ഒയായ തായ് ട്രാന്‍സ്ജെന്റര്‍ അവകാശ പ്രവര്‍ത്തക ആന്‍ ജാക്കഫോംഗ് ജാക്രജുതാടിപ് മിസ് യൂണിവേഴ്സ് ഓര്‍ഗനൈസേഷന്‍ 20 മില്യണ്‍ ഡോളറിന് ഏറ്റെടുത്തിരുന്നു.

Related Articles

Back to top button