Uncategorized

കറന്‍സി നോട്ടിലെ ബ്രിട്ടീഷ് ഭരണാധികാരിയുടെ ചിത്രം നീക്കും

“Manju”

നോട്ടുകളില്‍ ബ്രിട്ടീഷ് ഭരണാധികാരിയുടെ ചിത്രം മുദ്രണം ചെയ്യുന്ന പതിവ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നിര്‍ത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. വെറുമൊരു ചിത്രം എന്നതിനപ്പുറം ബ്രിട്ടനോടുള്ള വിധേയത്വത്തിന്റെ ഒരു പ്രകടനം കൂടെയാണ് ഇതോടെ ഇല്ലാതെയാകുന്നത്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഭരണത്തിലായിരുന്ന ഓസ്ട്രേലിയ സ്വന്തന്ത്ര രാജ്യം ആയപ്പോഴും ബ്രിട്ടീഷ് രാജാവ് അല്ലെങ്കില്‍ രാജ്ഞി തന്നെ രാഷ്ട്രത്തിന്റെ തലപ്പത്ത് തുടരുവാന്‍ തീരുമാനിച്ചിരുന്നു.

ഇന്ത്യയും പാകിസ്താനും പോലെയുള്ള രാജ്യങ്ങള്‍ ബ്രിട്ടനില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ശേഷം റിപ്പബ്ലിക്കുകള്‍ ആകാന്‍ തീരുമാനിച്ചപ്പോള്‍ ക്യാനഡ, ന്യൂസിലണ്ട്, ജമൈക്ക തുടങ്ങി മറ്റു ചില രാജ്യങ്ങള്‍ തങ്ങളുടെ ഭരണഘടനപ്രകാരം ബ്രിട്ടീഷ് ക്രൗണ്‍ (രാജാവ് അല്ലെങ്കില്‍ രാജ്ഞി) തന്നെ രാഷ്ട്രത്തിന്റെ തലപ്പത്ത് തുടരുന്നതാണ് താല്പര്യപ്പെട്ടത്. അതുകൊണ്ട് തന്നെ ഈ രാജ്യങ്ങളിലെ പല വ്യവസ്ഥകളിലും ഇപ്പോഴും ബ്രിട്ടീഷ് സാന്നിധ്യം അനിവാര്യമാണ്, കറന്‍സി നോട്ടുകളില്‍ അടക്കം.

ഈ പതിവിനാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അന്ത്യം കുറിക്കുന്നത്. ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയുടെ മരണശേഷം രാജാവായി സ്ഥാനമേറ്റ മകന്‍ ചാള്‍സിന്റെ ചിത്രം കറന്‍സി നോട്ടില്‍ സ്ഥാനം പിടിക്കുമെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാല്‍, ഇതിന് വിരുദ്ധമായി ഓസ്ട്രേലിയയിലെ ആദിമനിവാസികളെ ആദരിക്കുന്നതിന് അവരുടെ ഒരു തനത് ചിത്രപ്പണി അഞ്ചു പൗണ്ട് നോട്ടില്‍ ചേര്‍ക്കാനാണ് അവിടുത്തെ കേന്ദ്ര ബാങ്ക് തീരുമാനിച്ചിരിക്കുന്നത്.

നിലവില്‍ ഓസ്‌ട്രേലിയയിലെ അഞ്ചു പൗണ്ടിന്റെ നോട്ടില്‍ മാത്രമാണ് ബ്രിട്ടീഷ് രാജ്ഞിയുടെ ചിത്രമുള്ളത്. മറ്റു നോട്ടുകളില്‍ ഓസ്‌ട്രേലിയയുടെ ഭൂതകാലത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുള്ള സാമൂഹികസാംസ്കാരികരംഗത്തെ പ്രമുഖര്‍, ഡോക്ടര്‍മാര്‍, ബിസിനസുകാര്‍ എന്നിങ്ങനെയുള്ളവരുടെ ചിത്രങ്ങളാണ് നല്‍കിയിട്ടുള്ളത്. ഒപ്പം ഓസ്‌ട്രേലിയയുടെ തനതു ചെടികള്‍, പക്ഷികള്‍, മൃഗങ്ങള്‍, സാംസ്കാരികചിഹ്നങ്ങള്‍ എന്നിവയും ഉണ്ട്.

ഇങ്ങനെയാണെങ്കിലും നാണയങ്ങള്‍ പുറത്തിറങ്ങുന്നത് എലിസബത്ത് രാജ്ഞിയുടെ ഛായാചിത്രത്തിനു പകരം ചാള്‍സിന്റെ ചിത്രവുമായി ആയിരിക്കും എന്നാണു അറിയാന്‍ സാധിക്കുന്നത്. ചരിത്രപരമായ ഈ തീരുമാനത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധി ശബ്ദങ്ങളാണ് രാജ്യത്ത് ഉടനീളം കേള്‍ക്കുന്നത്. പഴയ പതിവ് തുടരണം എന്ന് രാഷ്ട്രീയ, ഭരണ രംഗത്ത് മുറവിളികള്‍ ഉയരുന്നുണ്ടെങ്കിലും രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഓസ്ട്രേലിയ രാജാധികാരത്തിന്റെ നുകം വിട്ട് ഒരു സ്വതന്ത്ര റിപ്പബ്ലിക്ക് ആകണം എന്ന ആഗ്രഹമാണ് പ്രകടിപ്പിച്ചത്.

 

Related Articles

Back to top button