Uncategorized

200 വര്‍ഷം പഴക്കമുള്ള മാരിയമ്മന്‍ ക്ഷേത്രം പുനര്‍നിര്‍മ്മിക്കാന്‍ 21 കോടി ചിലവിട്ട് സിംഗപ്പൂര്‍

“Manju”

200 വര്‍ഷം മുന്‍പ് നിര്‍മ്മിച്ച മാരിയമ്മന്‍ ക്ഷേത്രം പുനര്‍നിര്‍മ്മിക്കാന്‍ കോടികള്‍ ചിലവിട്ട് സിംഗപ്പൂര്‍ സര്‍ക്കാര്‍ .സിംഗപ്പൂര്‍ ഉപപ്രധാനമന്ത്രി ലോറന്‍സ് വോങാണ് രാജ്യത്തെ ഏറ്റവും പഴക്കമുള്ള ഹിന്ദു ക്ഷേത്രം ഭക്തര്‍ക്കായി വീണ്ടും തുറന്നു നല്‍കിയത് .

20,000-ത്തിലധികം ഭക്തരാണ് മഹാകുംഭാഭിഷേക സമയത്ത് ക്ഷേത്രത്തിലെത്തിയത് . പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സിംഗപ്പൂര്‍ സര്‍ക്കാര്‍ 2.6 മില്യണ്‍ ഡോളറാണ് ചെലവഴിച്ചത് . ശ്രീകോവിലുകളിലും താഴികക്കുടങ്ങളിലും കൊത്തുപണികള്‍ക്കായി ഇന്ത്യയില്‍ നിന്നുള്ള 12 വിദഗ്ധ ശില്‍പികളും കരകൗശല വിദഗ്ധരും സിംഗപ്പൂരില്‍ എത്തിയിരുന്നു .

തമിഴ്‌നാട്ടിലെ ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റുകളുടെ പുനരുദ്ധാരണ ഉപദേഷ്ടാവ് കൂടിയായ മുഖ്യ ശില്‍പി ഡോ.കെ.ദക്ഷിണാമൂര്‍ത്തിയുടെ നേതൃത്വത്തിലാണ് പുനരുദ്ധാരണം നടന്നത്.

ഇത് മള്‍ട്ടി കള്‍ച്ചറല്‍ സിംഗപ്പൂരിന്റെ ഭാഗമാണ്, ഇവിടെ മുഴുവന്‍ സമൂഹവും പരസ്പരം സാംസ്കാരികവും മതപരവുമായ നാഴികക്കല്ലുകള്‍ ആഘോഷിക്കാന്‍ ഒത്തുചേരുന്നു, ഇന്ന് ശ്രീ മാരിയമ്മന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകള്‍ ആഘോഷിക്കാന്‍ ഇവിടെയെത്തിയ 20,000 ത്തോളം ആളുകളെ രാവിലെ പെയ്ത മഴ പോലും തളര്‍ത്തിയില്ല! .” ഡെപ്യൂട്ടി പ്രധാനമന്ത്രി വോംഗ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ശ്രീ മാരിയമ്മന്‍ ക്ഷേത്രം 1827 ല്‍ നരൈന പിള്ള സ്ഥാപിച്ചതാണ്. ദ്രാവിഡ ശൈലിയിലാണ് ഇത് നിര്‍മ്മിച്ചത്. 1819 മെയ് മാസത്തില്‍ സര്‍ സ്റ്റാംഫോര്‍ഡ് റാഫിള്‍സിനൊപ്പം സിംഗപ്പൂരില്‍ എത്തിയ ഒരു സര്‍ക്കാര്‍ ഗുമസ്തനായിരുന്നു നരൈന പിള്ള. 1831-ല്‍ സ്വകാര്യ ഭൂമി ദാനം ചെയ്തപ്പോള്‍ ക്ഷേത്രാങ്കണം വിപുലീകരിച്ചു.

നിലവിലുള്ള ക്ഷേത്രനിര്‍മ്മാണത്തിന്റെ ഏറ്റവും പഴയ ഭാഗങ്ങള്‍ 1843 ലുള്ളതാണ്. ക്ഷേത്രപരിസരത്തെ വിപുലമായ ശില്‍പങ്ങളും അലങ്കാരങ്ങളും നിര്‍മ്മിച്ചത് തമിഴ്‌നാട്ടിലെ നാഗപട്ടണം, കടലൂര്‍ ജില്ലകളിലെ വിദഗ്ധരായ കരകൗശല വിദഗ്ധരാണ് . 1862-1863 കാലഘട്ടത്തില്‍ നിര്‍മ്മിച്ചതാണ് ഇന്നത്തെ ക്ഷേത്രനിര്‍മ്മാണത്തിന്റെ ഒരു പ്രധാന ഭാഗം .

ഈ ക്ഷേത്രം ഇപ്പോള്‍ ദേശീയ സ്മാരകമായി ഗസറ്റ് ചെയ്യപ്പെട്ടു. കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ്, യൂത്ത്, സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന് കീഴിലുള്ള ഹിന്ദു എന്‍ഡോവ്‌മെന്റ് ബോര്‍ഡാണ് ക്ഷേത്രം നിയന്ത്രിക്കുന്നത്.

 

 

Related Articles

Back to top button