Uncategorized

കുടിവെള്ള വിതരണം സ്വകാര്യ കമ്പനികളിലേക്ക്

“Manju”

തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലെ കുടിവെള്ളവിതരണ നവീകരണപദ്ധതി താത്പര്യമില്ലെങ്കില്‍ മടക്കിനല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍. ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ വായ്പയുപയോഗിച്ച് സ്വകാര്യ കമ്പനികളിലൂടെയാണ് പദ്ധതി നടപ്പാക്കേണ്ടത്.

2017-ല്‍ ധാരണയായെങ്കിലും ഇതുവരെ പ്രാഥമികനടപടികളിലേക്കുപോലും കടന്നിട്ടില്ല. ആദ്യഘട്ടത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ മാര്‍ച്ചിനുമുമ്പ് പൂര്‍ത്തിയാക്കണം. പദ്ധതിയുടെ 30 ശതമാനമെങ്കിലുമായില്ലെങ്കില്‍ എ.ഡി.ബി. വായ്പ നഷ്ടപ്പെടും. കേരളത്തോടൊപ്പം തുടങ്ങിയ കോയമ്പത്തൂര്‍ അടക്കമുള്ള പല ദക്ഷിണേന്ത്യന്‍ നഗരങ്ങളിലും പദ്ധതി പൂര്‍ത്തിയായി. മഹാരാഷ്ട്ര ഉള്‍പ്പെടെ കൂടുതല്‍ നഗരങ്ങള്‍ പദ്ധതി ആവശ്യപ്പെട്ടിട്ടുമുണ്ട്. തുടര്‍ന്നാണ് താത്പര്യമില്ലെങ്കില്‍ പദ്ധതിമടക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചത്..

ഇതിനെത്തുടര്‍ന്ന് നടപടികള്‍ വേഗത്തിലാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ജലഅതോറിറ്റിയോട് നിര്‍ദേശിച്ചു. 2018-ല്‍ പദ്ധതിക്ക് കേന്ദ്രാനുമതിയും 2020ല്‍ സംസ്ഥാനസര്‍ക്കാരിന്റെ ഭരണാനുമതിയും ലഭിച്ചിരുന്നു. ഒരുവര്‍ഷംമുമ്പ് കണ്‍സല്‍ട്ടന്‍സികള്‍ക്കായി കരാറും വിളിച്ചു. ഇതില്‍ പങ്കെടുത്ത എട്ടുകമ്പനികളെ പട്ടികയില്‍ ഉള്‍പ്പെടുത്തി പദ്ധതിരേഖ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. മാത്രമല്ല, കൊച്ചിയില്‍ കമ്പനികളില്‍നിന്ന് പദ്ധതിനടത്തിപ്പിനുള്ള കരാര്‍ ക്ഷണിക്കാനും തീരുമാനിച്ചു.

രണ്ടുനഗരങ്ങളിലെയും കുടിവെള്ളവിതരണത്തിന്റെ പൂര്‍ണ ചുമതല കരാര്‍പ്രകാരം സ്വകാര്യകമ്പനിക്ക് ലഭിക്കും. ഇതിനൊപ്പം വെള്ളക്കരം പിരിക്കലും നിരക്കുവര്‍ധന അടക്കമുള്ളവയുടെ അധികാരവും കമ്പനിക്ക് ലഭിച്ചേക്കാം. ഇത്തരം ശുപാര്‍ശകള്‍ എ.ഡി.ബി.യുമായുള്ള കരാറിലുണ്ട്. എന്നാല്‍, കമ്പനികളുമായി ചര്‍ച്ചനടത്തിയാണ് തീരുമാനമെടുക്കുന്നതെന്നും ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നുമാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. ജോലിസംബന്ധിച്ച ജീവനക്കാരുടെ ആശങ്കകളുടെ പശ്ചാത്തലത്തില്‍ യൂണിയന്‍നേതാക്കളെ ജലഅതോറിറ്റി എം.ഡി. ബുധനാഴ്ച ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്..

Related Articles

Back to top button