Uncategorized

സൂര്യന്റെ ഭാഗം അടര്‍ന്നുമാറിയതല്ല ! നടന്നത് അപൂര്‍വ പ്രതിഭാസം

“Manju”

ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസങ്ങളില്‍ സൂര്യന്റെ ഉപരിതലത്തില്‍ നിന്ന് ഒരു ഭാഗം അടര്‍ന്നുമാറിയെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്ന് ശാസ്ത്രജ്ഞര്‍.

സൂര്യന്റെ വടക്കന്‍ ഉപരിതലത്തിന് ചുറ്റും പുറത്തേക്ക് വ്യാപിച്ച്‌ കിടക്കുന്ന പ്ലാസ്മയില്‍ നിന്ന് (സോളാര്‍ ഫിലമെന്റ് ) ഒരു ഭാഗം അകന്നുമാറി ഉത്തര ധ്രുവത്തിന് ചുറ്റും ഭീമന്‍ ചുഴി പോലെ കറങ്ങിയെന്നാണ് നാസ പറയുന്നത്. ഇത് സൂര്യന്റെ ഒരു ഭാഗം അടര്‍ന്നു മാറിയെന്ന രീതിയില്‍ പ്രചരിച്ചിരുന്നു. സോളാര്‍ ഡൈനാമിക്സ് ഒബ്സര്‍വേറ്ററി ഈ പ്രതിഭാസത്തിന്റെ ദൃശ്യം പകര്‍ത്തി.

ഫിലമെന്റില്‍ നിന്ന് ഇത്തരത്തില്‍ അകന്നുമാറാറുണ്ടെങ്കിലും ചുഴി പോലെ കറങ്ങുന്നത് വളരെ അപൂര്‍വമാണ്. സാധാരണ അകന്നുമാറുന്ന ഫിലമെന്റുകള്‍ ബഹിരാകാശത്തേക്ക് പ്രവഹിക്കുകയാണ് പതിവ്. ഇപ്പോള്‍ കണ്ടെത്തിയ ചുഴിക്ക് സൂര്യന്റെ കാന്തിക മണ്ഡലവുമായി ബന്ധമുണ്ടെന്ന് കരുതുന്നു. ചുഴി എന്തുകൊണ്ട് രൂപപ്പെട്ടെന്നോ ഭൂമിയിലെ ജീവജാലങ്ങളെ ഇത് ബാധിക്കുമോയെന്നും വ്യക്തമല്ല.

സൂര്യന്റെ ഉപരിതലത്തിന് ചുറ്റുമുള്ള ഊര്‍ജ്ജ കണങ്ങള്‍ അടങ്ങിയ മേഘങ്ങളാണ് സോളാര്‍ ഫിലമെന്റുകള്‍. സൂര്യനും ഫിലമെന്റും കാന്തികമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കാഴ്ചയില്‍ സൗരോപരിതലത്തില്‍ നിന്ന് പ്രവഹിക്കുന്ന നാരുകള്‍ പോലെ തോന്നാം.

അതേ സമയം, സൂര്യനില്‍ അടിക്കടിയുണ്ടാകുന്ന സൗരജ്വാലകള്‍, കൊറോണല്‍ മാസ് ഇജക്ഷനുകള്‍, സൗരകൊടുങ്കാറ്റ് എന്നിവ പരിധി കടന്നാല്‍ ഭൂമിയില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നാണ് ആശങ്ക. സൂര്യന്റെ അന്തരീക്ഷത്തിലെ ശക്തമായ പൊട്ടിത്തെറികളും അതിനെതുടര്‍ന്നുണ്ടാകുന്ന ഭീമന്‍ ഊര്‍ജ പ്രവാഹത്തെയുമാണ് സൗരജ്വാല എന്ന് പറയുന്നത്.

സൂര്യന്‍ നിന്ന് ഭൂമിയുടെ ദിശയിലേക്ക് വര്‍ഷിക്കപ്പെടുന്ന കാന്തിക കണങ്ങളാണ് സൗരക്കാറ്റ്. ശക്തിയേറിയ സൗരക്കൊടുങ്കാറ്റുകളെ കൊറോണല്‍ മാസ് ഇജക്ഷന്‍സ് എന്നാണ് പറയുന്നത്. ഇവ വളരെ അപൂര്‍വമാണ്. ഇത്തരം പ്രതിഭാസങ്ങളില്‍ നിന്ന് ഭൂമിയുടെ കാന്തിക കവചം സംരക്ഷണം തീര്‍ക്കുന്നു. നിലവില്‍ ഇവ കാര്യമായ ഭീഷണി സൃഷ്ടിച്ചിട്ടില്ലെങ്കിലും ഭാവിയില്‍ ഉപഗ്രഹ, ആശയവിനിമയ സംവിധാനങ്ങളെ ഗുരുതമായി ബാധിച്ചേക്കാം. ഇതിനാല്‍ സൂര്യനിലെ ചെറിയ മാറ്റങ്ങള്‍ പോലും ശാസ്ത്ര ലോകം സൂഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

സൗരക്കൊടുങ്കാറ്റുകളെ സൂക്ഷിക്കണം : സൂര്യനില്‍ നിന്നുള്ള സൗരക്കൊടുങ്കാറ്റുകള്‍ ഭൂമിയിലെത്തുന്നത് ആധുനിക ജനജീവിതത്തെ സ്തംഭിപ്പിച്ചേക്കാമെന്ന മുന്നറിയിപ്പ് ഗവേഷകര്‍ മുമ്ബ് നല്‍കിയിട്ടുണ്ട്.

ഇവയ്ക്ക് ഭൂമിയിലെ ഇന്റര്‍നെറ്റ് ശൃംഖലയെ താറുമാറാക്കാന്‍ കഴിഞ്ഞേക്കാം. ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗത്തെയും കൂട്ടിയിണക്കിയിരിക്കുന്നത് ഇന്റര്‍നെറ്റും മറ്റ് സാങ്കേതികവിദ്യകളുമാണ്. മിനിറ്റുകള്‍ കൊണ്ടാണ് ഇവയിലൂടെ രാജ്യാതിര്‍ത്തികളും കടന്ന് വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നത്. ഇന്റര്‍നെറ്റ് ബന്ധത്തിലുണ്ടാകുന്ന തകരാര്‍ അതിനാല്‍ ജനജീവിതത്തെ ബാധിക്കുമെന്നതില്‍ സംശയമില്ല.

1859ലും മറ്റൊന്ന് 1921ലും താരതമ്യേന തീവ്രത കൂടിയ സൗരക്കൊടുങ്കാറ്റുകള്‍ രേഖപ്പെടുത്തിയിരുന്നു. 1859ലെ സംഭവം കാരിംഗ്ടണ്‍ ഈവന്റ് എന്നറിയപ്പെടുന്നു. അന്ന് ഭൂമിയില്‍ വലിയ തോതില്‍ ഭൗമകാന്തിക പ്രശ്നങ്ങളാണുണ്ടായത്. ടെലിഗ്രാഫ് വയറുകള്‍ കത്തുകയും ധ്രുവപ്രദേശങ്ങളില്‍ മാത്രം ദൃശ്യമായിരുന്ന അറോറ ഭൂമദ്ധ്യ രേഖയ്ക്ക് സമീപമുള്ള കൊളംബിയയില്‍ ദൃശ്യമാവുകയും ചെയ്തു.

അതേ സമയം, ചെറിയ സൗരക്കാറ്റുകള്‍ക്കും ചില അവസരങ്ങളില്‍ ഭൂമിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനാകും. 1989ല്‍ കനേഡിയിന്‍ പ്രവിശ്യയായ ക്യൂബെക്കില്‍ 9 മണിക്കൂളോളം വൈദ്യുതബന്ധം താറുമാറായത് ഇതിന് ഉദാഹരണമാണ്. എന്നാല്‍, ഇന്ന് ശക്തമായ ഒരു സൗരക്കാറ്റ് നേരിട്ട് ബാധിക്കുക ഇന്റര്‍നെറ്റ് ശൃംഖലയെ ആയിരിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. യു.എസില്‍ ഒരു ദിവസം മാത്രം ഇന്റര്‍നെറ്റ് മൊത്തത്തില്‍ വിച്ഛേദിക്കപ്പെട്ടാല്‍ കുറഞ്ഞത് ഏകദേശം 700 കോടി ഡോളറിന്റെ സാമ്ബത്തിക നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

Related Articles

Back to top button